കുപ്രസിദ്ധ മനുഷ്യക്കടത്തുകാരന്‍ കെ എസ് മഞ്ജുനാഥ് എന്ന സാന്‍ട്രോ രവിക്ക് ബിജെപിയുമായി അടുത്ത ബന്ധം. രവി-ബിജെപി ബന്ധം കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ദളിത് സ്ത്രീ നല്‍കിയ പരാതിയില്‍ കുറെ ദിവസങ്ങളായി ഒളിവിലായിരുന്ന രവിയെ കഴിഞ്ഞ ദിവസമാണ് കര്‍ണാടക പൊലീസ് അഹമ്മദാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സ്ത്രീധനപീഡനം, ബലാത്സംഗം, ശാരീരിക മര്‍ദനം തുടങ്ങിയവ ആരോപിച്ച് യുവതി നല്‍കിയ പരാതിയിലാണ് രവിയുടെ അറസ്റ്റ്. സ്ത്രീധന നിരോധന നിയമത്തിലെയും എസ്‌സി, എസ്‌ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് മൈസൂരു പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബിജെപി മന്ത്രിമാര്‍ രവിയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാരോപിച്ച് കര്‍ണാടക സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സ്ത്രീകളെ ഉന്നതര്‍ക്ക് കാഴ്ച വയ്ക്കുന്ന ഇടനിലക്കാരനായി രവി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ സർക്കാരിലെ പലരുടെയും ബിനാമിയാണെന്നും ആരോപണമുണ്ട്. ജനുവരി രണ്ടിന് മൈസൂരുവിലെ വിജയനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രവിയുടെ അറസ്റ്റ്. 2019ല്‍ പത്ര പരസ്യം കണ്ട് ഇന്റര്‍വ്യുന് എത്തിയ തന്നെ ലഹരിമരുന്നു നൽകി മയക്കി ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
താന്‍ രവിയുടെ രണ്ടാം ഭാര്യയാണെന്നും ഇവര്‍ പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇയാളെ ഒഴിവാക്കാൻ ശ്രമം നടത്തിയതിനെ തുടർന്ന് കോട്ടൺപേട്ട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഒരു കവർച്ചക്കേസിൽ ഉൾപ്പെടുത്തി തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചതായും സ്ത്രീയുടെ പരാതിയിലുണ്ട്. രവിയെ കണ്ടെത്തുന്നതിനായി കര്‍ണാടക പൊലീസ് ആറ് സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളായ തെലങ്കാന, കേരള എന്നിവിടങ്ങളിലും പൊലീസ് രവിയെ തിരഞ്ഞ് എത്തിയിരുന്നുവെന്ന് അഡീഷണല്‍ ഡിജിപി (ക്രമസമാധാനം) അലോക് കുമാര്‍ പറഞ്ഞു.

