Site icon Janayugom Online

അഞ്ച് കേസുകളില്‍ ഒരേ സാക്ഷി; എന്‍സിബി പ്രതിക്കൂട്ടില്‍

നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈയില്‍ ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ ഒരേ സാക്ഷി ഉള്‍പ്പെട്ടതായി കണ്ടെത്തി. ആര്യന്‍ ഖാന്റെ കേസുമായി ബന്ധപ്പെട്ട് പ്രതിരോധത്തിലായ എന്‍സിബി ഇതോടെ കൂടുതല്‍ പ്രതിക്കൂട്ടിലായി. ഇന്ത്യന്‍ എക്സ്പ്രസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ആര്യന്‍ ഖാന്റെ കേസിലും ആദില്‍ ഫസല്‍ ഉസ്മാനിയെന്നയാള്‍ സാക്ഷിയാണ്. ബോളിവുഡ‍് താരങ്ങളടക്കം നിരപരാധികള്‍ക്കെതിരെ എന്‍ഡിപിഎസ് കുറ്റം ചുമത്തി കേസെടുക്കുകയും കോടികള്‍ കോഴ വാങ്ങുകയും ചെയ്യുന്നുവെന്നാണ് എന്‍സിബിക്കെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം. ആര്യന്‍ ഖാനെ വിട്ടയക്കുന്നതിന് മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ 25 കോടി ആവശ്യപ്പെട്ടുവെന്ന് കേസിലെ ഒരു സാക്ഷിയായ പ്രഭാകര്‍ സയിലാണ് വെളിപ്പെടുത്തല്‍ നടത്തിയത്. എന്‍സിബി കേസുകള്‍ കെട്ടിചമയ്ക്കുന്നുവെന്ന ആരോപണം ശരിവയ്ക്കുന്ന രീതിയിലാണ് പുതിയ വിവരങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. 

ലഹരി പാര്‍ട്ടി കേസടക്കം ഒരുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിലാണ് ആദില്‍ ഫസല്‍ ഉസ്മാനിയെ സ്വതന്ത്ര സാക്ഷിയായി ചേര്‍ത്തിട്ടുള്ളത്. മുംബൈയിലെ യോഗേശ്വരി ഏരിയ സ്വദേശിയാണ് ഇയാള്‍. 2020 ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ഇയാള്‍ സാക്ഷി സ്ഥാനത്തുണ്ട്. ഇയാളെക്കൂടാതെ അറസ്റ്റിലായ ഇടനിലക്കാരന്‍ കിരണ്‍ ഗോസാവിയും ബിജെപി പ്രാദേശിക നേതാവ് മനീഷ് ബാനുശാലിയും എന്‍സിബിയുടെ സ്ഥിരം സാക്ഷി പട്ടികയിലുണ്ട്. ആര്യന്‍ ഖാനെ വിട്ടയക്കുന്നതിനായി മുംബൈ സോണല്‍ ഡയറക്ടര്‍ വാങ്കഡെ ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ 25 കോടി രൂപ ആവശ്യപ്പെട്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ എന്‍സിബിയും മുംബൈ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കിരണ്‍ ഗോസാവിയെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുംബൈ പൊലീസ്. അതിനിടെ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ വനോവാരി പൊലീസ് ഇയാള്‍ക്കെതിരെ ഒരു എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. വാങ്കഡെ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച് ജോലി നേടിയെന്നതടക്കം മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക്കും ആരോപണം ഉയര്‍ത്തിയിരുന്നു. മുസ് ലിമായ സമീര്‍ വാങ്കഡെ പട്ടികജാതിക്കാരനെന്ന സര്‍ട്ടിഫിക്കറ്റിലാണ് ജോലി സമ്പാദിച്ചതെന്നാണ് ആരോപണം. അതേസമയം തന്നെ വേട്ടയാടുന്നുവെന്ന സമീര്‍ വാങ്കഡെയുടെ പരാതിയില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ദേശീയ പട്ടിജാതി കമ്മിഷന്‍ ഇന്നലെ നോട്ടീസയച്ചിട്ടുണ്ട്. 

ENGLISH SUMMARY:Same wit­ness in five cas­es; In the NCB case
You may also like this video

Exit mobile version