Site icon Janayugom Online

സഞ്ജു ടെക്കിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

കാറില്‍ സ്വിമ്മിങ്ങ് പൂള്‍ ഒരുക്കി പൊതുനിരത്തില്‍ അതേ വാഹനവുമായി ഇറങ്ങുകയും ചെയ്ത സഞ്ജു ടെക്കിയുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. ആജീവനാന്ത വിലക്കാണ് ലൈസന്‍സിന് ഏര്‍പ്പെടുത്തിയത്. ആലപ്പുഴ എന്‍ഫോഴ്‌മെന്റ് ആര്‍ടിഒയുടെയാണ് നടപടി. ഇയാള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുന്‍പ് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നു. അറിവിലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇനി ഇത്തരത്തിലുള്ള തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും സഞ്ജു വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍, ഹൈക്കോടതി ഉള്‍പ്പെടെ ഈ കേസില്‍ ഇടപെടുകയും ഇത്തരം കേസുകളില്‍ യാതൊരു ഇളവും നല്‍കേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ കടുത്ത നടപടിയിലേക്ക് പോകാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു.

മോട്ടോര്‍ വാഹനവകുപ്പ് ആജീവനാന്തമാണ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നതെങ്കിലും സഞ്ജുവിന് കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത അവശേഷിപ്പിച്ചിട്ടുണ്ട്. നിലവിലെ നടപടി അനുസരിച്ച് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയത്. നിയമലംഘനത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു. യുട്യൂബിലുള്ള വീഡിയോകള്‍ നിരീക്ഷിച്ച ശേഷമാണ് തുടര്‍ച്ചയായുള്ള നിയമലംഘനമാണ് സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

അതേസമയം ആദ്യഘട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് നടപടികളെ പരിഹസിച്ചും ലാഘവത്തോടെ എടുത്തുമായിരുന്നു സഞ്ജുവിന്റെ പ്രതികരണം. പത്ത് ലക്ഷം രൂപ മുടക്കിയാല്‍ പോലും കിട്ടാത്ത റീച്ചാണ് തന്റെ ചാനലിന് മോട്ടോര്‍ വാഹന വകുപ്പ് നടപടിയിലൂടെ ലഭിച്ചതെന്നായിരുന്നു സഞ്ജു വീഡിയോയിലൂടെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എടപ്പാളിലുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ ക്ലാസിലും ആശുപത്രി സേവനം ഉള്‍പ്പെടെയുള്ള കാര്യത്തിന് അയാളെ മോട്ടോര്‍ വാഹനവകുപ്പ് അയച്ചതും.

Eng­lish Summary:Sanju Techi’s dri­ving license can­celed for life
You may also like this video

Exit mobile version