സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ മുഖ്യആസൂത്രകന്‍ പിടിയിൽ. കുണ്ടമൺകടവ് ഇലിപ്പോട് സ്വദേശി ശബരി എസ് നായരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ആശ്രമം കത്തിച്ചത് കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശനും ശബരി എസ് നാഥും ചേർന്നാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രണ്ടാം പ്രതി കൃഷ്‌ണകുമാറിനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
ഒന്നാം പ്രതി കുണ്ടമൺകടവ് സ്വദേശി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നാല് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ആശ്രമം കത്തിക്കൽ കേസിലടക്കം പങ്കാളികളായ ഇവരെ ചോദ്യം ചെയ്‌തപ്പോളാണ് ക്രൈംബ്രാഞ്ച് പ്രതികളിലേക്ക് എത്തിയത്. ആശ്രമം കത്തിക്കലിന് നേതൃത്വം നൽകിയത് ആർഎസ്‌എസ് പ്രവർത്തകരായ പ്രകാശും ശബരിയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിരവധി ശാസ്‌ത്രീയ തെളിവുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ബൈക്ക് പൊളിച്ച് വിൽക്കാനടക്കം നേതൃത്വം നൽകിയതും ശബരിയാണെന്ന് വ്യക്തമായി.
ആർഎസ്‌എസുകാരായ കൃഷ്‌ണകുമാർ, സതികുമാർ, ശ്രീകുമാർ, രാജേഷ് എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ഇവർക്കൊപ്പം ഈ പ്രതിയും സജീവമായി ഉണ്ടായിരുന്നതായി കണ്ടെത്തി. സംഭവദിവസം രാത്രി പ്രതി പലരുമായും ആശയവിനിമയം നടത്തിയെന്നും തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചത്. ആശ്രമം കത്തിക്കലിൽ പ്രകാശിന് പങ്കുണ്ടായിരുന്നുവെന്നും ഇക്കാര്യത്തെച്ചൊല്ലിയുള്ള തർക്കമാണ് ആത്മഹത്യക്ക് കാരണമായതെന്നും സഹോദരൻ പ്രശാന്ത് നൽകിയ മൊഴി അന്വേഷണത്തിൽ വഴിത്തിരിവായത്. ഇയാൾ പിന്നീട് മൊഴി മാറ്റിയെങ്കിലും ആദ്യം നൽകിയ മൊഴിക്ക് പിന്നാലെ സഞ്ചരിച്ച പൊലീസ് നിർണായക തെളിവുകൾ ശേഖരിച്ചു.
English Summary;Sandipananda Giri’s ashram burning case; Chief planner arrested
You may also like this video