Site iconSite icon Janayugom Online

സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരം

ആക്രമണത്തില്‍ പരിക്കേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം റുഷ്ദി വെന്റിലേറ്ററില്‍ തുടരുകയാണ്. സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല എന്നും കൈഞരമ്പുകള്‍ അറ്റു പോയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു. മുഖത്തും കഴുത്തിനും വയറിലുമായി പത്തിലേറെ കുത്താണ് ഏറ്റത്. കരളിനും സാരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നായിരുന്നു റുഷ്ദിയുടെ വക്താവിന്റെ പ്രതികരണം. റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ അറിയിച്ചു.

ന്യൂയോര്‍ക്കിലെ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്. വേദിയിലിരുന്ന റുഷ്ദിക്ക് നേരെ പാഞ്ഞെത്തിയ അക്രമി അദ്ദേഹത്തെ ഇടിക്കുകയും കത്തി കൊണ്ട് ശക്തമായി കുത്തുകയുമായിരുന്നു. ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന ഹാദി മറ്റാര്‍ എന്ന 24കാരനാണ് റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബാഗ് വേദിക്കരികില്‍ നിന്നും കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷനിലെ പരിപാടിക്ക് പാസുമായാണ് പ്രതി എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണ കാരണമോ എന്ത് തരം ആയുധമാണ് ഉപയോഗിച്ചതെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും സംഘടനകള്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Salman Rushdie’s con­di­tion is critical
You may also like

Exit mobile version