മൂന്ന് പതിറ്റാണ്ടിലധികം നീണ്ട പ്രവാസ ജീവിതത്തിനിടെ സാധാരണക്കാരായ ആയിരങ്ങൾക്ക് തണലായിരുന്ന പ്രമുഖ സാമൂഹിക പ്രവർത്തക ശാരദാദേവി (64) അന്തരിച്ചു. കുവൈറ്റിലെ മലയാളി കൂട്ടായ്മയായ ‘പ്രയാണം’ മംഗഫ് യൂണിറ്റ് കൺവീനറായിരുന്ന അവർ ഫുനൈറ്റീസിലുണ്ടായ വാഹനാപകടത്തിലാണ് മരണമടഞ്ഞത്.
ഭർത്താവിന്റെയും മകന്റെയും വേർപാടിന്റെ നഷ്ടത്തിലും തളരാതെ, കുവൈറ്റിൽ ചെറിയ ജോലികൾ ചെയ്തു കൊണ്ട് മൂത്ത മകൻ ഉൾപ്പെടുന്ന കുടുംബത്തിന് ആശ്രയമായി ജീവിക്കുകയായിരുന്നു ആലപ്പുഴ ജില്ലയിലെ ചാന്തിരൂർ സ്വദേശിനി വേലിപറമ്പിൽ വീട്ടിൽ ശാരദാദേവി. നിരവധിയായ ഗാർഹിക തൊഴിലാളികളെ സംഘടിപ്പിക്കാനും പ്രയാണത്തിന്റെ ഭാഗഭാക്കാക്കുവാനും ശാരദാദേവി ഏറെ പരിശ്രമിച്ചിരുന്നു.
സബാഹ് ഹോസ്പിറ്റലിൽ പൊതു ദർശനത്തിനു വെച്ച ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ കുവൈറ്റിലെ ഭൂരിഭാഗം മലയാളി പ്രവാസി സംഘടനകളുടെയും പ്രതിനിധികൾ എത്തിച്ചേർന്നിരുന്നു. ഭൗതികശരീരം നാട്ടിലേക്ക് അയക്കുവാൻ വേണ്ട നടപടിക്രമങ്ങൾ നടന്നു വരികയാണ്.നാളെ കഴിഞ്ഞ് ആലപ്പുഴയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.

