Site iconSite icon Janayugom Online

കിരീടത്തിലെ കലിപ്പന്‍ ഇന്ന് കുട്ടികളുടെ സാലു മാഷ്’

salusalu

‘സേതുമാധവന്‍ കൊന്നില്ലായിരുന്നെങ്കില്‍ കീരിക്കാടനെ ഇങ്ങേര് തീര്‍ത്തേനെ..’ എന്ന അടിക്കുറിപ്പോടെ പ്രചരിച്ച മോഹന്‍ലാലിനോടൊപ്പം കലിപ്പന്‍ ലുക്കില്‍ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്ന ചിത്രത്തിന് പിന്നാലെയായിരുന്നു കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയ. സ്വാഭാവികമായും മോഹന്‍ലാല്‍ ഫാന്‍സ് ഉള്ളിടത്തെല്ലാം ചിത്രമെത്തിയതോടെയാണ് ഗള്‍ഫില്‍ നിന്നുമൊരു വിളി ബാലരാമപുരം മംഗലത്തുകോണത്തെ സെന്റ് അലോഷ്യസ് സ്‌കൂളിലെ ഹെഡ്‌മാസ്റ്ററായ സാലു ജസ്റ്റസിനെ തേടിയെത്തിയത്. കട്ടക്കലിപ്പോടെ മോഹന്‍ലാലിനോടൊപ്പം നില്‍ക്കുന്ന ചെറുപ്പക്കാരന്‍ ആര്യനാട് സ്വദേശിയായ സുഹൃത്തിന് സാലു ജസ്റ്റസാണെന്ന് തിരിച്ചറിയാന്‍ അധികമാലോചിക്കേണ്ടി വന്നില്ല. പിന്നാലെ നിരവധി വിളികളെത്തിയതോടെയാണ് സാലുമാഷ് 39 വര്‍ഷം മുമ്പെടുത്ത ആ ചിത്രം തന്നെ വൈറലാക്കിയെന്ന കാര്യം മനസിലാക്കിയത്.

ടിടിസിക്ക് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് മോഹന്‍ലാലിന്റെ ആരാധാകനായ സാലു കിരീടം സിനിമയുടെ ഷൂട്ടിങ് നടക്കുന്നെന്നറിഞ്ഞ് കാണാന്‍ പോയത്. ക്ലൈമാക്‌സ് രംഗത്തിലെ കീരിക്കാടനുമായുള്ള സംഘട്ടനത്തിന്റെ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിനെ അടുത്തു കാണാനായി ഇടിച്ചുകയറി നിന്നതോടെ മോഹന്‍ലാലിനോടൊപ്പം ഒരേ ഫ്രെയിമിലെത്തുകയായിരുന്നു. സംഘടനരംഗം കണ്ട് ലയിച്ചതോടെ കീരിക്കാടനോടുള്ള കലിപ്പ് സാലുവിന്റെ മുഖത്തും പ്രതിഫലിച്ചു. കിരീടം വന്‍ ഹിറ്റായിരുന്നെങ്കിലും സ്ക്രീനില്‍ പെട്ടെന്ന് മറഞ്ഞു പോയതിനാല്‍ അന്ന് ഈ ലുക്ക് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പക്ഷേ ഓരോ സീനുകളും ഇഴകീറി പരിശോധിക്കുന്ന സോഷ്യല്‍മീഡിയയിലെ ട്രോളന്‍മാര്‍ക്കിടയില്‍ ഈ ചിത്രം എത്തിപ്പെടുകയായിരുന്നു. ആരോ ട്രോളായിട്ട ഫോട്ടോ വൈറലായതോടെ സാലുമാഷും ശ്രദ്ധേയനായി. സ്‌കൂളിലെ കുട്ടികളും സഹപ്രവര്‍ത്തകരുമൊക്കെ സൗമ്യനായ സാലു മാഷിന്റെ ഈ പഴയ കലിപ്പ് ലുക്കിന്റെ ആവേശത്തിലാണ്. അതുപോലെ തന്നെ രക്ഷാകര്‍ത്താക്കള്‍ക്കും ബന്ധുക്കള്‍ക്കും മക്കള്‍ക്കുമൊക്കെ ഇപ്പോള്‍ സാലുമാഷിന് കിട്ടിയ ആ ‘വൈറല്‍’ ലുക്കില്‍ അതിയായ സന്തോഷമുണ്ട്. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് എന്ന സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ് സാലൂ ജസ്റ്റസ്.

ചിത്രം വൈറലായതോടെ സംവിധായകന്‍ സിബി മലയില്‍ വിളിച്ച് ഏറെ നേരം സംസാരിച്ചത് സന്തോഷം പകര്‍ന്നുവെന്ന് സാലുമാഷ് പറയുന്നു. അന്നത്തെ ആവേശം ഒട്ടും ചോരാതെ മോഹന്‍ലാലിനെ ഇപ്പോഴും ആരാധിക്കുന്ന സാലുവിന് മോഹന്‍ലാലിനെ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ട്. കലിപ്പുള്ളതും കലിപ്പില്ലാത്തതുമായ കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തിയാല്‍ സ്വീകരിക്കുമെന്ന് ഇപ്പോള്‍ തിരുമലയില്‍ താമസിക്കുന്ന സാലു മാഷ് പറയുന്നു.

Exit mobile version