Site iconSite icon Janayugom Online

ശാസ്താംകോട്ട കായലിന്റെ കയല്‍ബണ്ട് നവീകരണം:ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടം പൂര്‍ത്തീകരണത്തിലേക്ക്

ശാസ്താംകോട്ട കായലിന്റെ കടപുഴ കായൽബണ്ട് നവീകരിച്ചുള്ള ടൂറിസംപദ്ധതിയുടെ രണ്ടാംഘട്ട നിർമാണം പൂർത്തീകരണത്തിലേക്ക്. രണ്ടേകാൽ കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. കേരളത്തിലാദ്യമായി തൊഴിലുറപ്പ്‌ പദ്ധതിയെ ടൂറിസവുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവനംചെയ്തിരിക്കുന്നത്. തൊഴിലുറപ്പ്‌ പദ്ധതിയുടെ ഒരു കോടി രൂപ ചെലവഴിച്ചുള്ള പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയത്. 

ആദ്യഘട്ടത്തിൽ ബണ്ട് റോഡിന്റെ വശങ്ങൾ വൃത്തിയാക്കി കയർ ഭൂവസ്ത്രം വിരിച്ചു. റോഡിനോട് ചേർന്നുള്ള കാടും മാലിന്യങ്ങളും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നീക്കംചെയ്തു. തുടർന്ന് രണ്ടുകിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ മുൻ എംപി കെ സോമപ്രസാദിന്റെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള 38 ലക്ഷം രൂപ ചെലവഴിച്ച് സിസിടിവി കാമറകൾ സ്ഥാപിച്ചു. രണ്ടാംഘട്ടത്തിൽ ബണ്ട് റോഡ് ടൈൽ പാകുന്ന ജോലി പൂർത്തിയായി. സന്ദർശകർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുടെ നിർമാണം ഉടൻ ആരംഭിക്കും. 

ബണ്ട് റോഡിൽ പഞ്ചായത്ത്‌ ഫണ്ട്‌ ഉപയോഗിച്ച് അലങ്കാര ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും പുരോ​ഗമിക്കുകയാണ്. കായൽ സവാരിക്കുള്ള വൈദ്യുതിബോട്ട്, ലഘുഭക്ഷണം കഴിക്കുന്നതിനുള്ള ഹട്ടുകൾ എന്നിവയും പദ്ധതിയുടെ ഭാ​ഗമായുണ്ട്. തൊഴിലുറപ്പ്‌ പദ്ധതിയുടെ ഒരുകോടിരൂപ കൂടാതെ ടൂറിസം വകുപ്പ് 50 ലക്ഷവും ജൈവവൈവിധ്യബോർഡ് അഞ്ചു ലക്ഷവും ചെലവഴിക്കും. ബാക്കി ഫണ്ട് പഞ്ചായത്തിന്റേതാണ്. എത്രയുംവേ​ഗം നിർമാണം പൂർത്തീകരിച്ച് നവീകരിച്ച കായൽ ബണ്ട് റോഡ് നാടിനു സമർപ്പിക്കുമെന്ന് പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു

Exit mobile version