കോളേജുകൾക്കും വിദ്യാലയങ്ങൾക്കും സമീപത്തായി പ്രവർത്തിക്കുന്ന ചില മെഡിക്കൽ ഷോപ്പുകളിൽ ലഹരി മരുന്നു വില്പന നടക്കുന്നതായ സൂചനയെ തുടര്‍ന്ന് പൊലീസ്, എക്ലൈസ് നിരീക്ഷണം ശക്തമാക്കി. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടു മയക്കുമരുന്ന് വില്പന നടത്തുന്ന ഇത്തരം 100‑ലേറെ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തതായാണ് വിവരം.
മാരകരോഗം ബാധിച്ചവർക്കു വേദന സംഹാരിയായി നൽകുന്നതും ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ വില്പന വിലക്കിയിട്ടുള്ളതുമായ ചില മയക്കുമരുന്നുകൾ മരുന്നുകടകളിലൂടെ വ്യാപകമായി വിതരണം ചെയ്യുന്നതായാണ് ആക്ഷേപം. മെഡിക്കൽ വിദ്യാർത്ഥികളും ഐടി പ്രൊഫഷണലുകളും തുടങ്ങി സ്കൂൾ വിദ്യാർത്ഥികൾ വരെ മുമ്പത്തേക്കാൾ കൂടുതലായി ലഹരി ഉപയോഗത്തിലേക്കു കടന്നിട്ടുണ്ട്. പലരും വിതരണക്കാരുമാണ്. മയക്കുമരുന്ന് ഉപയോഗത്തിലും വില്പനയിലും സ്ത്രീ സാന്നിദ്ധ്യവും കൂടുതലാണ്.
2021 ജനുവരി മുതൽ ഡിസംബർ വരെ മാത്രം മയക്കുമരുന്നുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 19,845 കേസുകളാണ്. എൻഡിപിഎസ് നിയമപ്രകാരം 3896 കേസുകളും ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്തു. 16,042.31 ഗ്രാം ഹാഷിഷ് ഓയില്‍, 18,187 ഗ്രാം ഹെറോയിൻ, 6,129 ഗ്രാം എംഡിഎംഎ — യും പിടിച്ചെടുത്തു. ബ്രൗൺ ഷുഗർ, എൽഎസ്ഡി സ്റ്റാമ്പ്, ലഹരി ഗുളികകൾ എന്നിവയുടെ കണക്കുകൾ വേറെ. ഇവയ്ക്കു പുറമെ പിടികൂടിയ കഞ്ചാവ് അഞ്ചര ടണ്ണിലേറെ. പിടിയിലായതിന്റെ മാത്രം കണക്ക് ഇത്ര വലുതാകുമ്പോൾ പിടിക്കപ്പെടാതെ പോകുന്നവയുടെ കണക്ക് എത്രത്തോളം വലുതായിരിക്കുമെന്ന് അധികൃതർക്കു പോലും ഊഹിക്കാനാകുന്നില്ല.
അതിഥിത്തൊഴിലാളികളുടെ വരവോടെയാണ് കഞ്ചാവ് ഉപയോഗം എല്ലാ അതിരുകളും ലംഘിച്ചതെന്നാണ് എക്സൈസിന്റെ വിലയിരുത്തൽ. നിരോധിത പുകയില ഉല്പന്നങ്ങളും വലിയ തോതിൽ കേരളത്തിലേക്കെത്തുന്നുണ്ട്. പഴയ രീതികളിൽ നിന്നൊക്കെ വ്യത്യസ്തമായി ആശയവിനിമയത്തിന് ആധുനിക മാർഗ്ഗങ്ങളാണ് ലഹരിമാഫിയ സ്വീകരിച്ചിട്ടുള്ളത്. ചില പ്രത്യേക ഇടങ്ങളിൽ മയക്കുമരുന്ന് വച്ച് ലൊക്കേഷൻ കോഡ് ഭാഷയിലൂടെ ആവശ്യക്കാരനെ അറിയിക്കുന്നതാണ് അതിലൊന്ന്. ഇതിനായി മൊബൈൽ ഫോണിൽ ചില പ്രത്യേക ആപ്പുകളും സംഘം രൂപപ്പെടുത്തിയിട്ടുണ്ട്. ഇടപാടുകാരൻ പണം ഗൂഗിൾ പേ വഴി മുൻകൂറായി കൈമാറുകയും ചെയ്യും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളാണ് ലഹരി വില്പനയുടെ കേന്ദ്രങ്ങള്‍.
English Summary:Sale of intoxicants; Medical stores under surveillance
You may also like this video