Site iconSite icon Janayugom Online

സന്തോഷ് ട്രോഫി; ഫൈനല്‍ റൗണ്ട് ലക്ഷ്യമാക്കി കേരളം ഇറങ്ങുന്നു

രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതും തലയെടുപ്പുള്ളതുമായ കാല്‍പന്ത് മഹോത്സവത്തില്‍ വിജയ പ്രതീക്ഷയുമായി കേരളം ഇന്ന് കളത്തില്‍. തെലങ്കാനയില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പാക്കാന്‍ കേരളത്തിന് കടുത്ത വെല്ലുവിളിയെ അതിജീവിക്കേണ്ടിവരും. സൂപ്പര്‍ ലീഗ് കേരളയുടെ ആരവങ്ങള്‍ അടങ്ങുന്നതിനുമുമ്പെ കോഴിക്കോട് ഇ എം എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ കേരളം കരുത്തരായ റെയില്‍വേയ്‌സിനെ നേരിടും. ഉച്ചക്ക് ഒരു മണിക്കാണ് മത്സരം.

പുതുച്ചേരി, ലക്ഷ്വദ്വീപ്, റെയില്‍വേസ് എന്നീ ടീമുകള്‍ അടങ്ങുന്ന ഗ്രൂപ്പ് എച്ചിലാണ് കേരളം. 15 പുതുമുഖ താരങ്ങളും ഏഴ് സീനിയര്‍ താരങ്ങളുമടക്കം കേരള സ്‌ക്വാഡ് ശക്തമാണ്. ഏത് ടീമിനും ഭീഷണിയായി മാറാന്‍ കഴിയുന്ന മികച്ച മുന്നേറ്റ നിരയുണ്ടെന്നാണ് ടീം മാനേജ്മെന്റിന്റെ അവകാശവാദം. ഇത്തവണ പരിക്ക് മൂലമുള്ള ഭീഷണി ടീം കേരളക്ക് ഇല്ല.
ഗ്രൂപ്പ് എച്ചിലെ ശക്തരായ എതിരാളികള്‍ റെയില്‍വേസ് മാത്രമാണെന്നാണ് ഇതുവരെയുള്ള കണക്ക് കൂട്ടല്‍. ഈ ഗ്രൂപ്പില്‍ ലക്ഷദ്വീപും പുതുച്ചേരിയും ആണ് കേരളത്തിന്റെ എതിരാളികള്‍. 20ന് ഉച്ചക്ക് 12 മണിക്കാണ് റെയില്‍വേസുമായുള്ള മത്സരം. പ്രതീക്ഷ നല്‍കുന്ന നിരവധി താരങ്ങള്‍ ഇത്തവണയും കേരള ടീമിലുണ്ട്. ഈ മാസം 22ന് ലക്ഷദ്വീപുമായും 24ന് പുതുച്ചേരിയുമായും കേരളം ഏറ്റുമുട്ടും. ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആകുന്ന ടീമിന് അവസാന റൗണ്ടിലേക്ക് എത്താം.

അടുത്ത മാസം ഹൈദരാബാദിലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. രാജ്യത്തെ വിവിധ സോണുകളില്‍ എട്ട് സോണുകളില്‍ നടക്കുന്ന ക്വാളിഫൈയിംഗ് മത്സരങ്ങളില്‍ ഗ്രൂപ്പുകളില്‍ ഒന്നാമതായെത്തുന്ന എട്ടു ടീമുകള്‍ക്കൊപ്പം കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഗോവ, സര്‍വ്വീസസ്, ആതിഥേയരായ തെലങ്കാന അടക്കം 12 ടീമുകള്‍ ഫൈനല്‍ റൗണ്ടില്‍ മാറ്റുരയ്ക്കും. 2022‑ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി കിരീടം ചൂടിയത്. സ്വന്തം മണ്ണിലായിരുന്നു കേരളത്തിന്റെ കിരീടനേട്ടം. ഇതുവരെ 15 തവണ കേരളം ഫൈനല്‍ കളിച്ചിട്ടുണ്ട്. ഇതില്‍ ഏഴുതവണ കിരീടം ചൂടി. ഇന്നത്തെ കളി ജയിക്കാനായാല്‍ ഹൈദരബാദിലേക്കുള്ള വഴി കേരളത്തിന് സുഗമമാകും.

Exit mobile version