Site iconSite icon Janayugom Online

സാറാമ്മയും കേശവന്‍നായരും ഒരു വെളിച്ചപ്പാടും

ഫ്യൂഡല്‍ സമൂഹഘടനയിലേക്കും ജീര്‍ണിച്ച മതസങ്കല്പങ്ങളിലേക്കും പൊതുസമൂഹത്തെ തിരിച്ചു കൊണ്ടുപോവാനുള്ള ശ്രമത്തെ പടിവാതിലിനു പുറത്തു നിര്‍ത്താനുള്ള ആര്‍ജവം മലയാളി ഇന്നും നിലനിര്‍ത്തുന്നു. വലിയ വ്യാജ പ്രചരണങ്ങള്‍കൊണ്ടും പ്രലോഭനങ്ങള്‍കൊണ്ടും മലയാളി മനസിനെ വശംവദരാക്കാന്‍ എന്തുകൊണ്ടാണ് മതമൗലികവാദികള്‍ക്ക് ഇന്നും കഴിയാതെ പോവുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി മലയാളിയുടെ മനസില്‍ രൂഢമൂലമായിരിക്കുന്ന ‘മനുഷ്യന്‍’ എന്ന സങ്കല്പത്തിലേക്കാണ് എത്തിച്ചേരുക. എന്താണ് മലയാളിയുടെ മനുഷ്യസങ്കല്പം? എങ്ങനെയാണ് മലയാളിയുടെ മനുഷ്യസങ്കല്പം മതാതീതമായ മാനവികതയുടെ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുന്‍തലമുറകളില്‍ നിന്ന പകര്‍ന്നു കിട്ടിയ നവോത്ഥാനമൂല്യങ്ങള്‍ കാരണം എന്നാണ്. മനുഷ്യനെ മനുഷ്യനായി കാണുവാന്‍ മലയാളിയെ പഠിപ്പിച്ചത് നവോത്ഥാനപ്രസ്ഥാനമാണ്. അവന്റെ ജീവിത സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി അവന്റെ കഷ്ടപ്പാടുകള്‍ക്ക് കാരണമായ ഭൗതികസാഹചര്യങ്ങളെ തിരുത്തുക എന്ന ആശയത്തിലേക്ക് മലയാളി എത്തിച്ചേരുന്നത് വെെകുണ്ഠസ്വാമികളിലൊ, അതിനും മുമ്പോ ആരംഭിച്ച് നാരായണ ഗുരുവിലൂടെയും ചട്ടമ്പിസ്വാമികളിലൂടെയും പിന്‍തുടര്‍ന്ന് അനേകം സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും നവോത്ഥാന നായകരുടെയും നിരന്തരമായ പ്രവര്‍ത്തന ഫലമായി നവീകരിക്കപ്പെട്ട കേരളസമൂഹം, സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിളിക്കാന്‍ മാത്രം ഉച്ചനീചത്വങ്ങള്‍ നടമാടിയിരുന്ന അവസ്ഥയില്‍ നിന്ന് ‘മനുഷ്യന്‍’ എന്ന പദത്തിന്റെ ആശയവ്യാപ്തി വീണ്ടെടുക്കുന്നത്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലാണ്.

നവോത്ഥാന കാലഘട്ടം മലയാളിയെ ഭൗതികമായും ആത്മീയമായും ഉയര്‍ന്നതലങ്ങളിലേക്ക് നയിച്ചു. ശ്രീനാരായണഗുരു മലയാളിയുടെ സാമൂഹ്യബോധത്തെയും നീതിബോധത്തെയും ഉയര്‍ത്തുന്നതില്‍ വഹിച്ച പങ്ക് ഇന്നും പൂര്‍ണമായി അപഗ്രഥിക്കപ്പെട്ടിട്ടില്ല. ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ, അപരന് സുഖത്തിനായി വരേണം, എന്ന ലളിതമായ ഗുരുവചനത്തിന്റെ വ്യാപ്തി നിര്‍ണയിക്കുക ക്ഷിപ്രസാധ്യമല്ല. വാടപ്പുറം ബാവ എന്ന കയര്‍ ഫാക്ടറി മൂപ്പന്‍ കയര്‍ തൊഴിലാളികളുടെ ദയനീയ ജീവിതാവസ്ഥകള്‍ ഗുരുവിനെ കണ്ട് അറിയിച്ചപ്പോള്‍ ‘സംഘടിക്കുവാനും സംഘടനയിലൂടെ ശക്തരാവാനുമാണ് ഗുരു ഉപദേശിച്ചത്. ഗുരു പകര്‍ന്നുനല്കിയ ഊര്‍ജത്തിന്റെ കൂടി ഫലമായാണ് 1922 മാര്‍ച്ച് 31ന് തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ രൂപം കൊള്ളുന്നത്. സ്വാമി സത്യവ്രതനെ തന്റെ പ്രതിനിധിയായി ഗുരു സമ്മേളനത്തിലേക്ക് അയക്കുകയും ചെയ്തു. കാല്‍ നൂറ്റാണ്ടിനുള്ളില്‍ കേരളത്തിലെ എല്ലാ തൊഴില്‍ മേഖലകളിലും തൊഴിലാളി സംഘടനകളുണ്ടായി, കേരളമൊട്ടാകെ കര്‍ഷകപ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടു. 1930കളില്‍ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളിലെ ഊര്‍ജസ്വലരായ ചെറുപ്പക്കാര്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിക്കുവാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. 1939 ഡിസംബര്‍ മാസത്തില്‍ പി കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപീകൃതമായതും ജന്മിത്വവും ഉച്ചനീചത്വങ്ങളും കേരളസമൂഹത്തില്‍ നിന്നും പിഴുതെറിയപ്പെട്ടതും 1957ലെ ആദ്യ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ അധികാരത്തിലെത്തിയതും കുടികിടപ്പവകാശം അനുവദിച്ച് അധഃസ്ഥിതരെ അവരുടെ സ്വന്തം മണ്ണില്‍ ചവിട്ടി നില്‍ക്കാന്‍ പര്യാപ്തരാക്കിയതും ചരിത്രം.

 


ഇതുകൂടി വായിക്കാം; അപകടത്തിലാകുന്ന ജനാധിപത്യം


ഈ ചരിത്ര പശ്ചാത്തലത്തില്‍ സ്വതന്ത്രചിന്തയുടെ ശുദ്ധവായു ശ്വസിച്ചുകൊണ്ട് വളര്‍ന്ന, രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായും സാമൂഹ്യപരിവര്‍ത്തനത്തിനായും ഒരേസമയം പടപൊരുതിയ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ചെറുപ്പക്കാര്‍ മൗലികമായി ചിന്തിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ചോദിക്കാനും പറയാനും മലയാളി മടിക്കുന്ന, ഭയക്കുന്ന മൗലികമായ ചോദ്യങ്ങള്‍ ചോദിക്കപ്പെടുകയും അവ പൊതുസമൂഹം ചര്‍ച്ച ചെയ്യുകയും ചെയ്തു. രാഷ്ട്രീയവും മതപരവും സാമൂഹികവുമായ നീതിക്കുവേണ്ടി ശരിയായ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുകയും ശരിയായ ഉത്തരങ്ങളിലെത്തുകയും ചെയ്തു. രാഷ്ട്രീയമായി രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കായും ക്ഷേത്രപ്രവേശനം, അയിത്തോച്ചാടനം അനാചാരങ്ങള്‍ ഉപേക്ഷിക്കല്‍ തുടങ്ങി മതപരവും സാമൂഹ്യവുമായ നീതിക്കുവേണ്ടിയും നടത്തിയ പ്രക്ഷോഭങ്ങള്‍ വിജയിച്ചു. ആ ഭൂമിയിലാണ് സാറാമ്മയുടെ കേശവന്‍നായര്‍ ‘ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?, എന്ന് സാറാമ്മയോട് ചോദിക്കുന്നത്. 1943ല്‍ മലയാള സാഹിത്യത്തിലെ വര്‍ണവ്യവസ്ഥയെയും വ്യവസ്ഥാപിത ഭാഷയെയും കീഴ്‌മേല്‍ മറിച്ചുകൊണ്ട് കടന്നുവന്ന വെെക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന കഥയുടെ ആദ്യ വരികള്‍. കേശവന്‍ നായര്‍ക്ക് സാറാമ്മയോടുള്ള പ്രണയത്തില്‍ മറ്റൊന്നും തന്നെ കടന്നുവരുന്നില്ല. ‘നായര്‍ ക്രിസ്ത്യാനിയേയും ക്രിസ്ത്യാനി നായരേയും മുസല്‍മാന്‍മാരേയും നമ്പൂതിരിമാരേയും ഈഴവരേയും ക്രിസ്ത്യാനിയേയും സ്ത്രീധനം കൂടാതെ വിവാഹം ചെയ്യണം’ എന്ന് കേശവന്‍ നായരിലൂടെ ബഷീര്‍ പറഞ്ഞുവച്ചപ്പോള്‍ എണ്‍പത് വര്‍ഷം മുമ്പുള്ള കേരളത്തിലെ പൊതുസമൂഹം സഹര്‍ഷം സ്വീകരിക്കുകയാണുണ്ടായത്. പ്രേമലേഖനത്തിന്റെ കോപ്പി ആരും കത്തിച്ചില്ല. ബഷീറിന്റെ പ്രശസ്തമായ കൊച്ചി ബോട്ടുജെട്ടിക്കടുത്ത ബുക്ക് സ്റ്റാള്‍ ആരും ഉപരോധിച്ചില്ല. സാറാമ്മയുടെയും കേശവന്‍ നായരുടെയും ‘മധുരസുരഭിലമായ നിലാവെളിച്ചം’ പോലെയുള്ള പ്രണയം മലയാളി മനസാവരിച്ചു.


ഇതുകൂടി വായിക്കാം; സ്വേച്ഛാധിപത്യം അരക്കിട്ടുറപ്പിക്കുന്ന പ്രതിലോമ നടപടികള്‍


മലയാളിയുടെ മാനസികവ്യാപാരങ്ങളിലേക്ക് നവോത്ഥാനമൂല്യങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രസരിപ്പിച്ച വെളിച്ചത്തിന്റെ, ശുദ്ധവായുവിന്റെ ദൃഷ്ടാന്തങ്ങളാണ് കേശവന്‍നായരും സാറാമ്മയും. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞ് ഹെെസ്കൂള്‍ പഠനം പൂര്‍ത്തിയാക്കി കോളജ് ജീവിതമാരംഭിക്കുന്നതിന് മുമ്പുള്ള ഇടവേളയില്‍ എറണാകുളം നഗരം കാണാനെത്തിയ ഒരു കുട്ടി കൊച്ചി ബോട്ടുജെട്ടിയിലെ ‘ബഷീര്‍’ ബുക്‌സ്റ്റാളിനു വെളിയില്‍ ഭയം കലര്‍ന്ന ആദരവോടെ, നേരിട്ട് സംസാരിക്കാന്‍ ധെെര്യം കിട്ടാതെ, ടാറ്റാപുരം സുകുമാരനോട് സംസാരിക്കുന്ന ബഷീറിനെ നോക്കിനിന്നു. ബഷീര്‍ കഥകള്‍ വായിച്ച്, വീണ്ടും വായിച്ച് കഥാപാത്രങ്ങളോട് സംവദിച്ച് ഇതുപോലെ ഗദ്യകവിതകള്‍ ഞാനുമെഴുതും എന്ന് തീരുമാനിച്ച ആ കുട്ടി എം ടി വാസുദേവന്‍ നായര്‍ എന്ന വലിയ കഥാകാരനും പത്രാധിപരുമൊക്കെയായി വളര്‍ന്നു. എം ടിയുടെ കഥകള്‍ മിക്കവാറും യാഥാസ്ഥിതിക മൂല്യങ്ങള്‍ മുറുകെ പിടിച്ച്, ജീര്‍ണിച്ചു തകര്‍ന്ന നായര്‍ തറവാടുകളെക്കുറിച്ചായിരുന്നു. വെളിച്ചം കയറാത്ത മുറികളില്‍, വെളിച്ചം കയറാത്ത സമൂഹത്തില്‍ ഒരിറ്റ് ശുദ്ധവായുവിനായി ഉഴറിയ മനുഷ്യരെക്കുറിച്ചായിരുന്നു. നാലുകെട്ടും അസുരവിത്തും കാലവുമൊക്കെ എഴുതുന്നതിന് മുമ്പ് 1956ല്‍ എം ടി ‘പള്ളിവാളും കാല്‍ചിലമ്പും’ എന്നൊരു ചെറുകഥ എഴുതി. ജീവിതം മുഴുവന്‍ പരമ്പരാഗതമായി ലഭിച്ച വെളിച്ചപ്പാടിന്റെ ജോലി ചെയ്ത് പാരമ്പര്യത്തിന്റെയും അനുഷ്ഠാനങ്ങളുടെയും ബലിക്കല്ലില്‍ ജീവിതം ഹോമിച്ച വെളിച്ചപ്പാട്. മക്കളുടെ പട്ടിണിമാറ്റാന്‍, ചികിത്സിക്കാന്‍ വഴിയില്ലാതെ പള്ളിവാളും കാല്‍ചിലങ്കയും പഴയ ഓട്ടുപാത്രങ്ങളുടെ വിലയ്ക്ക് തൂക്കിവില്‍ക്കാനൊരുങ്ങുന്ന വെളിച്ചപ്പാടിലാണ് ആ കഥ അവസാനിക്കുന്നത്.

1973ല്‍ ‘നിര്‍മ്മാല്യം’ എന്ന സ്വന്തം ചലച്ചിത്രത്തിന്റെ തിരക്കഥയായി എം ടി ഈ കഥ ഉപയോഗിച്ചു. തന്റെ വ്യര്‍ത്ഥ ജീവിതത്തിന്റെ അവസാനം വിഗ്രഹങ്ങള്‍ ഒന്നും തന്റെ രക്ഷക്കെത്തില്ല എന്ന തിരിച്ചറിവില്‍ വിഗ്രഹത്തിനുനേരെ ചോരതുപ്പുന്ന വെളിച്ചപ്പാട്, ജീര്‍ണിച്ച യാഥാസ്ഥിതികതയുടെ മുഖത്തേക്കാണ് ആഞ്ഞുതുപ്പുന്നത്. കാലഹരണപ്പെട്ട യാഥാസ്ഥിതിക മൂല്യങ്ങളെ അവജ്ഞയോടെ തിരസ്കരിക്കുക എന്ന സന്ദേശമാണ് ഈ കഥ നല്കുന്നത്. ബഷീറിനെയും എംടിയെയും ഒ വി വിജയനെയും വികെഎന്നിനെയും മാധവിക്കുട്ടിയെയും അതുപോലെ സാമൂഹ്യ തിന്മകളെ നിര്‍ദാക്ഷിണ്യം വിമര്‍ശിച്ച അനേകമനേകം എഴുത്തുകാരുടെ അനുവാചകരായിരുന്നു സാമൂഹ്യജീര്‍ണതകളെ അവരോളം തന്നെ നിരാകരിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളികളുടെ പൊതുസമൂഹം. ക്ഷീരപഥത്തിലോ, സൗരയൂഥത്തിലോ, അണ്ഡകടാഹത്തിലോ മറ്റാര്‍ക്കും തന്നെ അവകാശമില്ലാത്ത താന്‍ വില കൊടുത്തുവാങ്ങിയ രണ്ടേക്കര്‍ പറമ്പിന്റെ അവകാശം തനിക്കല്ല ‘ജീവികളായ സര്‍വജീവികളും ഭൂമിയുടെ അവകാശികള്‍’ എന്ന് ബഷീര്‍ എത്തിച്ചേര്‍ന്ന നിര്‍മമത്വത്തിലേക്ക് വളരാതെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഒരു തിരിച്ചുപോക്കിനൊരുങ്ങുകയാണോ എന്നത് ഭയപ്പെടുത്തുന്ന ഒരു ദുഃസ്വപ്നമാണ്. കേരളസമൂഹത്തെ കൊടിയ അജ്ഞതയിലും അവസാനിക്കാത്ത ദുരിതങ്ങളിലും നൂറ്റാണ്ടുകളോളം തളച്ചിട്ട, ഭ്രാന്താലയമാക്കി മാറ്റിയ സാമൂഹ്യതിന്മകള്‍ വീണ്ടും ശക്തി പ്രാപിക്കുമ്പോള്‍ ‘മനുഷ്യന്‍’ എന്ന സങ്കല്പത്തിന് മങ്ങലേല്‍ക്കാതെ ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായി സൂക്ഷിക്കുവാന്‍ നമ്മള്‍ കാമ്പുള്ള വായനയിലേക്കും തെളിഞ്ഞ ചിന്തയിലേക്കും തിരിച്ചുപോകേണ്ടിയിരിക്കുന്നു.

Exit mobile version