Site iconSite icon Janayugom Online

സഞ്ജു ടീമിലിടം അര്‍ഹിക്കുന്ന താരമാണ്, അവനെ പരിഗണിക്കാമായിരുന്നു: റോബിൻ ഉത്തപ്പ

ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മൊഹാലിയില്‍ തുടക്കമായിരിക്കുകയാണ്. എന്നാല്‍
പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളിയായ​ സഞ്ജു സാംസണ്‍ ടീമിലിടം നേടിയിരുന്നില്ല.
അതേസമയം, കേവലം 13 ശരാശരിയുള്ള ഋതുരാജ് ഗെയ്‌ക്‌വാദിന് ടീമിലിടം നേടുന്ന കാഴ്ചയാണ് കണ്ടത്. 

ഇന്ത്യന്‍ ടീമില്‍നിന്ന് തഴഞ്ഞതിനു പിന്നാലെ നിരാശ പങ്കുവെച്ച് സഞ്ജു സാംസൺ രംഗത്തുവന്നിരുന്നു. ‘ഇത് ഇങ്ങനെയൊക്കെ തന്നെയാണ്, ഞാൻ മുന്നോട്ടുപോകുക തന്നെ ചെയ്യും’ എന്നായിരുന്നു താരം സമൂഹമാധ്യമ അക്കൗണ്ടുകളിൽ കുറിച്ചത്.

ഈ പരമ്പരയില്‍ മാത്രമല്ല ഏഷ്യാ കപ്പിനും ഏഷ്യന്‍ ഗെയിംസിനും ലോകകപ്പിനും സെലക്ടര്‍മാര്‍ സഞ്ജുവിനെ പരിഗണിച്ചില്ല. 25‑ൽ താഴെ ശരാശരിയുള്ള സൂര്യകുമാര്‍ യാദവും അനുഭവ സമ്പത്ത് കുറഞ്ഞ തിലക് വര്‍മയും സ്വകാഡില്‍ ഇടം നേടിയിരുന്നു. സഞ്ജു ടീമിന് പുറത്തായതിൽ പ്രതിഷേധിച്ച് ക്രിക്കറ്റ് പ്രേമികളും മുൻ താരങ്ങളുമടക്കം രംഗത്ത് വന്നിരുന്നു. സഞ്ജു ഏഷ്യൻ ഗെയിംസിലെങ്കിലും ടീമിലിടം അർഹിച്ചിരുന്നതായി അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായിരുന്ന റോബിൻ ഉത്തപ്പ. 

‘സഞ്ജു സാംസണ്‍ ടീമിലിടം അര്‍ഹിക്കുന്ന താരമാണ്. ഏകദിനത്തില്‍ അവസരം ലഭിച്ചപ്പോഴൊക്കെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ടി20യില്‍ സഞ്ജുവിന് സ്ഥിരതയില്ലെന്നത് വസ്തുതയാണ്. പക്ഷെ, ഏകദിനത്തിലെ അവന്റെ പ്രകടനങ്ങള്‍ എടുത്ത് പറയേണ്ടതാണ്. പ്ലേയിങ് 11 അവന്‍ ഇല്ലാതിരിക്കുന്നതിന് പല ന്യായീകരണങ്ങളും പറയാം. എന്നാല്‍ എന്തുകൊണ്ടാണ് ടീമില്‍ പോലും ഇടമില്ലാത്തത്.

സ്ഥിരമായി അവസരം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ സഞ്ജു സാംസണിന്റെ കാര്യത്തില്‍ അത് സംഭവിച്ചിട്ടില്ല. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായിരുന്ന സഞ്ജുവിനെ ഓസീസുമായുള്ള പരമ്പരക്ക് പരിഗണിച്ചില്ല. ഏഷ്യന്‍ ഗെയിംസിലെങ്കിലും അവനെ അയക്കാമായിരുന്നു. നന്നായി കളിച്ചിട്ടും പിന്തുണ കിട്ടാത്തത് ഏതൊരു താരത്തെയും തളര്‍ത്തുമെന്ന് യുട്യൂബ് ചാനലിൽ ഉത്തപ്പ പറഞ്ഞു.

Eng­lish Summary:Sanju is a play­er who deserves a place in the team and he could be con­sid­ered: Robin Uthappa
You may also like this video

Exit mobile version