Site iconSite icon Janayugom Online

സതീശന്റെ ഭീഷണി : നാളെ നടക്കാനിരുന്ന പുനസംഘടിപ്പിച്ച കെപിസിസി യോഗം മാറ്റി

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കടുത്ത ഭീഷണിക്കുമുന്നില്‍ കെപിസിസി മുട്ടുമടക്കി.ഇതിനാല്‍ നാളെ നടക്കാനിരുന്ന കെപിസിസിയുടെ പുനസംഘടിപ്പിച്ച ഭാരവാഹികളുടെ യോഗം മാറ്റി വെച്ചു. നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും, കൂട്ടികിഴിക്കലിനും ഒടുവില്‍ പുനസംഘടിപ്പിച്ച കെപിസിസിയുടെ ജംബോ കമ്മിറ്റിയാണ് നാളെ കൂടാനിരുന്നത്.

എന്നാല്‍ പുനസംഘടനയില്‍ കൂടിയാലോചന നടക്കാതെയാണ് കെപിസിസിയുടെ ജനറല്‍ സെക്രട്ടറിമാരെയും, വൈസ് പ്രസിഡന്റുമാരെയും നിശ്ചയിച്ചതെന്ന പരാതി സതീശനുണ്ട്.കൂടാതെ താന്‍ പറഞ്ഞ ആളുകളെ ഭാരവാഹികള്‍ ആക്കാഞ്ഞതിനും അദ്ദേഹത്തിന് കടുത്ത നീരസമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സതീശന്‍. അതിനാല്‍ നാളെ നടക്കുന്ന യോഗം ബഹിഷ്കരിക്കുമന്ന് കെപിസിസി പ്രസിഡന്റ് സണ്ണിജോസഫിന് വിളിച്ച സതീശന്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.

പുനസംഘടനയില്‍ പരാതി പരിഹരിക്കാതെ നേതൃത്വവുമായി സഹകരിക്കില്ലെെന്നും സതീശന്‍ തുറന്നു പറ‍ഞ്ഞിരിക്കുന്നു. കെപിസിസി സെക്രട്ടറിമാരെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെയും എത്രയും വേ​ഗം പ്രഖ്യാപിക്കണമെന്നും ഈ തീരുമാനമുണ്ടായില്ലെങ്കിൽ കെപിസിസിയുടെ പ്രധാനപ്പെട്ട പരിപാടികളുമായി സഹകരിക്കില്ലെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകി.

സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ സ്വാധീനം ഉറപ്പിക്കാനായി എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ പാര്‍ട്ടിയെ പിടിച്ചടിക്കൊണ്ടിരിക്കുകയാണ്.ഐഎന്‍ടിയുസി ഒഴികെ എല്ലാ പോഷകസംഘടനകളുടെ ഭാരവാഹികളും കെ സി വേണുഗോപാലിന്റെ പ്രതിനിധികളാണ്.രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതില്‍ കെസിയുടെ ഇടപെലുകളാണ്,അന്ന് സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെസി ‑വിഡി അച്ച്യുതണ്ട് സജീവമായിരുന്നു. എന്നാല്‍ കെപിസിസി പുനസംഘടനയോടു കൂടി ഇരുവരും രണ്ടു തട്ടിലായി. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇപ്പോള്‍ കെ സി വേണുഗോപാലിന്റെ വിശ്വസ്തനാണ്.

കെപിസിസിയുടെ വര്‍ക്കിംങ് പ്രസിഡന്റായി നിയമിച്ച എ പി അനില്‍ കുുമാറാണ് കെ സി വേണുഗോപാലിന്റെ കേരളത്തിലെ ഏറ്റവും വിശ്വസ്തന്‍. ഒരിക്കല്‍ അനില്‍ കുമാര്‍ സതീശനെ പരസ്യമായി വിമര്‍ശിച്ചതു തന്നെ കെസി , വിഡി അകല്‍ച്ചയുടെ ഭാഗമായിട്ടാണ്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ നോമിനിയായ അബിന്‍വര്‍ക്കിയെ മാറ്റി ഒ ജെ ജനീഷിനെ നിയമിച്ചതും, വര്‍ക്കിംങ് പ്രസിഡന്റായി ബിനുചുള്ളിയിലിനെ നിയമിച്ചതും കേരളത്തില്‍ കെ സി വേണുഗോപാല്‍ പിടിമുറക്കുന്നതിന്റെ ഭാഗമായിട്ടുവേണം കാണേണ്ടത്. ഏകപക്ഷീയമായി പട്ടിക പ്രഖ്യാപിച്ചതായും പാർട്ടിയിൽ പരാതി ഉയരുന്നുണ്ട്. കെപിസിസി പുനഃസംഘടനയിൽ നിന്ന് വിശ്വസ്തരെ വെട്ടിയതിൽ മുന്‍ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരനും, രമേശ് ചെന്നിത്തലയ്ക്കും അത്യപ്തിയുണ്ട്.

കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുകയാണ്. പരമ്പരാഗത എ, ഐ ഗ്രൂപ്പുകളും ശശി തരൂര്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയ നേതാക്കളും ഇപ്പോഴും പ്രതിഷേധത്തിലാണ്. ഇതിനിടെ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടരുകയാണ്. 

Exit mobile version