Site icon Janayugom Online

ആദിത്യനാഥ് സന്ദര്‍ശിച്ചിടങ്ങളിൽ സമാജ്‍വാദി പാര്‍ട്ടിയുടെ ശുദ്ധികലശം

മുഖ്യമന്ത്രി ആദിത്യനാഥ് സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ ശുദ്ധികലശം നടത്തി സമാജ്‍വാദി പാര്‍ട്ടി(എസ്‍പി) പ്രവര്‍ത്തകര്‍. ആദിത്യനാഥ് സന്ദര്‍ശിച്ച സംഭാല്‍ ജില്ലയിലെ സ്ഥലങ്ങള്‍ എസ്‍പിയുടെ യുവജന സംഘടനയായ യുവജന്‍ സഭാ പ്രവര്‍ത്തകര്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ യുവജന്‍ സഭാ സംസ്ഥാന പ്രസിഡന്റ് ഭവേഷ് യാദവ് ഉള്‍പ്പെടെ പത്ത് പേര്‍ക്കെതിരെ കേസ് എടുത്തു. ഭവേഷ് യാദവിനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ചില പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ആദിത്യനാഥ് സംഭാലില്‍ എത്തിയത്. ഉത്തര്‍പ്രദേശിലെ കേലാദേവി ക്ഷേത്രത്തിലെ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടുത്ത ദിവസമാണ് പാര്‍ട്ടി പ്രവര്‍ത്തകർ ശുദ്ധികലശം നടത്തിയത്. ആദിത്യനാഥ് ക്ഷേത്രം സന്ദർശിക്കാതെ മാലാ കേലാദേവിയെ അപമാനിച്ചതിനാലാണ് ശുദ്ധീകരണ യജ്ഞം നടത്തിയതെന്നാണ് യാദവ് പറഞ്ഞത്.

മുന്‍മുഖ്യമന്ത്രിയും സമാജ്‍പാര്‍ട്ടി പ്രസിഡന്റുമായ അഖിലേഷ് യാദവ് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞതിനു ശേഷം ആദിത്യനാഥിന് വേണ്ടി പുരോഹിതന്‍മാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ശുദ്ധികലശം നടത്തിയിരുന്നു. 2022 ല്‍ അധികാരത്തിലെത്തിയതിന് ശേഷം ഔദ്യോഗിക വസതി ഗംഗാജലം കൊണ്ട് ശുദ്ധീകരിക്കാന്‍ അഗ്നിശമനസേനയെ ഉപയോഗിക്കുമെന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചത്.

അതിനിടെ, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമായി. ഉടൻ തന്നെ ആദ്യ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുമെന്നാണ് റിപ്പോർട്ട്. പൊതുവേ തെരഞ്ഞെടുപ്പ് അടുക്കാറാകുമ്പോൾ പട്ടിക പുറത്തുവിടുന്ന പതിവ് ശൈലിയിൽ നിന്ന് മാറി ഇത്തവണ നേരത്തെ പട്ടിക പുറത്തുവിടാനാണ് കോണ്‍ഗ്രസ് പദ്ധതി.

150 നിയമസഭാ സീറ്റുകളിൽ മത്സരിപ്പിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളെ പാർട്ടി പരിശോധിച്ചുവെന്നും പോളിംഗ് തന്ത്രങ്ങൾക്കും പ്രവർത്തനങ്ങൾക്കുമായി കൺട്രോൾ റൂമുകൾ ഇതിനകം 78 അസംബ്ലി സെഗ്മെന്റുകളിൽ സ്ഥാപിച്ചിട്ടുണ്ടെന്നുമാണ് ഉന്നത വൃത്തങ്ങളിൽ നിന്നുള്ള വിവരം. യുപി കോൺഗ്രസിന്റെ ചുമതല പ്രിയങ്കാ ഗാന്ധി വഹിക്കുന്നതുകൊണ്ടുതന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കോൺഗ്രസിന് നിർണായകമാണ്.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ മത്സരിക്കുന്നത് വിജയിക്കാനാണ്. ഉടൻ തന്നെ ഞങ്ങൾ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കും, അങ്ങനെവരുമ്പോൾ അവർക്ക വോട്ടർമാരെ കാണാൻ സമയം കിട്ടുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. 2017 ലെ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. 403 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ 312 സീറ്റാണ് ബിജെപിക്ക് ലഭിച്ചിരുന്നത്.

എന്നാല്‍ ഇത്തവണ ബിഎസ്‌പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പാർട്ടി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയിൽ നിന്ന് കയ്പേറിയ അനുഭവമുണ്ടായെന്നും ബിഎസ്‌പി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിൽ ചതുഷ്ക്കോണ മത്സരത്തിനാണ് ഇതോടെ കളമൊരുങ്ങുന്നത്.

Eng­lish Sum­ma­ry : sama­jwa­di par­ty to puri­fy places vis­it­ed by adityanath

You may also like this video:

Exit mobile version