സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിന് രണ്ടാം ജയം. ഏകപക്ഷീയമായ പത്ത് ഗോളിനാണ് കേരളം ലക്ഷദ്വീപിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ നാല് ഗോളുകള്‍ നേടിയ കേരളം മത്സരം അവസാനിക്കുമ്പോള്‍ ഗോളുകളുടെ എണ്ണം പത്തിലെത്തിച്ചു. പകരകാരനായി ഇറങ്ങിയ മുന്നേറ്റതാരം ഇ സജീഷ് കേരളത്തിനായി മൂന്ന് ഗോളുകള്‍ നേടി. മുന്നേറ്റതാരം ഗനി മുഹമ്മദ്, മുന്നേറ്റതാരം മുഹമ്മദ് അജ്‌സല്‍ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതവും നസീബ് റഹ്മാന്‍, അര്‍ജുന്‍, മുഹമ്മദ് മുഷാറഫ് എന്നിവര്‍ ഓരോ ഗോളുകളും കേരളത്തിനായി സ്‌കോര്‍ ചെയ്തു. കേരളത്തിന്റെ കരുത്തുറ്റ കളിക്ക് മുമ്പില്‍ ലക്ഷദ്വീപിന് കാര്യമായി ഒന്നും ചെയ്യാനായില്ല. കേരളത്തിന്റെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ലക്ഷദ്വീപിന് കഴിയാതിരുന്നതാണ് ഒരു ഗോള്‍ പോലും അവര്‍ക്ക് തിരിച്ചടിക്കാന്‍ കഴിയാതായത്.
കേരളം മത്സരത്തിന്റെ ആറാം മിനുറ്റില്‍ തന്നെ ലീഡ് നേടി. ലിജോ ഗില്‍ബര്‍ട്ട് നല്‍കിയ പാസ് മുന്നേറ്റ താരം മുഹമ്മദ് അജ്‌സല്‍ ലക്ഷദ്വീപിന്റെ വലയിലെത്തിക്കുകയായിരുന്നു. ഒമ്പതാം മിനുട്ടില്‍ മിഡ് ഫീല്‍ഡര്‍ നസീബ് റഹ്മാന്‍ ലീഡ് രണ്ടിലേക്ക് ഉയര്‍ത്തിയപ്പോള്‍ ലക്ഷദ്വീപ് ഗോള്‍ കീപ്പര്‍ സഹീര്‍ഖാന് ഒന്നും ചെയ്യാനായില്ല. 20-ാം മിനുറ്റില്‍ മുഹമ്മദ് അജ്‌സല്‍ വീണ്ടും നിറയൊഴിച്ചതോടെ മൂന്നാം ഗോളായി. 37-ാം മിനുറ്റില്‍ പകരകാരായി ഇറങ്ങിയ സജീഷ് ഗോള്‍ സ്‌കോര്‍ ചെയ്തതോടെ കേരളത്തിന്റെ ലീഡ് നാലായി ഉയരുകയും ആദ്യ പകുതി അവസാനിക്കുകയും ചെയ്തു. രണ്ടാം പകുതി തുടങ്ങിയ ഉടനെ 46-ാം മിനുറ്റില്‍ അര്‍ജുന്റെ ലോങ് റെയ്ഞ്ചര്‍ ഗോളായതോടെ കേരളത്തിന്റെ ലീഡ് അഞ്ചായി. 55-ാം മിനുറ്റില്‍ ഗനി മുഹമ്മദ് ഗോള്‍ നേടിയപ്പോള്‍ 57-ാം മിനുറ്റില്‍ തന്നെ മുഹമ്മദ് മുഷാറഫും കേരളത്തിനായി വലകുലുക്കി.
78-ാം മിനുറ്റില്‍ ഇ സജീഷും 81-ാം മിനുറ്റില്‍ മുഹമ്മദ് ഗനിയും സ്‌കോര്‍ ചെയ്തതോടെ കേരളത്തിന്റെ ലീഡ് ഒമ്പതിലേക്ക് ഉയര്‍ന്നു. മത്സരത്തിന് ഫൈനല്‍ വിസില്‍ വിളിക്കാന്‍ ഒരു മിനുറ്റുള്ളപ്പോള്‍ എസ് സജീഷ് തന്നെ തന്റെ മുന്നാമത് ഗോളും നേടിയതോടെ കേരളത്തിന്റെ ഫൈനല്‍ സ്‌കോര്‍ പത്ത് ഗോളിലെത്തി. കേരളത്തിന്റെ ഒത്തൊരുമിച്ചുള്ള കളിയാണ് നേട്ടമായത്. ഞായറാഴ്ച കേരളം പോണ്ടിച്ചേരിയെ നേരിടും. വെള്ളിയാഴ്ച രാവിലെ നടന്ന മത്സരത്തില്‍ റെയില്‍വേസ് പോണ്ടിച്ചേരിയെ ഒന്നിനെതിരെ പത്ത് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.