മിലാൻ ഫാഷൻ വീക്കില്‍ പ്രാഡ അവതരിപ്പിച്ച കോലാപുരി ചെരുപ്പുകളുടെ ഇന്ത്യന്‍ ഉത്ഭവം അവഗണിച്ച സംഭവത്തില്‍ വിവാദം പുകയുന്നു. പ്രാഡയുടെ ഷോയിൽ ഏകദേശം 1.16 ലക്ഷം രൂപയാണ് കോലാപൂരി മോഡലിന് വില വരുന്നത്. കോലാപുരി ചെരുപ്പുകള്‍ക്ക് 2019 മുതൽ ഭൂമിശാസ്ത്രപരമായ സൂചിക ( ജിഐ) ടാഗ് ഉണ്ട്. കോലാപുരി ശെെലിയില്‍ നിര്‍മ്മിച്ച ചെരുപ്പുകള്‍ ഉപയോഗിച്ചെങ്കിലും അതിന്റെ ഇന്ത്യന്‍ ബന്ധത്തെക്കുറിച്ച് പ്രാഡ പരാമര്‍ശിച്ചിരുന്നില്ല. കോലാപുരി ചെരുപ്പ് നിർമ്മാതാക്കളുടെ ഒരു സംഘം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കണ്ട് പ്രതിഷേധം രേഖപ്പെടുത്തി.
സാംസ്കാരിക മോഷണമെന്നാണ് വിമര്‍ശകര്‍ പ്രാഡയ്ക്കെതിരെ ഉന്നയിച്ച ആരോപണം. കോലാപുരി ചെരിപ്പുകൾ വെറും പാദരക്ഷകൾ മാത്രമല്ല, അവ സാംസ്കാരിക പൈതൃകത്തിന്റെയും ഇന്ത്യൻ കരകൗശല വിദഗ്ധരുടെ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കരകൗശലത്തിന്റെയും പ്രതീകമാണ്. ആഗോള ആഡംബര ബ്രാൻഡുകൾ അത്തരം ഡിസൈനുകൾ സന്ദർഭമോ അംഗീകാരമോ ഇല്ലാതെ പുനർനിർമ്മിക്കുമ്പോൾ, അവ അവയുടെ സാംസ്കാരിക പ്രാധാന്യം തെറ്റായി പ്രതിനിധീകരിക്കുമെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. കോലാപൂരിനെയോ അവിടുത്തെ പരമ്പരാഗത കരകൗശല വിദഗ്ധരെയോ പരമാര്‍ശിക്കാതെ അതേ ശെെലിയിലുള്ള പാദരക്ഷകൾ പ്രാഡ അവതരിപ്പിച്ചത് ജിഐ അവകാശങ്ങളുടെ ലംഘനമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധത്തെത്തുടർന്ന് പ്രാഡ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ചെരുപ്പുകളുടെ ചിത്രങ്ങൾ നീക്കം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

