Site iconSite icon Janayugom Online

പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല; ജയലളിതയുടെ ജന്മദിനത്തിൽ പ്രഖ്യാപനം

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന വി കെ ശശികല പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് രാമനാഥപുരത്ത് നടന്ന ചടങ്ങിലാണ് ശശികല നിർണ്ണായക നീക്കം നടത്തിയത്. എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് സ്വന്തം പാർട്ടി രൂപീകരിക്കാൻ അവർ തീരുമാനിച്ചത്.

പാർട്ടിയുടെ പേര് വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെങ്കിലും പാർട്ടിയുടെ പതാക സംബന്ധിച്ച വിവരങ്ങൾ അവർ പുറത്തുവിട്ടു. എം ജി ആർ, അണ്ണാദുരൈ, ജയലളിത എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പതാകയാകും പുതിയ പാർട്ടിയുടേത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 40 മണ്ഡലങ്ങളിൽ ശശികലയുടെ പാർട്ടി മത്സരിക്കുമെന്നാണ് സൂചന.

നിലവിൽ അഴിമതിക്കേസിലെ ശിക്ഷയെത്തുടർന്ന് 2027 ജനുവരി 27 വരെ ശശികലയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമപരമായ അയോഗ്യതയുണ്ട്. എങ്കിലും പാർട്ടിയെ നയിച്ചുകൊണ്ട് തമിഴ്‌നാട് രാഷ്ട്രീയത്തിൽ സജീവമാകാനാണ് ശശികലയുടെ നീക്കം. എഐഎഡിഎംകെ വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ശശികലയുടെ ഈ പുതിയ പാർട്ടി പ്രഖ്യാപനം കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Exit mobile version