Site iconSite icon Janayugom Online

സരോജിനി ശിവലിംഗം അന്തരിച്ചു

പ്രശസ്ത റേഡിയോ അവതാരക സരോജിനി ശിവലിംഗം (89) അന്തരിച്ചു. കൊടുവായൂര്‍ എത്തന്നൂർ സ്വദേശിനിയായ സരോജിനി കോയമ്പത്തൂരില്‍ മകളുടെ കൂടെ താമസിച്ചുവരികയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. പിതാവ് എത്തനൂര്‍ പൂനാത്ത് ദാമോദരൻ നായര്‍ ഡിഫൻസ് അക്കൗണ്ട്സിൽ ഡെപ്യൂട്ടി കൺട്രോളർ ആയിരുന്നതിനാൽ 1935ല്‍ മീററ്റിൽ ആയിരുന്നു സരോജിനി ജനിച്ചത്. 

മദ്രാസ്‌ ക്രിസ്ത്യൻ കോളജിൽ ബിഎ ഓണേഴ്സിന് പഠിക്കുമ്പോഴാണ് ശ്രീലങ്കന്‍ സ്വദേശിയായ ആർ ആർ ശിവലിംഗത്തെ കണ്ടുമുട്ടിയതും ഇരുവരും പ്രണയബദ്ധരായി വിവാഹിതരായതും. തുടര്‍ന്ന് ശ്രീലങ്കയിലെത്തിയ ശേഷം മുപ്പത്തിയാറാം വയസിലാണ് 1971ല്‍ സിലോൺ ബ്രോഡ്കാസ്റ്റിങ് കോർപറേഷനില്‍ (എസ്എൽബിസി) മലയാള പ്രക്ഷേപണ വിഭാഗത്തിൽ അനൗൺസറായി ജീവിതം തുടങ്ങിയത്. 12 വര്‍ഷക്കാലം മലയാളം അവതാരികയായി ജോലി ചെയ്തു. മികച്ച അവതാരക എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സരോജിനി പ്രശസ്തയായി. 

ശ്രീലങ്കയിലെ രാഷ്ട്രീയസാഹചര്യം മാറിയതോടെ 1983ല്‍ ജോലി വിടുകയും ശ്രീലങ്ക വിട്ട് നാട്ടിലെത്തുകയും ചെയ്തു. ഭര്‍ത്താവുമൊത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും ആണ്‍മക്കള്‍ രണ്ടുപേരും കുറച്ചുകാലം കൂടി അവിടെ തുടര്‍ന്നു. പിന്നീട് അവരും ശ്രീലങ്ക വിട്ട് ന്യൂസിലന്റിലേക്കും അമേരിക്കയിലേക്കും കുടിയേറി. മകള്‍ കുടുംബവുമൊത്ത് കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കി. 1999ല്‍ ഭര്‍ത്താവ് ശിവലിംഗം മരിച്ചതോടെയാണ് സരോജിനി മകള്‍ക്കൊപ്പം കോയമ്പത്തൂരിലേക്ക് പോയത്. മക്കള്‍ ദാമോദരന്‍, ശ്രീധരന്‍, രോഹിണി. 

Exit mobile version