Site iconSite icon Janayugom Online

സന്ധ്യക്ക് മുമ്പ്

ടൽ തണുത്ത് തുടങ്ങുന്ന നേരത്താണയാൾ കടപ്പുറത്തേക്ക് വന്നത്. ഉപ്പ് മണമുള്ള കടൽക്കാറ്റ് അയാളെ പൊതിഞ്ഞു. മണപ്പുറത്തിരിക്കുന്നവരെ തഴുകി തണുത്ത് കാറ്റ് നഗരത്തിന്റെ തിരക്കിലേക്ക് കയറിപ്പോയി. സ്വർണ നിറമുള്ള സൂര്യൻ കറുത്ത കടലിൽ പതിയെ താഴ്ന്നിറങ്ങുന്ന കാഴ്ച കാണാൻ ക്ഷമയോടെ കാത്തിരിക്കുന്നവരായിരുന്നു അവിടെ വന്നവരിൽ അധികവും. വരിവരിയായി ഉറപ്പിച്ച ഇരിപ്പിടങ്ങളിൽ ഇടം തേടി അയാൾ നടന്നു. ഏതാണ്ട് മിക്ക ഇരിപ്പിടങ്ങളിലും ആളുകൾ ഇരിപ്പുണ്ട്. ഒരു ഇരിപ്പിടത്തിൽ ഒരാൾക്ക് കൂടി ഇടമുണ്ട്. അതിൽ ഒരു സ്ത്രീ മാത്രമാണിരിക്കുന്നത്. അയാൾ അതിൽ ചെന്നിരുന്നു. ആ സ്ത്രീ അയാൾ അടുത്ത് വന്ന് ഇരുന്നത് അറിഞ്ഞതേയില്ല. അയാളെ ശ്രദ്ധിക്കുക പോലുമുണ്ടായില്ല. ഇമ വെട്ടാതെ സന്ധ്യയുടെ സൗന്ദര്യത്തിൽ കണ്ണുറപ്പിച്ച് ഇരിക്കുകയാണവർ. അയാൾ തിരകൾ കയറിയിറങ്ങുന്നത് നോക്കി ഇരുന്നു. തിരയിറങ്ങി പോകുമ്പോൾ നനഞ്ഞ മണലിൽ തിളങ്ങുന്ന സ്വർണത്തരികൾ. മണലിലൂടെ കൈകോർത്ത് പിടിച്ച് നടക്കുന്നുണ്ട് ചിലർ. ചിലരാകട്ടെ, തിരകളെ കാലിൽ വന്ന് തൊടാനനുവദിച്ച് കൊണ്ട് കടലിനോട് ചേർന്നാണ്‌ നടക്കുന്നത്. മറ്റു ചിലരാകട്ടെ, തിരകളോട് മത്സരിക്കാനെന്നോണം തിരകളുടെ നേർക്ക് നടന്നിറങ്ങുകയും തിരികെ വേഗത്തിൽ ഓടുകയും ചെയ്യുന്നു. നൂറ്റാണ്ടുകളായി മനുഷ്യർ ഇതൊക്കെയും ചെയ്യുന്നുണ്ടാവും — അയാൾ ചിന്തിക്കുകയായിരുന്നു. ഒരു പക്ഷെ മാറ്റമില്ലാത്ത ആയിരം കാര്യങ്ങളിൽ ഒന്ന് ഇതാവണം.

തിരകളുടെ അടുത്തേക്ക് ഓടുന്ന ഒരു പെൺകുട്ടിയെ അയാൾ ശ്രദ്ധിച്ചു. അല്പമകലെ മണലിൽ മകളുടെ ചലനങ്ങളെ നിരീക്ഷിച്ചു കൊണ്ട് ഇരിക്കുന്ന ആ കുട്ടിയുടെ അമ്മയെയും. ഒന്ന് രണ്ട് വട്ടം ആ ചെറിയ പെൺകുട്ടി ഓടിവന്ന് അമ്മയോട് എന്തോ പറയുന്നത് കണ്ടു. പിന്നീട് വന്ന് അവരുടെ കയ്യിൽ പിടിച്ച് വലിക്കാൻ ഒരു ശ്രമം നടത്തുന്നതും. അവർ നിഷേധാർത്ഥത്തിൽ തലയാട്ടുന്നത് കാണാം. അയാൾ അത് കണ്ട് ചിരിച്ചു. പെൺകുട്ടി പിണങ്ങിയ മട്ടിൽ തല ചെരിച്ച് കൈകൾ പിണച്ച് അമ്മയെ നോക്കി നില്‍ക്കുന്നു, തിരിഞ്ഞ് തിരകളുടെ നേർക്ക് നടക്കുന്നു.
ഒരുപക്ഷെ ആ സ്ത്രീക്ക് കടലിനോടുള്ള കൗതുകം എന്നന്നേക്കുമായി നഷ്ടപ്പെട്ട് പോയിട്ടുണ്ടാവാം, ചിലപ്പോൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ ഉപ്പുവെള്ളം വീഴുന്നത് ഇഷ്ടമില്ലായിരിക്കാം. ചിലപ്പോൾ എല്ലാം എത്ര നിസാരമെന്ന്‌ കരുതി വികാരശൂന്യയായി ഇരിക്കുകയാവാം. എവിടെ ആ പെൺകുട്ടിയുടെ പിതാവ്‌? അയാൾ അപ്പോഴാണ്‌ അതേക്കുറിച്ച് ആലോചിച്ചത് തന്നെ.

”സർ, കടല വേണോ? നല്ല ചൂട് കടല…”
കച്ചവടത്തിനേക്കാൾ, വില്‍ക്കാനുള്ള വസ്തുവിന്റെ പ്രത്യേകതയേക്കാൾ ആ ബാലന്റെ ശബ്ദത്തിൽ നിറഞ്ഞിരുന്നത് ദയനീയതയായിരുന്നു. ഒരുപക്ഷെ ആ കടപ്പുറത്തിരിക്കുന്ന അസംഖ്യം ആളുകളോട് ഇതേ ചോദ്യം ചോദിച്ച് അവൻ തളർന്ന് പോയിട്ടുണ്ടാവും. ഒരുപക്ഷെ അവസാനത്തെ പൊതി കടലയും വിറ്റഴിക്കാതെ അവന്‌ അവിടം വിട്ട് പോകാനാവില്ലായിരിക്കാം. ഇപ്പോൾ നേരമിരുട്ടി തുടങ്ങിയ ശേഷമാണ്‌ ആളുകൾ അധികവും കടപ്പുറത്തേക്ക് വരുന്നത്, അതും കുടുംബസമേതം. ആളുകൾക്ക് ഇരുട്ടിനോട് ഇഷ്ടം വർധിച്ചിരിക്കുന്നു. വഴിവാണിഭക്കാരുടെ എണ്ണവും വർധിച്ചിരിക്കുന്നു. അവർ എണ്ണയിൽ പൊരിച്ച വസ്തുക്കൾ, പെട്രോമാക്സിന്റെ വെളിച്ചത്തിൽ തിളങ്ങിക്കൊണ്ടിരിക്കും, അവിടേക്ക് ആകർഷിക്കപ്പെടുന്നവരുടെ കണ്ണുകളെ പോലെ. എല്ലാം തിളക്കങ്ങൾ. അകലെ കടലിൽ ഒരു വെളിച്ചമണയുമ്പോൾ ആയിരം വെളിച്ചങ്ങൾ കരയിൽ തെളിഞ്ഞു തുടങ്ങുന്നു.

അയാൾ കൈ നീട്ടി. അവൻ ഒരു പൊതി കൈമാറി. പകരമായി അയാൾ ഏതാനും നാണയത്തുട്ടുകളും. അവൻ തുട്ടുകൾ എണ്ണിക്കൊണ്ട് അടുത്ത ഇരിപ്പിടത്തിനടുത്തേക്ക് നീങ്ങി. അയാൾ പൊതി തുറന്ന് വിരലുകൾ കൊണ്ട് തൊലി അടർത്തിക്കളയാൻ തുടങ്ങി. കടലയുടെ ഇളം ചൂട് കടലാസ് പൊതിയിലൂടെ അയാളുടെ കയ്യിലേക്ക് പകരുന്നത് അറിയാം. ഉതിർന്ന് വീണ കടലത്തൊലികൾ കാറ്റ് തട്ടിപ്പറിച്ച് കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ചെങ്കിലും വിഫലമായി. അതിൽ ചിലത് സമീപമിരുന്ന സ്ത്രീയുടെ സാരിയിൽ പാറി വീഴുന്നത് കണ്ട് അയാൾ വല്ലാതായി. താൻ അല്പം കൂടി ശ്രദ്ധ പുലർത്തേണ്ടിയിരുന്നു. എന്നാൽ അയാളുടെ നേർക്ക് അവർ നോക്കുകയോ, സാരിയിൽ വന്നു വീണത് തട്ടിക്കളയാൻ ശ്രമിക്കുകയോ ചെയ്തില്ല. താൻ ക്ഷമ പറയേണ്ടതായിരുന്നു. ഇനിയും വൈകിയിട്ടില്ല. അയാൾ അവരുടെ നേർക്ക് നോക്കി. തല വഴി സാരി ചുറ്റിയാണ്‌ ആ സ്ത്രീ ഇരിക്കുന്നത്. അവർ താൻ നോക്കുന്നത് പോലുമറിയുന്നില്ല. അണയുന്ന സൂര്യനിലേക്കാണ്‌ ശ്രദ്ധ മുഴുക്കെയും. വളകളില്ലാത്ത കൈകൾ. നിറം മങ്ങിത്തുടങ്ങിയ സാരി. അതോ വെളിച്ചക്കുറവിൽ വ്യക്തമാകാത്തതോ? അറിയാനാവുന്നില്ല. ഈ സ്ത്രീ തന്നെ കാണാത്തത് പോലെ, തന്റെ സാന്നിധ്യം അറിയാത്തത് പോലെ അഭിനയിക്കുകയാണ്‌. ഒരാൾക്കും ഇങ്ങനെ പരിസരം മറന്ന് ഇരിക്കാനാവില്ല. തികഞ്ഞ അവഗണനയാണ്‌. അല്ലെങ്കിൽ തന്നെയും ഒരു അപരിചിതനെ എന്തിന്‌ ഗൗനിക്കണം? അയാൾ അയാളെ തന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. താനും സന്ധ്യയുടെ സൗന്ദര്യം ആസ്വദിക്കാൻ വന്നതാണ്‌. അത് മാത്രം. അതിൽ മാത്രമാവണം തന്റെ ശ്രദ്ധ. അയാൾ ശ്രദ്ധാപൂർവം ഒന്ന് രണ്ട് കടല കൂടി എടുത്ത് തൊലി കളഞ്ഞ് വായിലേക്കിട്ടു. എന്തോ ഒരു വല്ലായ്മ. ഒരാളുടെ സമീപമിരുന്ന്‌, കൈവശമുള്ളത് പങ്കുവെയ്ക്കാതെ കഴിക്കുന്നതിൽ ഒരു മര്യാദക്കുറവുണ്ട്. ലോകം മുഴുവനും അങ്ങനെയാണെങ്കിലും അതിൽ എന്തോ ഒരു ശരികേട്‌. ഒരസ്വഭാവികത. പൊടുന്നനെയുള്ള ഏതോ ഒരു ചോദനയുടെ തള്ളലിൽ അയാൾ തന്റെ കൈവശമുണ്ടായിരുന്ന പൊതി ആ സ്ത്രീയുടെ നേർക്ക് നീട്ടി. എന്തിനാണത് ചെയ്തതെന്നോ, അത് അപമര്യാദയോ അനൗചിത്യമോ ആവുമോ ഇല്ലയോ എന്നു കൂടി ആലോചിക്കാൻ കഴിയുന്നതിന്‌ മുൻപ്. സ്ത്രീ അയാളുടെ നേർക്ക് സാവധാനം തല തിരിച്ചു. വെളിച്ചം കുറവായ കാരണത്താലും സാരി കൊണ്ട് മുഖം പാതിയും മൂടിയതിനാലും അവരുടെ മുഖം വ്യക്തമായി കാണാനായില്ല. അയാൾ പൊതി ഉയർത്തി പിടിച്ചു. അവർ പൊതിയിലേക്കും പിന്നീട് അയാളുടെ മുഖത്തും നോക്കി. അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു. അവരും. അവർ ഒന്നും പറയാതെ പൊതിയിൽ നിന്നും ഏതാനും കടലകളെടുത്തു. അവർ അയാളോട് നന്ദി പറഞ്ഞില്ല. അയാളത് പ്രതീക്ഷിച്ചുമില്ല.
ഇരുവരും വീണ്ടും സൂര്യന്റെ നേർക്ക് നോക്കി. ഏതാണ്ട് മുക്കാൽ ഭാഗവും സമുദ്രത്തിൽ മറഞ്ഞു കഴിഞ്ഞിരിക്കുന്നു. ചുവന്ന വൃത്തം അതിവേഗം മുങ്ങിത്താഴുകയാണ്‌. ഇപ്പോൾ നേരിയ ഒരു പൊട്ട് മാത്രം അവശേഷിക്കുന്നു. ഇതേ സമയം ലോകത്തിന്റെ മറുഭാഗത്തെവിടെയോ പുതിയ പ്രഭാതത്തിലേക്ക് അനേകമനേകം മനുഷ്യർ പ്രവേശിക്കുകയാവും. അവരെ കാത്തിരിക്കുന്നത് എന്തൊക്കെയാവും? ചിലർക്ക് ജീവിതം തുടങ്ങുകയാവും ചിലർക്ക് ജീവിതം മറ്റൊരു ദിശയിലേക്ക് വഴി മാറി സഞ്ചരിക്കുകായാവും. ചിലർക്ക്..
ഇപ്പോൾ സൂര്യൻ പൂർണമായും ആണ്ട് പോയിരിക്കുന്നു. എങ്കിലും നേരിയ പ്രകാശം അവശേഷിക്കുന്നു. താനിവിടെ ഉണ്ടായിരുന്നു എന്ന് ആരെയോ അറിയിക്കാൻ ശ്രമിക്കും വിധം. പ്രകാശം അവശേഷിപ്പിക്കുന്ന തെളിവ്.
സ്ത്രീ എഴുന്നേറ്റ് നടന്നു. അയാളും. രണ്ടുപേരും രണ്ട് ദിശയിലേക്കാണ്‌ നടന്നത്. കടൽ കയറി വന്ന തണുത്ത കാറ്റേറ്റ് സ്ത്രീയുടെ സാരിത്തലപ്പ് തെന്നി മാറി. അവർ വീണ്ടും അത് തലയിലേക്ക് വലിച്ചിട്ടു. മുഖത്തിന്റെ ഒരു ഭാഗത്തെ പൊള്ളിയ പാടുകൾ ഇരുട്ട് കാരണം ആരും കണ്ടിട്ടുണ്ടാവില്ല. അയാൾ ആ സമയം കടൽപ്പാലം ലക്ഷ്യമാക്കി നടക്കുകയായിരുന്നു. ഒരു കൊച്ചു പെൺകുട്ടിയുടെ മുഖമായിരുന്നു അയാളുടെ മനസ് മുഴുവന്‍. നിറഞ്ഞൊഴുകിയ കണ്ണീർത്തുള്ളികൾ തുടച്ച് മാറ്റാനയാൾ ശ്രമിച്ചതേയില്ല.

Exit mobile version