Site iconSite icon Janayugom Online

ട്രംപിനെതിരെ പ്രതിഷേധ റാലിയുമായി സാന്‍ഡേഴ്സ്; പതിനായിരങ്ങള്‍ പങ്കെടുത്തു

യുഎസ് സെനറ്ററും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ബെര്‍ണി സാന്‍ഡേഴ്സ് ലോസ് ആഞ്ചലസില്‍ നടത്തിയ റാലിയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. റിപ്പബ്ലിക്കന്‍ നേതാവായ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെയാണ് പ്രതിഷേധം നടന്നത്. ശനിയാഴ്ച നടന്ന പ്രതിഷേധ റാലിക്ക് വന്‍ജനപിന്തുണ ലഭിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ ആഗ്രഹങ്ങള്‍ എല്ലാം അനുസരിക്കുന്ന, ഒരു വ്യക്തിയെ മാത്രം ആരാധിക്കുന്ന രീതികളിലേക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മാറിയ സാഹചര്യത്തിലാണ് യുഎസ് ഇപ്പോഴുള്ളത്. ട്രംപിന്റെ പ്രധാന ലക്ഷ്യം സമ്പന്നരെ സംരക്ഷിക്കുക എന്നതാണ്. ഇപ്പോള്‍ സമ്പന്നര്‍ക്ക് 1.1 ട്രില്യണ്‍ ഡോളര്‍ നികുതി ഇളവുകള്‍ നല്‍കാനാണ് ട്രംപ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനകൂട്ടത്തെ അഭിസംബോധന ചെയ്ത് സാന്‍ഡേഴ്സ് പറഞ്ഞു. 

40 മിനിറ്റോളം നീണ്ടുനിന്ന പ്രസംഗത്തില്‍ ഇലോണ്‍ മസ്‌ക്കുമായുള്ള ട്രംപിന്റെ ബന്ധം, യുഎന്‍ ഏജന്‍സിക്ക് അടക്കം ധനസഹായം വെട്ടിക്കുറച്ച നടപടി തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം വിമര്‍ശനമുയര്‍ത്തി. വാഷിങ്ടണില്‍ നടന്ന കര്‍ഷക സമരത്തില്‍ 75 പേരെ അറസ്റ്റ് ചെയ്ത നടപടിയെയും സാന്‍ഡേഴ്സ് വിമര്‍ശിച്ചു. സമൂഹത്തിന്റെ കണ്മുന്നില്‍ നിന്ന് ജനങ്ങളെ അപ്രത്യക്ഷരാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി മുതല്‍ യുഎസിലുടനീളമായി ട്രംപ് സര്‍ക്കാരിനെതിരെ പ്രതിഷേധ റാലികള്‍ നടക്കുന്നുണ്ട്. നിലവില്‍ സാന്‍ഡേഴ്‌സിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ഏകദേശം 30,000ത്തിലധികം ആളുകള്‍ പങ്കെടുത്തിട്ടുണ്ട്. ന്യൂയോര്‍ക്ക് എംപിയായ ഒകാസിയോ-കോര്‍ട്ടെസും റാലിയില്‍ പങ്കെടുത്തു. വലിയ ആരവങ്ങളോടെയാണ് കോര്‍ട്ടെസിനെ ജനങ്ങള്‍ സ്വീകരിച്ചത്. ട്രംപ് നയങ്ങളെ പിന്തുണക്കുന്ന കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രതിനിധികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ഒകാസിയോയുടെ പ്രസംഗം. ബേക്കേഴ്സ്ഫീല്‍ഡ് പ്രതിനിധി ഡേവിഡ് വലഡാവോ, ഓറഞ്ച് കൗണ്ടി പ്രതിനിധി യങ് കിം തുടങ്ങിയവരുടെ പേരുകളാണ് ഒകാസിയോ പരാമര്‍ശിച്ചത്.

Exit mobile version