Site iconSite icon Janayugom Online

2021ൽ തുടര്‍ഭരണം നേടാൻ കാരണമായ അതേ സാഹചര്യങ്ങള്‍: പി എം സുരേഷ്ബാബു

2021ൽ എൽഡിഎഫ് തുടര്‍ഭരണം നേടി അധികാരത്തിൽ എത്താൻ കാരണമായ അതേ സാഹചര്യങ്ങളാണ് ഇപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് എല്‍ഡിഎഫ് വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥാംഗവും എൻസിപി വർക്കിങ് പ്രസിഡന്റുമായ പി എം സുരേഷ് ബാബു പറഞ്ഞു. മഞ്ചേരിയിൽ വികസന മുന്നേറ്റ ജാഥ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമായിരുന്നു രണ്ടാം എല്‍‍ഡിഎഫ് സർക്കാർ. കഴിഞ്ഞ അഞ്ച് വർഷക്കാലം എൽഡിഎഫ് ഗവൺമെന്റ് എണ്ണിയാൽ തീരാത്ത അത്രയും വികസന ക്ഷേമപ്രവർത്തനങ്ങളാണ് നടത്തിയത്. അതിന് ജനങ്ങൾ അംഗീകാരം നൽകുന്നതിന്റെ തെളിവാണ് ഈ ജാഥ കടന്നുപോകുന്ന വഴികളിലെ ജനോത്സവം.

2021 നെക്കാൾ മെച്ചപ്പെട്ട വിജയം നേടാൻ കഴിയുന്ന സ്ഥിതി വിശേഷം ഇപ്പോൾ സംസ്ഥാനത്തുണ്ട്. നൽകിയ വാഗ്ദാനങ്ങൾ എല്ലാം പൂർത്തിയാക്കിയാണ് എൽഡിഎഫ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. തങ്ങൾക്ക് നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള എന്തെങ്കിലും ഒരു വാഗ്ദാനം നൽകാൻ യുഡിഎഫിന് കഴിയില്ല എന്നുമാത്രമല്ല എൽഡിഎഫ് കൊണ്ടുവന്ന ജനകീയ പദ്ധതികളും പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന് പറയാൻ പോലും അവർക്കാവുന്നില്ല.
എല്ലാ നല്ല കാര്യങ്ങളും എടുത്തുമാറ്റി അഴിമതി ഭരണം നടത്തി നാട് മുടിക്കാനാണ് യുഡിഎഫ് ശ്രമിക്കുക. ഇക്കൂട്ടരെ നന്നായി അറിയാവുന്ന കേരള ജനത മൂന്നാം എൽഡിഎഫ് സർക്കാറിന് കാത്തിരിക്കയാണെന്നും സുരേഷ് ബാബു പറഞ്ഞു

Exit mobile version