Site icon Janayugom Online

സാരെ ജഹാൻ സെ അച്ഛാ.. മുഹമ്മദ് ഇഖ്ബാലും സിലബസിന് പുറത്തേക്ക്

സാരെ ജഹാൻ സെ അച്ഛായുടെ രചയിതാവും കവിയും ചിന്തകനുമായ അല്ലാമ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം സിലബസില്‍ നിന്ന് നീക്കാൻ ഡല്‍ഹി സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ തീരുമാനം. ഇതുസംബന്ദിച്ച് അക്കാദമിക് കൗണ്‍സില്‍ പ്രമേയം പാസാക്കി. ബിഎ പൊളിറ്റിക്കല്‍ സയൻസ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള മോഡേണ്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പാഠഭാഗമാണ് ഒഴിവാക്കിയത്. ഇന്ത്യയെ തകര്‍ക്കാന്‍ അടിത്തറയിട്ടവര്‍ സിലബസില്‍ ഉണ്ടാകരുതെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ യോഗേഷ് സിങ് പറഞ്ഞു. അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം എക്സിക്യൂട്ടീവ് കൗണ്‍സില്‍ പരിഗണിക്കും. 

‘ഇക്ബാല്‍: കമ്മ്യൂണിറ്റി’ എന്ന യൂണിറ്റാണ് അക്കാദമിക് കൗണ്‍സില്‍ പുനഃപരിശോധന നടത്തിയത്. 11 യൂണിറ്റുകളിലായി, പ്രധാന ദാർശനികരുടെ ആശയങ്ങൾ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. മുഹമ്മദ് ഇഖ്ബാലിന് പുറമേ, മഹാത്മഗാന്ധി, ബി ആര്‍ അംബേദ്കര്‍, രാംമോഹൻ റോയ്, പണ്ഡിത രമാബായ്, സ്വാമി വിവേകാനന്ദൻ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളായിരുന്നു സിലബസിലുണ്ടായിരുന്നത്.

പാര്‍ട്ടീഷന്‍ സ്റ്റഡീസ്, ഹിന്ദു സ്റ്റഡീസ്, ട്രൈബല്‍ സ്റ്റഡീസ് എന്നിവയ്ക്കായി പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശങ്ങളും കൗണ്‍സില്‍ അംഗീകരിച്ചു. എന്നാല്‍ അഞ്ച് കൗണ്‍സില്‍ അംഗങ്ങള്‍ വിഭജന പഠനത്തെക്കുറിച്ചുള്ള നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും ഇത് വിഭജിപ്പിക്കാനുള്ളതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്. 1877ൽ അവിഭക്ത ഇന്ത്യയിലെ സിയാൽകോട്ടിലാണ് അല്ലാമ ഇഖ്ബാൽ ജനിച്ചത്. ബാല്യകാലത്ത് തന്നെ ഖുർആനിൽ ആഴത്തിൽ അറിവു നേടിയ ഇഖ്ബാൽ ലാഹോർ സര്‍ക്കാര്‍ കോളജ്, ലണ്ടനിലെ കേം ബ്രിഡ്ജ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. തത്വചിന്തയായിരുന്നു വിഷയം. പിന്നീട് മ്യൂണിക്ക് സർവകലാശാലയിൽ നിന്നു തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. 1938 ഏപ്രിൽ 21ന് അന്തരിച്ചു. 

Eng­lish Summary;Sare jahan se acha.. Moham­mad Iqbal also out of syllabus

You may also like this video

Exit mobile version