Site iconSite icon Janayugom Online

സന്തോഷ് ട്രോഫി; കേരള ടീം സജ്ജം; ജി സഞ്ജു ക്യാപ്റ്റൻ

78-ാമത് സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കിരീടം ലക്ഷ്യമിട്ട് യുവ താരങ്ങൾക്കും പരിചയ സമ്പന്നരായ താരങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയുള്ള 22 അംഗ ടീമിനെ­യാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 15 പുതുമുഖ താരങ്ങള്‍ ടീമിൽ ഇടം നേടി. ടീമിൽ സൂപ്പർ ലീഗ് കേരളയിൽ തിളങ്ങിയ താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. സൂപ്പർ ലീഗിലെ 10 താരങ്ങളാണ് ടീമിലുള്ളത്. കഴിഞ്ഞ ത­വണ സന്തോഷ് ട്രോഫി കളിച്ച ഏഴു പേർ വീണ്ടും ടീമിൽ ഇടം നേടി. ആലുവ അശോകപുരം സ്വദേശിയും കേരള പൊലീസ് ടീം അംഗവുമായ പ്രതിരോധ താരം ജി സഞ്ജുവാണ് ക്യാപ്റ്റൻ. പാലക്കാട് കോട്ടപ്പാടം സ്വദേശിയും ഫോഴ്‌സ കൊച്ചി താരവുമായ എസ് ഹജ്മൽ ആണ് വൈസ് ക്യാപ്റ്റൻ. 17 വയസുള്ള മുഹമ്മദ് റിഷാദ് ഗഫൂറാണ് ഏറ്റവും പ്രായംകുറഞ്ഞ താരം. സൂപ്പർലീഗ് കേരളയിലെ മികച്ച പ്രകടനമാണ് റിഷാദിനെ ടീമിലെത്തിച്ചത്. 

ബി ബി തോമസ് മുട്ടത്താണ് മുഖ്യപരിശീലകൻ. സി ഹാരി ബെന്നി സഹപരിശീലകനും എം വി നെൽസൺ ഗോൾകീപ്പിങ് കോച്ചുമാണ്. അഷ്‌റഫ് ഉപ്പള ആണ് ടീം മാനേജർ. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ചുപേർ വീതവും കോഴിക്കോട് നിന്ന് നാലുപേരും തിരുവനന്തപുരത്ത് നിന്ന് മൂന്നുപേരും എറണാകുളത്ത് നിന്ന് ഒരാളും തൃശൂർ, കണ്ണൂർ, വയനാട് ജില്ലകളിൽ നിന്ന് ഒരാൾ വീതവുമാണ് ഇത്തവണ ടീമിലുള്ളത്. ആക്രമണ ഫുട്ബോളിനാണ് പ്രാധാന്യം നൽകുകയെന്ന് ബി ബി തോമസ് വ്യക്തമാക്കി.
മൂന്ന് ഗോൾകീപ്പർമാരെയും പ്രതിരോധനിരയിലും മധ്യനിരയിലും ഏഴ് പേരെ വീതവും അറ്റാക്കിങ്ങിന് അഞ്ചുപേരെയുമാണ് ഇത്തവണ ഒരുക്കിയത്. സൂപ്പർലീഗിലും കൊ­ൽക്കത്ത ലീഗിലും പൊലീസ് ടീമിലും സ്ഥിരമായി കളിക്കുന്ന യുവതാരങ്ങളാണെന്നതാണ് ഇത്തവണത്തെ സ്‌ക്വാഡിന്റെ പ്രത്യേകത. അംഗങ്ങളുടെ ശരാശരി പ്രായം 22.5 ആണെന്നത് ഏറെ ഗുണകരമാണെന്നാണ് വിലയിരുത്തൽ.
പഞ്ചാബ്, പശ്ചിമ ബംഗാൾ, ത്രിപുര, അസം, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, കേരളം വേദികളിലാണ് ഗ്രൂപ്പ് എട്ട് യോഗ്യ­താ­മത്സരങ്ങൾ. ഒമ്പത് ഗ്രൂപ്പുകളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലക്ഷദ്വീപ്, പോണ്ടിച്ചേരി, റെയിൽവെയ്സ് എന്നിവർക്കൊപ്പം ‘എച്ച്’ ഗ്രൂപ്പിലാണ് കേരളം. ഈ മാസം 20 മുതൽ 24 വരെ കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ മത്സരങ്ങൾ. 20ന് യോഗ്യതാ മ­ത്സരത്തിൽ കേരളം റെയിൽവെയ്സിനെ നേരിടും. 22ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ലക്ഷദ്വീപാണ് കേരളത്തിന്റെ എതിരാളികൾ. 24ന് കേരളം പോണ്ടിച്ചേരിയെ നേരിടും. 

കേരള ഫുട്ബോൾ അസോസിയേഷൻ പ്ര­സിഡന്റ് നവാസ് മീരാൻ, ഹോണററി പ്രസിഡന്റ് ടോം ജോസ്, കെഎഫ്എ വൈസ് പ്രസിഡന്റ് വി പി പവിത്രൻ, കെഎഫ്എ വൈസ് പ്രസിഡന്റ് പി ഹരിദാസ്, കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി പി ദാസൻ, സ്കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഫിറോസ് മീരാൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മുഹമ്മദ് റഫീക്ക് എന്നിവർ ടീം പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. 

Exit mobile version