Site icon Janayugom Online

വെസ്റ്റിന്‍ഡീസ് വഴി ലോകകപ്പിലെത്താന്‍ സഞ്ജു

ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പര നേടാനായി ഇന്ത്യ നാളെയിറങ്ങും. മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനം നാളെ രാത്രി 7ന് ആരംഭിക്കും. ഒക്ടോബറില്‍ നടകുന്ന ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പുകൂടിയാണ് ഇന്ത്യക്ക് ഈ പരമ്പര. 2011ന് ശേഷം ലോകകപ്പും 2013ന് ശേഷം ഐസിസി കിരീടവും നേടാത്ത ടീം ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്നുണ്ട് സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന ലോകകപ്പ്. അതിനാല്‍ തന്നെ ടീമിനെ ഒരുക്കേണ്ട ഒരു അവസരം കൂടിയാണ് വിന്‍ഡീസിനെതിരായ ഏകദിന മത്സരം. അതേസമയം മലയാളി താരം സഞ്ജു സാംസണെ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമില്‍ ഉള്‍പ്പെടുത്തുമോയെന്ന് കണ്ടറിയണം. നായകന്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാര്‍. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരും ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരും ടീമിലിടം പിടിക്കും. ഷാര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ് എന്നിവരാകും പേസര്‍മാര്‍. ഇടംകയ്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും അന്തിമ ഇലവനില്‍ ഇടംനേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിഷഭ് പന്തിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനായി മത്സരിക്കുന്ന ഇഷാൻ കിഷനും സഞ്ജു സാസണും ടീമിലുണ്ട്. സഞ്ജു സാംസണെ സംബന്ധിച്ച് അതിനിര്‍ണായകമാണ് ഇന്ത്യ‑വിന്‍ഡീസ് പരമ്പര. നിലവിൽ ഇഷാൻ കിഷനാണ് ടീമിൽ പ്രഥമ പരിഗണന. ബാറ്റ് കൊണ്ട് വമ്പൻ പ്രകടനം നടത്തി മധ്യനിര ബാറ്ററായെങ്കിലും ലോകകപ്പ് ടീമിൽ ഇടം പിടിക്കാമെന്ന പ്രതീക്ഷയിലാണ് മലയാളി താരം. അതേസമയം ലോകകപ്പില്‍ യോഗ്യത നേടാതെ പോയ ടീമാണ് വെസ്റ്റിന്‍ഡീസ്. യോഗ്യതാ റൗണ്ടില്‍ കുഞ്ഞന്‍ ടീമുകളോടുപോലും തോറ്റ വിന്‍ഡീസിന് വമ്പന്‍ മാനക്കേടില്‍ നിനും തലയുയര്‍ത്താന്‍ ഇന്ത്യക്കെതിരെ വിജയിക്കണം. കിരീട ഫേവറിറ്റുകളായ ഇന്ത്യയെ തോല്പിക്കാന്‍ കഴിഞ്ഞാല്‍ വിന്‍ഡീസിന് ചെറിയ ആശ്വാസത്തിന് വകയുണ്ടാകും. ഇതിനായി ഒരുങ്ങിതന്നെയാണ് വിന്‍ഡീസിന്റെ നീക്കം. രണ്ട് വര്‍ഷമായി ഏകദിന ടീമില്‍ ഉള്‍പ്പെടാതിരുന്ന ഷെമ്രോണ്‍ ഹെറ്റ്മെയറെ വിന്‍ഡീസ് തിരിച്ചുവിളിച്ചു. ഇന്ത്യയെ പൂട്ടാന്‍ വിന്‍ഡീസിന് സാധിക്കുമോയെന്ന് കണ്ടറിയണം.

Eng­lish sum­ma­ry; San­ju to reach World Cup through West Indies
you may also like this video;

Exit mobile version