ജൂലൈയില്‍ ആരംഭിക്കുന്ന രാജ്യസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ പരിഗണിക്കുന്നതിന് വേണ്ടി സന്തോഷ്‌കുമാര്‍ എംപി മൂന്ന് സ്വകാര്യബില്ലുകള്‍ സമര്‍പ്പിച്ചു. ഇലക്ടറല്‍ ബോണ്ട് സ്‌കീം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍, ആഗോളകമ്പനികളുടെ വിതരണശൃംഖലയുടെ ഭാഗമായി ജോലിചെയുന്ന തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് ദേശീയകമ്മിഷന്‍ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ബില്‍, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള എല്ലാവര്‍ക്കും ഒരു അവകാശമെന്ന നിലയില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും തൊഴില്‍ ഉറപ്പു വരുത്തുവാനും, തൊഴിലില്ലായ്മവേതനം ലഭിക്കാനും വേണ്ടിയുള്ള ബില്‍ എന്നിവയാണ് സന്തോഷ്‌കുമാര്‍ സമര്‍പ്പിച്ച സ്വകാര്യബില്ലുകള്‍.
ഇലക്ടറല്‍ ബോണ്ട് സ്‌കീം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ 2018 മാര്‍ച്ച് 18നാണ് രാജ്യസഭയെ മറികടന്നുകൊണ്ട് ഒരു ചര്‍ച്ചയുമില്ലാതെ പാസാക്കിയത്. യാതൊരു സുതാര്യതയുമില്ലാത്ത ഈ ഇലക്ടറല്‍ ബോണ്ടുകള്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്തയെയും സ്വതന്ത്രമായ തിരഞ്ഞെടുപ്പ് പ്രക്രിയയെയും ദുര്‍ബലപ്പെടുത്തുന്നു, നയപരമായ തീരുമാനങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്ക് പിന്‍വാതിലില്‍ കൂടി നുഴഞ്ഞുകയറാനുള്ള സാധ്യതകൂടിയാണിത് സൃഷ്ടിക്കുന്നത്. ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയുള്ള സംഭാവനകളില്‍ ഏകദേശം 75ശതമാനവും ലഭിച്ചത് ഭരണകക്ഷിയായ ബിജെപിക്ക് ആണ്. ഈ സാഹചര്യത്തിലാണ് തികച്ചും ഭരണഘടനാവിരുദ്ധമായ ഈ സ്‌കീം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്വകാര്യബില്‍ രാജ്യസഭയുടെ പരിഗണനക്ക് വേണ്ടി മേയ് പതിനാറാം തിയ്യതി സമര്‍പ്പിച്ചത്.
ആഗോളകമ്പനികളുടെ വിതരണശൃംഖല ( global supply chain) യുടെ ഭാഗമായി ജോലിചെയുന്ന അസംഘടിതരും അദൃശ്യരും ആയ തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടി ഒരു ദേശീയകമ്മിഷന്‍ രൂപീകരിക്കുന്നതിന് വേണ്ടിയുള്ളതാണ് മറ്റൊരു ബില്‍ (National Commission for the Welfare of Home-based Workers). ഇന്ത്യയില്‍ ഏകദേശം മൂന്നരക്കോടിയോളം തൊഴിലാളികള്‍ വിവിധ ആഗോളബ്രാന്‍ഡുകളുടെ ഏറ്റവും താഴെയുള്ള ശ്രേണിയില്‍ യാതൊരു ആനുകൂല്യവും, മാന്യമായ വേതനവും, നിയമപരമായ അംഗീകാരവും ഇല്ലാതെ വെറും കരാര്‍ തൊഴിലാളികള്‍ ആയി ജോലി ചെയുന്നുണ്ടെങ്കിലും, ഇതുവരെ ഒരു നയപരമായ പദ്ധതിയോ, ക്ഷേമപരിപാടികളോ ഈ തൊഴിലാളികള്‍ക്ക് വേണ്ടി നടപ്പിലാക്കപ്പെട്ടിട്ടില്ല. ഒരു ദേശീയക്ഷേമകമ്മിഷന്‍ രൂപീകരിക്കുന്നത് മൂന്നരക്കോടിയോളം വരുന്ന സാധുതൊഴിലാളികളുടെ ദൃശ്യതക്കും നിയമപരമായ അംഗീകാരത്തിനും, ആഗോളബ്രാന്‍ഡുകളുടെ മേലുള്ള നിയന്ത്രണത്തിനും വഴി തെളിയിക്കും.
നാഷണല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി (National Employment Guarantee ) ബില്‍ ആണ് മൂന്നാമത്തെ ബില്‍. നഗര — ഗ്രാമഭേദമില്ലാതെ ഇന്ത്യയിലെ 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള എല്ലാവര്‍ക്കും അവരവരുടെ വിദ്യാഭ്യാസയോഗ്യതക്കും നൈപുണ്യത്തിനും അനുസൃതമായ ‘തൊഴില്‍’ ഒരു അവകാശമെന്ന നിലയില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും ഉറപ്പു വരുത്തുവാനും, അതോടൊപ്പം തൊഴില്‍ ഉറപ്പു വരുത്താന്‍ പറ്റുന്നില്ലെങ്കില്‍ തൊഴിലില്ലായ്മവേതനം നല്‍കാനും ഉതകുന്നതാണ് ഈ ബില്‍. ഈ ആവശ്യത്തിനു വേണ്ടി ദേശിയ — സംസ്ഥാനതലത്തില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കൗണ്‍സിലുകള്‍ രൂപീകരിക്കാനും ബില്‍ ശുപാര്‍ശ ചെയുന്നു. വര്‍ഷങ്ങളായി എഐവൈഎഫ് ഈ വിഷയം ഉന്നയിച്ചുകൊണ്ട് നിരവധി സമരങ്ങള്‍ നടത്തിയിരുന്നതിന്റെ സ്വാഭാവിക തുടര്‍ച്ചയാണ് എംപ്ലോയ്‌മെന്റ് ബില്‍.
English summary; Santosh Kumar MP submitted three private bills for consideration in the monsoon session of the Rajya Sabha
You may also like this video;