Site iconSite icon Janayugom Online

മണൽ മാഫിയ ബന്ധം: ഏഴ് പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിട്ടു

മണൽ മാഫിയ സംഘങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച രണ്ട് ഗ്രേഡ് എഎസ്ഐമാരെയും അഞ്ചു സിവിൽ പൊലീസ് ഓഫിസർമാരെയും സർവീസിൽ നിന്ന് നീക്കം ചെയ്തു. കണ്ണൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കണ്ണൂർ റേഞ്ചിൽ ജോലി ചെയ്യുന്നവരാണ് പുറത്താക്കപ്പെട്ട എല്ലാവരും.

ഗ്രേഡ് എഎസ്ഐ മാരായ ജോയ് തോമസ് പി (കോഴിക്കോട് റൂറൽ), ഗോകുലൻ സി(കണ്ണൂർ റൂറൽ), സിവിൽ പൊലീസ് ഓഫിസർമാരായ നിഷാർ പി എ (കണ്ണൂർ സിറ്റി), ഷിബിൻ എം വൈ (കോഴിക്കോട് റൂറൽ), അബ്ദുൾ റഷീദ് ടി എം (കാസർകോട്), ഷെജീർ വി എ (കണ്ണൂർ റൂറൽ), ഹരികൃഷ്ണൻ ബി (കാസർകോട്) എന്നിവരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്.

മണൽ മാഫിയ സംഘവുമായി സൗഹൃദം സ്ഥാപിച്ചതിനും മുതിർന്ന പൊലീസ് ഓഫിസർമാരുടെ നീക്കങ്ങളും ലൊക്കേഷനും മറ്റും ചോർത്തി നൽകിയതിനുമാണ് നടപടി. ഗുരുതരമായ അച്ചടക്ക ലംഘനം, കൃത്യവിലോപം, പെരുമാറ്റദൂഷ്യം, പൊലീസിന്റെ സൽപേരിന് കളങ്കം ചാർത്തൽ എന്നിവ ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

Eng­lish Sum­ma­ry: Sand mafia con­nec­tion: Sev­en police offi­cers sacked

You may also like this video

Exit mobile version