Site iconSite icon Janayugom Online

കപ്പടിക്കാന്‍ കരുത്തുള്ള സന്തോഷ് ട്രോഫി സ്ക്വാഡ്

ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗോവയില്‍ ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മിഡ്ഫീല്‍ഡര്‍ നിജോ ഗില്‍ബര്‍ട്ടാണ് ക്യാപ്റ്റന്‍. 22 അംഗ ടീമിനെയാണ് കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചത്. ഡിഫന്‍ഡര്‍ സഞ്ജു ജിയാണ് വൈസ് ക്യാപ്റ്റന്‍.
കേരളത്തിന് കഴിഞ്ഞ സീസണില്‍ സെമിഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. ഒഡിഷയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഗോള്‍ ആവറേജിന്റെ കണക്കില്‍ വഴിയടഞ്ഞ കേരളത്തിന് ഒരു തിരിച്ചുവരവ് സാധ്യമാക്കാന്‍ മികച്ച സ്ക്വാഡിനെയാണ് ഗോവയിലേക്ക് അയയ്ക്കുന്നത്. ഇത്തവത്തെ ടീമില്‍ കഴിഞ്ഞ ടീമിലുണ്ടായിരുന്ന 12 പേരും പുതിയ പത്ത് കളിക്കാരുമാണ് ടീമിലുള്ളത്.

ഗോള്‍കീപ്പര്‍മാരായി മുഹമ്മദ് അസ്ഹര്‍ കെ, സിദ്ധാര്‍ത്ഥ് രാജീവന്‍ നായര്‍, മുഹമ്മദ് നിഷാദ് പിപി എന്നിവരും ഡിഫന്‍ഡര്‍മാരായി ബെല്‍ഗിന്‍ ബ്ലോസ്റ്റര്‍, സഞ്ജു ജി, ഷിനു ആര്‍, മുഹമ്മദ് സലിം, നിധിന്‍ മധു, സുജിത്ത് ആര്‍, ശരത് കെ പി എന്നിവരും മിഡ്ഫീല്‍ഡര്‍മാരായി നിജോ ജില്‍ബെര്‍ട്ട്, അര്‍ജുന്‍ വി, ജിതിന്‍ ജി, അക്ബര്‍ സിദ്ദീഖ് എന്‍ പി, റഷീദ് എം, റിസ്വാന്‍ അലി ഇ കെ, ബിജേഷ് ബാലന്‍, അബ്ദു റഹീം എന്നിവരും സ്ട്രൈക്കര്‍മാരായി സജീഷ് ഇ, മുഹമ്മദ് ആഷിഖ് എസ്, നരേഷ് ബി, ജുനൈന്‍ കെ എന്നിവരടങ്ങുന്നതുമാണ് കേരള ടീം.

കേരള ടീമിന്റെ പ്രധാന പരിശീലകന്‍ സതീവന്‍ ബാലനാണ്. സഹ പരിശീലകനായി പി കെ അസീസും ഗോള്‍കീപ്പിങ് പരിശീലകനായി ഹര്‍ഷല്‍ റഹ്‌മാനും ടീമിനെ കരുത്തുറ്റവരാക്കും. ഒക്ടോബര്‍ 11ന് ഗുജറാത്തിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഏഴ് തവണ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് എയിലാണ് ഇടം പിടിച്ചിരിക്കുന്നത്. ആതിഥേയരായ ഗോവ, ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ ടീമാണ് ഗ്രൂപ്പ് എയിലെ മറ്റുള്ളവര്‍.
ആറു ഗ്രൂപ്പുകളില്‍ നിന്നായി ഒമ്പതു ടീമുകളായിരിക്കും ഫൈനലില്‍ മാറ്റുരയ്ക്കുക. അരുണാചല്‍ പ്രദേശിലാണ് ഫൈനല്‍ മത്സരം സംഘടിപ്പിക്കുന്നത്. 12 ടീമുകളെ ആറു ടീമടങ്ങുന്ന രണ്ട് ഗ്രൂപ്പായാണ് തിരിച്ചിരിക്കുന്നത്. ആദ്യ രണ്ട് സ്ഥാനത്ത് വരുന്നവരായിരിക്കും സെമി ഫൈനലില്‍ മത്സരിക്കുക.

കോച്ച് സതീവന്‍ ബാലന്‍

കഴിഞ്ഞ വര്‍ഷം നിര്‍ഭാഗ്യം കൊണ്ട് മാത്രമാണ് കേരളം പുറത്തുപോയത്. മികച്ച കളിക്കാരാണ് ഇത്തവണ ടീമിലുള്ളത്. ടീം പൂര്‍ണ സജ്ജമാകേണ്ടതുണ്ട്. കൂടുതല്‍ പരിശീലന മത്സരങ്ങള്‍ കളി­ക്കേണ്ടതുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലാണ് കഴിഞ്ഞ 20 ദിവസത്തോളമായി ടീം പരിശീലിക്കുന്നത്. ഇന്ന് മുതല്‍ ടീം പരിശീലനമത്സരങ്ങള്‍ കളിക്കും.

Eng­lish Summary:Santosh Tro­phy squad to beat
You may also like this video

Exit mobile version