Site icon Janayugom Online

സ്വവര്‍ഗ വിവാഹം: കൊമ്പുകോര്‍ത്ത് സുപ്രീം കോടതിയും കേന്ദ്രസര്‍ക്കാരും

സ്വവര്‍ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം തേടി സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. വാദത്തിന്റെ ആദ്യദിനം കേന്ദ്രവും കോടതിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനും സാക്ഷിയായി. ഹര്‍ജി നിലനില്‍ക്കുമോ എന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കോടതി ആദ്യം പരിശോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദത്തിന്റെ തുടക്കത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ഞാന്‍ തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മറുപടി നല്‍കിയതോടെ കോടതിയും കേന്ദ്രവും വിരുദ്ധ പക്ഷങ്ങളിലേക്കു നീങ്ങി.

ജനനേന്ദ്രിയമല്ല ലിംഗം നിർണയിക്കുന്നതെന്നും അത് കൂടുതൽ സങ്കീർണമായ ആശയമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഒരു പുരുഷൻ എന്നതോ സ്ത്രീ എന്നതോ സമ്പൂർണ സങ്കല്പമല്ലെന്നും അദ്ദേഹം പറഞ്ഞു. ബെഞ്ചിലെ മറ്റ് ജഡ്ജിമാരും സര്‍ക്കാരിനു നേരെ തിരിഞ്ഞതോടെ തുഷാര്‍ മേത്തയ്ക്ക് പിന്‍വലിയേണ്ടി വന്നു. കേസുമായി സഹകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രത്തിന് സമയം വേണമെന്ന ആവശ്യമാണ് ഈ അവസരത്തില്‍ തുഷാര്‍ മേത്ത മുന്നോട്ടുവച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, രവീന്ദ്ര ഭട്ട്, ഹിമാ കോലി, പി എസ് നരസിംഹ എന്നിവരും അഞ്ചംഗ ഭരണഘടനാ ബെഞ്ചിലുണ്ട്.

സ്വവര്‍ഗ വിവാഹത്തെ ശക്തമായി എതിര്‍ത്തുകൊണ്ടുള്ള നിലപാടാണ് കേസില്‍ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. വരേണ്യ വര്‍ഗത്തിലെ നഗര കേന്ദ്രീകൃതമായ വിഭാഗമാണ് ഇത്തരമൊരു ആവശ്യം മുന്നോട്ടു വയ്ക്കുന്നതെന്നും സാമാന്യ ജനവിഭാഗത്തിന് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ കേസില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.
സ്വവര്‍ഗ വിവാഹം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും നിലവില്‍ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകളും ഇത് ശരിവയ്ക്കുന്നുണ്ടെന്നുമുള്ള വാദമുഖമാണ് തുടര്‍ന്ന് കോടതിയില്‍ ഉയര്‍ന്നത്. സ്വവര്‍ഗ വിവാഹത്തിന് നിയമ പരിരക്ഷ തേടി 20 ഓളം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Eng­lish Sum­ma­ry: Same sex mar­riage case
You may also like this video

Exit mobile version