Site iconSite icon Janayugom Online

സന്തോഷ് ട്രോഫി; പഞ്ചാബിനെ കടന്നാൽ കേരളം ഫൈനലിൽ

സന്തോഷ് ട്രോഫിയിൽ എട്ടാം മുത്തം എന്ന സ്വപ്ന സാക്ഷാത്കാരത്തിലേക്കുള്ള നിർണായക പോരാട്ടത്തിൽ കേരളം മുൻ ചാമ്പ്യന്മാരായ പഞ്ചാബിനെ എതിരിടും. ആതിഥേയരാ­യ അസാമിനെ 3–0 തകർത്താണ് കേരളത്തിന്റെ സെമി പ്രവേശനം. കരുത്തരായ തമിഴ്‌നാടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് പഞ്ചാബിന്റെ വരവ്. ഗ്രൂപ്പിൽ കേരളവും പഞ്ചാബും മുഖാമുഖം വന്നപ്പോൾ ജയം മലയാളി സംഘത്തിനായിരുന്നു. പക്ഷേ ഒന്നാം പകുതിയിൽ 1–0 ലീഡ് നേടിയ ശേഷമായിരുന്നു പഞ്ചാബിന്റെ തോൽവി. രണ്ടാം പകുതിയിൽ മത്സരത്തിൽ തിരിച്ചെത്തിയ കേരളം മൂന്നു ഗോളുകൾ പഞ്ചാബിന്റെ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ പൊതുവെ മികച്ച പ്രകടനമാണ് പഞ്ചാബിന്റെത്. അതുകൊണ്ടു തന്നെ സെമിയിൽ കേരളത്തിന്റെ കടമ്പ കടുത്തതാകുമെന്നതിൽ തർക്കമില്ല. മികച്ച മാർജിനിൽ ക്വാർട്ടറിൽ ജയിച്ചെങ്കിലും പല മത്സരങ്ങളിലും ടീം എന്ന നിലയിൽ ഒത്തിണക്ക കുറവ് കേരളത്തിന് ഭീഷണിയാണ്. മികച്ച മുന്നേറ്റ നിരയും പ്രതിരോധ സൈന്യവുമുണ്ടെങ്കിലും മധ്യനിരയുടെ താളപ്പിഴ മിക്ക മത്സരങ്ങളിലും പ്രകടമാണ്. ഫിനിഷിങ്ങിലെ മികവിലാണ് ക്വാർട്ടറിൽ അസമിനെതിരെ നല്ല വിജയം നേടാനായത്. 

ഒട്ടും മോശമല്ലാത്ത എതിരാളികളാണ് പഞ്ചാബെന്നതിനാൽ കരുതലോടെയായിരിക്കും കേരളത്തിന്റെ നീക്കങ്ങൾ. അലക്സ് മനോജ് അർജുൻ, സിനാൻ, ദിൽഷാദ്, അ്ജസൽ, സജീഷ് തുടങ്ങിയ മിടുക്കന്മാർക്കൊപ്പം ചോരാത്ത കൈകളുമായി അജ്മൽ ഗോൾ വലക്കു മുന്നിൽ നിലയുറപ്പിക്കുമ്പോൾ എതിരാളി എത്ര കരുത്തനായാലും മലർത്തിയടിത്തിക്കാനുള്ള മനോബലം കേരളത്തിന് കൈവരും. നാളെ നടക്കുന്ന മറ്റൊരു സെമി പോരാട്ടത്തിൽ സർവീസസ് — റെയിൽവേയ്സിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റിയിൽ തോല്പിച്ചാണ് സർവീസസിന്റെ മുന്നേറ്റം. രാജസ്ഥാനെ വീഴ്ത്തിയാണ് റെയിൽവേ ടീം സെമിയിലെത്തിയത്. ഉച്ചയ്ക്ക് 1:30 നാണ് മത്സരങ്ങൾ. 

Exit mobile version