Site iconSite icon Janayugom Online

സംഭാല്‍ വെടിവയ്പ്; കോടതി ഉത്തരവുണ്ടായിട്ടും പൊലീസുകാര്‍ക്കെതിരെ കേസെടുത്തില്ല

സംഭാലില്‍ 2024ല്‍ അക്രമത്തിനിടെ പൊലീസുകാര്‍ യുവാവിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടും ഉത്തര്‍പ്രദേശ് (യുപി) പൊലീസ് വഴങ്ങിയില്ല. കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് പൊലീസ് പറയുന്നത്.
വെടിവയ്പ് നടന്ന സമയത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനുജ് ചൗധരി, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ അനുജ് കുമാര്‍ തോമര്‍, 20തോളം പ്രാദേശിക പൊലീസുകാര്‍ എന്നിവര്‍ തന്റെ മകന്‍ ആലമിനെ വെടിവച്ചെന്ന് ആരോപിച്ച് യാമീന്‍ എന്നയാളാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്. ജഡ്ജി സുധീര്‍ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടന്നെന്ന് കണ്ടെത്തുകയും കേസെടുക്കാന്‍ ഉത്തരവിടുകയുയിരുന്നു. എന്നാല്‍ ഇത് നിയമവിരുദ്ധമാണെന്നാണ് സംഭാല്‍ പൊലീസ് സൂപ്രണ്ട് കൃഷന്‍ കുമാര്‍ പറയുന്നത്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ പൊലീസ് നടപടി ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടു. ഷാഹി ജുമാ മസ‍്ജിദ് ഹിന്ദു ക്ഷേത്രത്തിന് മുകളിലാണ് നിര്‍മ്മിച്ചതെന്ന് ചില ഹിന്ദുത്വ പ്രവര്‍ത്തകര്‍ അവകാശവാദം ഉന്നയിക്കുകയും മസ്ജിദ് പരിസരത്ത് സര്‍വേ നടത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. സര്‍വേയ്ക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെയാണ് വെടിവയ്പ് നടന്നത്. നാല് മുസ്ലിം പുരുഷന്മാര്‍ കൊല്ലപ്പെട്ടു. 

പ്രതിഷേധക്കാര്‍ക്ക് നേരെ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തെന്ന ആരോപണം അന്നേ ഉയര്‍ന്നെങ്കിലും പൊലീസ് നിഷേധിച്ചിരുന്നു. സംഭാലിലെ ആശുപത്രികളും ഡോക്ടര്‍മാരും ആലമിനെ ചികിത്സിക്കുന്നത് ചിലര്‍ ഇടപെട്ട് നിഷേധിച്ചെന്നും യമീന്‍ കോടതിയെ അറിയിച്ചിരുന്നു.പൊലീസിനെ ഭയന്ന് മകനെ മൂന്ന് ദിവസം വീട്ടില്‍ തന്നെ കിടത്തിയെന്നും പരാതിയില്‍ പറഞ്ഞു. സംഭാലിലെ അക്രമത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിക്കരുതെന്ന് മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയതായി മൊറാദാബാദിലെയും അലിഗഡിലെയും ആശുപത്രി അധികൃതര്‍ പറഞ്ഞതായും യമീന്‍ പറഞ്ഞു. യാമീന്‍ ഹര്‍ജി നല്‍കിയതിന് ശേഷമാണ് പൊലീസ് ആലമിനെ സംഘര്‍ഷത്തിലെ പ്രതിയാക്കി കേസെടുത്തത്. കഴിഞ്ഞ വര്‍ഷം ഹോളി സമയത്ത്, നിറങ്ങള്‍ ശരീരത്ത് വീഴുന്നത് അംഗീകരിക്കാനാകാത്ത മുസ്ലിങ്ങള്‍ വീടിനുള്ളില്‍ കഴിയണമെന്ന് പറഞ്ഞയാളാണ് കുറ്റാരോപിതനായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനുജ് ചൗധരി.

Exit mobile version