Site iconSite icon Janayugom Online

വോട്ടര്‍മാരുടെ ഹൃദയമിടിപ്പറിഞ്ഞ് സരിന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ള ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്ക് അത്രയേറെ സന്തോഷമുണ്ടായ ദിവസമായിരുന്നു ഇന്നലെ. ഡോ. പി സരിന് തെരഞ്ഞെടുപ്പ് ചിഹ്നമായി സ്റ്റെതസ്കോപ്പ് തന്നെ ലഭിച്ചിരിക്കുന്നു. പ്രവര്‍ത്തകരുടെ മാത്രമല്ല പാലക്കാട്ടുകാരുടെ പ്രിയങ്കരനായ സ്ഥാനാര്‍ത്ഥി നാടിന്റെ ഹൃദയമിടിപ്പായി മാറിക്കഴിഞ്ഞിരിക്കുകയാണ്. മുതിര്‍ന്നവര്‍ സന്തോഷത്തോടെ ഞങ്ങളുടെ ഡോക്ടറെന്ന് വിളിക്കുമ്പോള്‍, ചെറുപ്പക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍ ബ്രോയാണ് സരിന്‍, കൊച്ചുകുട്ടികള്‍ക്കാകട്ടെ ഡോക്ടറങ്കിളും. ചിഹ്നമായി സ്റ്റെതസ്കോപ്പ് അനുവദിച്ചതോടെ സ്ഥാനാര്‍ത്ഥിയെ മാത്രമല്ല ചിഹ്നവും പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലെന്ന സ്ഥിതിയാണ്. കൈമെയ് മറന്നാണ് പാലക്കാട് മണ്ഡലത്തിലെ ഓരോ എൽഡിഎഫ് പ്രവർത്തകനും സ്ഥാനാർത്ഥിക്കൊപ്പവും അല്ലാതെയും വോട്ടുതേടുന്നത്. നാളെ ദീപാവലി ദിനത്തിലും ഓരോ വോട്ടർമാരേയും നേരിൽ കണ്ട് മധുരാശംസകൾ നേരാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥിയും ഒപ്പമുള്ളവരും. 

എല്‍ഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം ഇതിനകം മണ്ഡലത്തില്‍ എത്തി ഒട്ടേറെ പ്രചരണവേദികളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗവും എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ പി രാജേന്ദ്രനാണ് പാലക്കാട് മണ്ഡലത്തെ പതിനേഴ് മേഖലകളായി തിരിച്ച് തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ്, സിപിഐ(എം) ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എന്നിവരോടൊപ്പം പാലക്കാട് ജില്ലയിലെ എംഎൽഎമാരും സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും കുടുംബയോഗങ്ങളിലും പ്രാദേശിക സമ്മേളനങ്ങളിലും പങ്കെടുക്കുന്നു.

കുന്നത്തൂർമേട് മേഖലയിൽ വിജയൻ കുനിശേരി, കല്ലേക്കാട് ഒ കെ സെയ്തലവി, കൽമണ്ഡപം സുമലത മോഹൻദാസ്, യാക്കര ടി സിദ്ധാർത്ഥൻ, മാത്തൂര്‍ മണികണ്ഠൻ പൊറ്റശ്ശേരി, തച്ചങ്കാട് ജോസ് ബേബി, കണ്ണാടി പി കബീർ, വലിയപാടം കെ സി ജയപാലൻ, നൂറണി കെ വേലു, കുറിച്ചാംകുളം മുഹമ്മദ് മുഹസിൻ എംഎൽഎ, പുത്തൂര്‍ കെ മല്ലിക, കോളജ് റോഡ് കെ കൃഷ്ണൻകുട്ടി, വെണ്ണക്കര കെ ആർ മോഹൻദാസ്, കൊടുന്തിരപ്പുള്ളി കെ വി ബാബു, ഒലവക്കോട് ടി എസ് ദാസ്, കിണാശേരി വി ആർ രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സരിന്റെ വിജയത്തിനായി സിപിഐ നേതാക്കളും പ്രവര്‍ത്തകരും കൈമെയ് മറന്ന് പ്രവർത്തിച്ചുവരികയാണെന്ന് പാലക്കാട് മണ്ഡലം സെക്രട്ടറി മുരളി കെ താരേക്കാട് പറഞ്ഞു. 

Exit mobile version