Site icon Janayugom Online

സംഭ്രമം

Sambhramam

ചിലപ്പോൾ
നെയ്ത വലകളത്രയും
പൊട്ടിപ്പോയ
ദുഃഖം
തീർക്കാൻ
വാശിയോടെ
നെയ്യുന്ന ചിലന്തി
ഇരച്ഛേദം
നടത്തിയ
സലോമിയാണ്.
ചില നേരം
മതാചാരത്തിന്റെയും
സദാചാരത്തിന്റെയും
വലകൾ പൊട്ടിച്ചെറി
യാനാവാതെ
അവൾ
നൃത്തം ചെയ്യാറുണ്ട്.
അന്നേരം,
മൗനത്തിന്റെ
വല്മീകം
കീഴടക്കി
നർത്തകികളായ
അരയാലിലകൾ
ഒപ്പം തുള്ളാറുണ്ട്.
ഇണയെ തീനിയുടെ
നൃത്തം കുയിലിനു
കാണാനുള്ളതാണ്
കള്ളി എന്ന പേരിലാണാ-
പരഭൃത വ്യാഖ്യാനം!
ജീവിത പാനയിൽ
ജനിച്ചും മരിച്ചും
ജീവിക്കാൻ വേണ്ടി
അവൾ കൂടെക്കൂടെ
ഇരകളെ പ്രാപിക്കാറുണ്ട്.
പേരു വിളിച്ച
അന്തി നേരങ്ങളിലെ
സന്ധ്യ കൂടുതൽ ചുവന്ന്
സ്വപ്നങ്ങളെ
മുക്കി കൊല്ലുന്നത്
അന്നേരമാണ്.
ഇനിയും വന്നെത്താത്ത
സ്പൈഡർമാൻ
നിന്നെയും കാത്ത്
നെയ്തു കൂട്ടിയ
സ്വപ്നങ്ങളുടെ
കൽ ചുമരുകളിലേക്ക്
ഉൾച്ചൂടിലൂടെ വലിഞ്ഞു കേറിക്കേറി
വെറുമൊരു
ഗൗളിയായി
നിന്റെ സ്നേഹതീരത്തിരുന്ന്
ചിലച്ച്
ഉത്തരം താങ്ങി
സകല വലകളും
ഭേദിച്ച്
വാലുമുറിച്ചിട്ടോടാമെന്ന്
സങ്കല്പിച്ച്
ചീന്തിയെടുത്ത
താളിൽ
കണ്ടത് മൊഴിമാറ്റം
ഒടുവിലാവണം
രൂപമാറ്റം.

Exit mobile version