Site icon Janayugom Online

പാഠപുസ്തകങ്ങളിൽ ശുചിത്വവും മാലിന്യ സംസ്കരണവും

സുസ്ഥിര മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകുന്ന പാഠഭാഗങ്ങളും പാഠ്യപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്. മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമാണ് പാഠ്യപദ്ധതിയിലെ ഈ പരിഷ്കാരം. സംസ്ഥാനത്തെ എസ്‌സിഇആർടി സിലബസിലുള്ള ഒമ്പത്,ഏഴ്, അഞ്ച്, മൂന്ന് ക്ലാസുകളിലെ പുസ്തകങ്ങളിലാണ് മാലിന്യസംസ്കരണത്തിനും ശുചിത്വത്തിനും പ്രാധാന്യം നൽകുന്ന പാഠഭാഗങ്ങളുള്ളത്. ഒൻപതാം ക്ലാസിലെ ജീവശാസ്ത്രം, ഏഴാം ക്ലാസിലെ ഹിന്ദി പാഠാവലി, അഞ്ചാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം, മൂന്നാം ക്ലാസിലെ മലയാളം, പരിസരപഠനം എന്നീ പുസ്തകങ്ങളിലാണ് പാഠഭാഗങ്ങളുള്ളത്. കുട്ടികളിലെ സ്വഭാവ രൂപീകരണ വേളയിൽ തന്നെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിപ്പിക്കുക, കുട്ടികളുടെ ശൈലി രൂപീകരണത്തിന് സഹായകമാകുന്ന വിധത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കുക എന്നിവ മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഏറെനാളായുള്ള ആവശ്യമാണ്. കേരള ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ എന്നിവയും ഇതിന്റെ ഭാഗമാണ്.

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനും മാലിന്യ സംസ്കരണ- പരിസര ശുചിത്വ വിഷയങ്ങളിൽ അവബോധമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് പറഞ്ഞു. ‘എന്റെ വിദ്യാലയം ശുചിത്വവിദ്യാലയം’ എന്ന തലക്കെട്ടോടുകൂടി തുടങ്ങുന്ന പാഠഭാഗത്തിൽ സ്വന്തം വിദ്യാലയത്തിന്റെ ശുചിത്വ നിലവാരം വിലയിരുത്താനുള്ള പട്ടികകളും മാലിന്യ പരിപാലനത്തിന്റെ അടിസ്ഥാന മാനദണ്ഡങ്ങളും നല്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിഞ്ഞാലുണ്ടാകുന്ന ദൂഷ്യഫലങ്ങളും അനുബന്ധ വിഷയങ്ങളും ഉൾപ്പെടുത്തിയുള്ള പാഠഭാഗങ്ങളിലൂടെ വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും സാധിക്കും.

ശുചിത്വത്തിന്റെ ആദ്യക്ഷരങ്ങൾ ചെറുപ്രായത്തിലേ ശീലിപ്പിക്കുന്നത് ലക്ഷ്യമാക്കിയുള്ള വിവരങ്ങളാണ് പാഠഭാഗങ്ങളിലുള്ളത്. മാലിന്യങ്ങളുടെ ഉറവിടത്തിലെ തരംതിരിക്കൽ, ഇതിനായി വ്യത്യസ്ത ബിന്നുകൾ ഉപയോഗപ്പെടുത്തൽ, ഭക്ഷണ മാലിന്യങ്ങൾ കമ്പോസ്റ്റിംഗിലൂടെ വളമാക്കി മാറ്റൽ എന്നിവ ഇതിൽ പ്രതിപാദിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുതെന്നും പാഠഭാഗത്തിലൂടെ കുട്ടികളെ ഓർമ്മിപ്പിക്കുന്നു. സമൂഹത്തിൽ ശരിയായ മാലിന്യ സംസ്കരണ സംസ്കാരം വളർത്തുന്നതിൽ കുട്ടികളെ പങ്കാളികളാക്കാനും വരും തലമുറയിൽ മാലിന്യ സംസ്കരണ സംസ്കാരം വളർത്തിയെടുക്കാനും സാധ്യമാവുന്ന തരത്തിലാണ് പാഠഭാഗം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

Eng­lish Summary:Sanitation and waste man­age­ment in textbooks
You may also like this video

Exit mobile version