Site iconSite icon Janayugom Online

സരിഗമയുടെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കരുത്; പകര്‍പ്പവകാശ കേസില്‍ ഇളയരാജയ്ക്ക് തിരിച്ചടി

പ്രമുഖ മ്യൂസിക് ലേബലായ സരിഗമയുടെ ഉടമസ്ഥതയിലുള്ള ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽ നിന്ന് സംഗീത സംവിധായകൻ ഇളയരാജയെ ഡൽഹി ഹൈക്കോടതി വിലക്കി. സരിഗമ ഇന്ത്യ ലിമിറ്റഡ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണ്ണായകമായ ഇടക്കാല ഉത്തരവ്. ആമസോൺ മ്യൂസിക്, ഐട്യൂൺസ്, ജിയോസാവ്ൻ തുടങ്ങിയ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഇളയരാജ തന്റെ പേരിൽ ഗാനങ്ങൾ അപ്‌ലോഡ് ചെയ്തതാണ് നിയമനടപടിക്ക് ആധാരമായത്.

ഇളയരാജയോ അദ്ദേഹവുമായി ബന്ധപ്പെട്ട പ്രതിനിധികളോ 134 സിനിമകളിലെ ഗാനങ്ങൾ ഉപയോഗിക്കാനോ അവയുടെ വിതരണത്തിനായി മൂന്നാം കക്ഷികൾക്ക് ലൈസൻസ് നൽകാനോ പാടില്ലെന്ന് ജസ്റ്റിസ് മിനി പുഷ്കർണയുടെ ബെഞ്ച് ഉത്തരവിട്ടു. ഈ ഗാനങ്ങളുടെ പകർപ്പവകാശം തങ്ങൾക്കാണെന്ന സരിഗമയുടെ വാദം കോടതി പ്രാഥമികമായി അംഗീകരിച്ചു. വിഷയത്തിൽ 30 ദിവസത്തിനുള്ളിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഇളയരാജയോട് കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും ഏപ്രിൽ 2 ന് പരിഗണിക്കും.

മുമ്പ് തന്റെ ഗാനങ്ങൾ സ്റ്റേജ് ഷോകളിൽ ആലപിക്കുന്നതിനെതിരെ ഇളയരാജ ഗായകർക്ക് നോട്ടീസ് അയച്ചത് വിവാദമായിരുന്നു. എന്നാൽ സ്വന്തം സൃഷ്ടികൾക്ക് മേലുള്ള അവകാശം നിർമ്മാതാക്കൾക്കോ മ്യൂസിക് കമ്പനികൾക്കോ ആണെന്ന കോടതിയുടെ ഈ നിരീക്ഷണം സംഗീത സംവിധായകർക്ക് വലിയ തിരിച്ചടിയായി മാറിയേക്കാം. 

Exit mobile version