Site iconSite icon Janayugom Online

സഞ്ജു രാജസ്ഥാനില്‍ തന്നെ !

ഐപിഎല്‍ പുതിയ സീസണിന്റെ താരലേലത്തിന് മുന്നോടിയായി സഞ്ജു സാംസണിനെ ക്യാപ്റ്റനായി തന്നെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയതായി റിപ്പോര്‍ട്ട്. നിലവില്‍ എട്ട് കോടി രൂപയാണ് സഞ്ജുവിന് ഒരു സീസണില്‍ ലഭിച്ചിരുന്നത്. പുതിയ കരാര്‍ പ്രകാരം 14 കോടി രൂപ ഇനി താരത്തിന് ലഭിക്കും. 

ഐപിഎൽ 2022 സീസണിന്റെ താരലേലത്തിനു മുന്നോടിയായി ഓരോ ടീമും നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക ഐപിഎൽ അധികൃതർക്കു കൈമാറേണ്ട അവസാന തീയതി നവംബർ 30 ആണ്. ഇതിനു മുന്നോടിയായി രാജസ്ഥാൻ നിലനിർത്തുന്ന ആദ്യ താരമാണ് സഞ്ജു. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങളിലേക്ക് രാജസ്ഥാൻ നിലനിർത്താൻ ഉദ്ദേശിക്കുന്നത് ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‍ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിങ്സ്റ്റൺ എന്നിവരിൽനിന്ന് രണ്ടു പേരെയും യുവതാരം യശസ്വി ജയ്സ്വാളിനെയുമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഐപിഎല്ലില്‍ തന്റേതായ സ്ഥാനമുള്ള കളിക്കാരനാണ് സഞ്ജു സാംസണ്‍. ഇന്ത്യക്കായി കളിച്ച ടി20യിലൊന്നും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുകളുള്ള സഞ്ജുവിനെ വളര്‍ത്തിക്കൊണ്ടുവന്നത് രാജസ്ഥാന്‍ റോയല്‍സാണെന്ന് പറയാം.

അതേസമയം മാനസിക വിശ്രമത്തിനായി ക്രിക്കറ്റില്‍ നിന്ന് അവധിയെടുത്ത ബെന്‍ സ്റ്റോക്‌സിനെ ഇത്തവണ രാജസ്ഥാന്‍ നിലനിര്‍ത്തില്ല. ഇക്കഴിഞ്ഞ ടി20 ലോകകപ്പും കളിക്കാതിരുന്ന സ്റ്റോക്‌സ് ഒട്ടുമിക്ക സീസണിലും മുഴുവന്‍ മത്സരവും കളിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സ്‌റ്റോക്‌സിനെ ഒഴിവാക്കി മറ്റൊരു താരത്തെ സ്വന്തമാക്കാനാവും രാജസ്ഥാന്‍ ശ്രമിക്കുക. ലിയാം ലിവിങ്‌സ്റ്റനെയും രാജസ്ഥാന്‍ കൈവിടുമെന്നാണ് വിവരം.

ENGLISH SUMMARY:Sanju is in Rajasthan!
You may also like this video

Exit mobile version