Site iconSite icon Janayugom Online

സാനിയ മിർസ വിരമിക്കുന്നു

ഇന്ത്യന്‍ വനിതാ ടെന്നിസ് താരമായ സാനിയ മിർസ വിരമിക്കാനൊരുങ്ങുന്നു. സാനിയ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിൽ വനിതാ വിഭാഗം ഡബിൾസിന്റെ ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായതിനു പിന്നാലെയാണ് ഇത് തന്റെ അവസാന സീസണായിരിക്കുമെന്ന് സാനിയ സ്ഥിരീകരിച്ചത്. ഓസ്ട്രേലിയൻ ഓപ്പണിൽ ഇനി മിക്സഡ് ഡബിൾസിൽ രാജീവ് റാമിനൊപ്പം സാനിയ മത്സരിക്കുന്നുണ്ട്.
‘ഇത് എന്റെ അവസാന സീസണായിരിക്കുമെന്ന് ഞാൻ തീരുമാനിച്ചുകഴിഞ്ഞു. ആഴ്ചതോറും പ്രകടനം വിലയിരുത്തി മുന്നോട്ടു പോകാനാണ് ശ്രമം. ഈ സീസൺ മുഴുവൻ കളിക്കാനാകുമോ എന്ന് എനിക്ക് ഉറപ്പില്ല. കളിക്കണം എന്നാണ് ആഗ്രഹം’ – മത്സരശേഷം സാനിയ വ്യക്തമാക്കി. ഇത് സാനിയയുടെ അവസാന സീസണായിരിക്കുമെന്ന് പിതാവ് ഇമ്രാൻ മിർസ ‘ഇഎസ്പിഎന്നി’നോട് സ്ഥിരീകരിച്ചു.
പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയായ സാനിയ, ഏതാനും വർഷങ്ങളായി കളത്തിൽ പഴയതുപോലെ സജീവമല്ല. 2018ൽ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് കളത്തിൽനിന്ന് വിട്ടുനിന്നെങ്കിലും പിന്നീട് തിരിച്ചെത്തി. തുടർന്ന് കോവി‍ഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും വിട്ടുനിന്നു. 2021 സെപ്റ്റംബറിലാണ് കരിയറിലെ അവസാന കിരീടം ചൂടിയത്.

Eng­lish Sum­ma­ry: Sania Mirza retires

You may like this video also

Exit mobile version