ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സാന്റാ ക്ലോസിന്റെ വസ്ത്രം കുട്ടികളെ ധരിപ്പിക്കരുതെന്ന നിര്‍ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. ശ്രീഗംഗാ നഗര്‍ ജില്ലയിലെ സ്വകാര്യ സ്കൂളുകള്‍ക്കാണ് വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. ഇതുസംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അഡീഷണല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അശോക് വാദ്വ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. കൂടാതെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധികാരികള്‍ വിദ്യാര്‍ത്ഥികളെയൊ രക്ഷിതാക്കളെയോ അനാവശ്യമായി നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആഘോഷപരിപാടിയില്‍ മാതാപിതാക്കളുടെയും കുട്ടികളുടെയും സമ്മതത്തോടെ സംഘടിപ്പിക്കുന്നതിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി.
സാഹിബ്‌സാദകളുടെ പരമമായ ത്യാഗത്തെ ഓര്‍മിക്കുന്നതിന് ഡിസംബര്‍ 25ന് വീര്‍ ബാല്‍ ദിവസം ആചരിക്കാറുണ്ടെന്നും അതുകൊണ്ട് തന്നെ സ്കൂളുകള്‍ ആഘോഷത്തില്‍ മിതത്വം പാലിക്കണമെന്നും നിര്‍ദേശിച്ചു. ഭാരത് ടിബറ്റ് സഹ്‌യോഗ് മഞ്ചിന്റെ പരാതിയിലാണ് ഇടപെടല്‍. ശ്രീഗംഗാനഗര്‍ ഹിന്ദു-സിഖ് ഭൂരിപക്ഷമുള്ള പ്രദേശമാണെന്നും പ്രത്യേക പാരമ്പര്യം അടിച്ചേല്‍പ്പിക്കരുതെന്നും പരാതിയില്‍ പറയുന്നു. ക്രിസ്മസ് കാലത്ത് വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തില്‍ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചിരുന്നു. കൂടാതെ ഇത് ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്നെന്നും സിബിസിഐ പറഞ്ഞു.

