ഇന്ത്യക്കാരുടെ ഉപ്പിന്റെ ഉപയോഗം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിര്‍ദേശിച്ചിരിക്കുന്നതിനെക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി(ഐസിഎംആര്‍) ന്റെ പഠനങ്ങളിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്.
ദിവസേന അഞ്ച് ഗ്രാം ഉപ്പാണ് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിക്കുന്നതെങ്കില്‍ ഇന്ത്യക്കാര്‍ കഴിക്കുന്നത് എട്ട് ഗ്രാമാണ്. പുരുഷന്മാര്‍ പ്രതിദിനം 8.9 ഗ്രാമും സ്ത്രീകള്‍ 7.1 ഗ്രാമും ഉപ്പ് കഴിക്കുന്നതായാണ് കണക്കുകള്‍. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് പുരുഷന്മാരിലും ഗ്രാമീണ മേഖലയിലുള്ളവരിലും അമിതഭാരവും വണ്ണവുമുള്ളവരിലാണ് ഉപ്പിന്റെ ഉപയോഗം കൂടുതല്‍. നാഷണല്‍ എൻസിഡി മോണിറ്ററിങ് സര്‍വേയുടെ സാമ്പിളുകളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഉപ്പിന്റെ അമിത ഉപയോഗം മൂലമുള്ള പ്രശ്നങ്ങള്‍ മനസിലാക്കാനോ ഉപയോഗം കുറയ്ക്കാനോ ഉള്ള അവബോധം ഇന്ത്യക്കാര്‍ക്കിടയില്‍ കുറവാണെന്നും പഠനം വെളിപ്പെടുത്തുന്നു.
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുന്നതിനായി പ്രോസസ് ചെയ്ത ആഹാരവും വീടിന് പുറത്തുനിന്നുള്ള ഭക്ഷണവും കുറയ്ക്കണമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ പ്രശാന്ത് മാത്തുര്‍ പറയുന്നു. ജോലിക്കു പോകുന്ന ആളുകള്‍ (8.6 ഗ്രാം), പുകയില ഉപയോഗിക്കുന്നവര്‍ (8.3 ഗ്രാം), ഉയര്‍ന്ന രക്ത സമ്മര്‍ദമുള്ളവര്‍ (8.5 ഗ്രാം) എന്നിവരിലാണ് ഉപ്പിന്റെ ഉപയോഗം കൂടുതല്‍.
ഉയര്‍ന്ന രക്ത സമ്മര്‍ദം കുറയ്ക്കാനുള്ള മികച്ചതും ചെലവുകുറഞ്ഞതുമായ രീതി ഉപയോഗം കുറയ്ക്കലാണെന്നും 2025ഓടെ ഉപ്പിന്റെ ഉപയോഗം 30 ശതമാനം കുറയ്ക്കണമെന്നും പഠനം ശുപാര്‍ശ ചെയ്യുന്നു. രാജ്യത്തെ ആകെ മരണനിരക്കിന്റെ 28.1 ശതമാനം ഹൃദയാഘാതം മൂലമാണെന്നാണ് കണക്കുകള്‍. രക്താതിസമ്മര്‍ദമാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നതെന്നും 1990ല്‍ 7.8 ലക്ഷം ആളുകള്‍ രക്താതിസമ്മര്‍ദത്തില്‍ മരിച്ചപ്പോള്‍ 2016ല്‍ ഇത് 16.3 ലക്ഷമായി ഉയര്‍ന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
English Summary: Salt consumption is more among Indians
You may also like this video