Site iconSite icon Janayugom Online

ശിവശക്തിയിലെ എട്ടുകാലിമമ്മൂഞ്ഞ്!

ദോഷം പറയരുതല്ലോ. നമ്മുടെ പ്രധാനമന്ത്രി മോഡി പലപ്പോഴും ഒരു സര്‍ക്കസ് കോമാളിയേയോ സിനിമയിലെ അടൂര്‍ ഭാസിയേയോ പോലെ നാട്ടാരെ തലയറഞ്ഞു ചിരിപ്പിക്കാറുണ്ട്. മണ്ടത്തരങ്ങളും വിടുവായത്തങ്ങളും വിളിച്ചുകൂവി ജനത്തെ ചിരിപ്പിക്കാന്‍ മന്‍ കി ബാത്ത് എന്നൊരു രാഷ്ട്രത്തോട് സംസാരിക്കുന്ന പരിപാടി തന്നെ മേല്‍പ്പടിയാന്‍‍ പടച്ചെടുത്തിരിക്കുന്നു. ചന്ദ്രനിലെ ദക്ഷിണ ധ്രുവപ്രദേശത്ത് നമ്മുടെ അഭിമാനഗോപുരങ്ങളായ ശാസ്ത്രജ്ഞര്‍ പേടകമിറക്കി പടമെടുപ്പും തുടങ്ങിയപ്പോള്‍ പ്രധാനമന്ത്രി ഗ്രീസില്‍ നിന്ന് നേരെ പറന്നെത്തിയത് ബംഗളൂരുവില്‍. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം തന്റെ വരവുതന്നെ വലിയൊരു സംഭവമാക്കാനുള്ള വരവ്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയായി ബംഗളൂരുവിലെ ബഹിരാകാശ കേന്ദ്രത്തിലേക്ക്. പക്ഷേ നിരത്തുവക്കില്‍ ഒരൊറ്റ മനുഷ്യനില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യപോലും പ്രോട്ടോകോളിന്റെ പേരില്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ എതിരേല്ക്കാനെത്തിയില്ല. ഒടുവില്‍ ആളില്ലാ നിരത്തില്‍ കൈവീശി ബഹിരാകാശ കേന്ദ്രത്തിലേക്ക്. അവിടെയെത്തി ചന്ദ്രയാന്‍ വിജയത്തിനു വേണ്ടി ഊണും ഉറക്കവുമൊഴിഞ്ഞ ശാസ്ത്ര പ്രതിഭകളെ നോക്കി പറഞ്ഞത് ബഷീറിയന്‍ കഥാപാത്രമായ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ. ശാസ്ത്രജ്ഞരുടെ വിജയം തന്റെ സര്‍ക്കാരിന്റെ ഇതിഹാസ വിജയമെന്ന്. അത് ഞമ്മളാണ് എന്ന മട്ടില്‍. പിന്നെ ചില നമ്പരുകള്‍. ലാന്‍ഡര്‍ ചന്ദ്രധ്രുവത്തിലിറങ്ങിയ സ്ഥലത്തിന് അങ്ങേര്‍ പേരിട്ടു; ശിവശക്തി.


ഇതുകൂടി വായിക്കൂ: അരചനെ കെടുത്തൊന്നും പറഞ്ഞീടൊല്ല !


ഫോട്ടോയില്‍ ആദ്യം പതിഞ്ഞ സ്ഥലം ചന്ദ്രമാതാ. പിന്നെയൊരു ദേശീയ ചന്ദ്രയാന്‍ ദിനപ്രഖ്യാപനവും. ശാസ്ത്രജ്ഞര്‍ക്ക് തങ്ങളുടെ വിജയപഥങ്ങള്‍ക്കുപോലും പേരിടാന്‍ അനുവാദമില്ലാത്ത അവസ്ഥ. എല്ലാ രാജ്യങ്ങളിലും ഇത്തരം നാമകരണങ്ങള്‍ നടത്തുന്നത് അതത് രാജ്യങ്ങളിലെ ശാസ്ത്രജ്ഞരോ ശാസ്ത്രസ്ഥാപനങ്ങളോ ആണ്. ഇവിടെ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞും! ഇനി ഭാവിയില്‍ ഇതേ പ്രദേശത്തിന് റഷ്യ ക്രെംലിനെന്നും യുഎസ്എ വൈറ്റ് ഹൗസെന്നോ ലിങ്കന്‍ലാന്‍ഡ് എന്നോ ചൈന മാവോലാന്‍ഡ് എന്നോ പേരിട്ടാല്‍ മോഡിയെന്തു ചെയ്യും. അവരുമായി യുദ്ധത്തിനിറങ്ങുമോ! ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിച്ചാല്‍ ഉണ്ട് എന്നുതന്നെയണ് മറുപടി. ചുക്കിന് ചുണ്ണാമ്പെന്ന് പേരിട്ടാല്‍ മതിയോ. അഞ്ജനത്തിന് മഞ്ഞള്‍ എന്നു നാമകരണം ചെയ്താല്‍ മതിയോ! കേരളമുണ്ടായിട്ട് 66 വര്‍ഷമായി. പക്ഷേ കഴിഞ്ഞയാഴ്ചവരെ നമ്മുടെ പൊന്നു കേരളത്തിന്റെ പേര് കേരളയെന്നായിരുന്നു. ഇപ്പോഴാണ് നമുക്കൊരു കേരളത്തെ കിട്ടിയത്. ട്രിവാന്‍ഡ്രം പണ്ടേ തിരുവനന്തപുരമായി. അതും നിയമസഭയില്‍ നടത്തിയ നാമകരണ കര്‍മ്മം. ബോംബെ മുമ്പേ തന്നെ മുംബൈയായി. മദ്രാസ് പണ്ടേ ചെന്നൈയായി. മദ്രാസ് പ്രസിഡന്‍സി തമിഴ്‌നാടായി. നാലഞ്ചു പേരുകളുമായി തമിഴകത്തെ തിരുച്ചിറപ്പള്ളി. സായിപ്പിട്ട പേര് ട്രിച്ചിയെന്നും ട്രിച്ചിനാപ്ലോയ് എന്നും. ചെന്തമിഴന് അതു തൃശ്ശിനാപ്പള്ളി. ഒറീസ ഇപ്പോള്‍ ഒഡിഷ. ആസാമിന്റെ പേര് കുറുകി അസം ആയി. പഴയ ബസ്താര്‍ ഇപ്പോള്‍ ഝാര്‍ഖണ്ഡ്. കാലത്തിനനുസരിച്ച് പേരുകളും മാറേണ്ടതല്ലേ. കഴിഞ്ഞ ദിവസം തിരുവിതാംകൂര്‍ കൊട്ടാരത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി തമ്പുരാട്ടിയും മറ്റും ചേര്‍ന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് ഒരു നിവേദനം സമര്‍പ്പിച്ചു. കേരള സര്‍വകലാശാലയുടെ പേര് തിരുവിതാംകൂര്‍ സര്‍വകലാശാലയെന്നാക്കണമെന്നായിരുന്നു അപേക്ഷ. അല്ലെങ്കില്‍ ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റി എന്നാക്കിയാലും മതി. അവിഭാജ്യ ഇന്ത്യയിലെ മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്നു തിരുവിതാംകൂറിലെ കോളജുകളെല്ലാം. കേരളത്തില്‍ മറ്റ് യൂണിവേഴ്സിറ്റികളൊന്നുമില്ലാതിരുന്ന കാലത്ത് അത് കേരളാ യൂണിവേഴ്സിറ്റിയായി. ഇന്ന് മുക്കിന് മുക്കിന് യൂണിവേഴ്സിറ്റികളായപ്പോള്‍ കേരളാ യൂണിവേഴ്സിറ്റിയില്‍ ചില ജില്ലകളിലെ കോളജുകള്‍ മാത്രം. യൂണിവേഴ്സിറ്റിയുടെ അധികാരപരിധി കുറഞ്ഞുവെങ്കിലും പേരില്‍ മാത്രം കേരള എന്ന ഗര്‍വ്! ഈ സര്‍വകലാശാല സ്ഥാപിച്ചത് തിരുവിതാംകൂറിലെ അവസാന മഹാരാജാവായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ. ഇന്ത്യയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്ര പ്രവേശന വിളംബരം നടത്തിയ നവോത്ഥാന നായകന്‍. എന്തുകൊണ്ട് കേരള സര്‍വകലാശാലയെ ശ്രീചിത്തിരതിരുനാള്‍ സര്‍വകലാശാല എന്നാക്കിക്കൂട. നമുക്ക് ഇപ്പോള്‍ത്തന്നെ മഹാത്മാഗാന്ധി സര്‍വകലാശാലയുണ്ടല്ലോ. ഗാന്ധിജി ഇന്ത്യന്‍ നവോത്ഥാനനായകനെന്ന് വിശേഷിപ്പിച്ച ചിത്തിരതിരുനാളിനും ഈ സര്‍വകലാശാല ഒരു സ്മാരകമായിരിക്കട്ടെ. മണി ആശാന്‍ പറഞ്ഞപോലെ സര്‍ സി പി രാമസ്വാമി അയ്യര്‍ കാട്ടിക്കൂട്ടിയ ചെറ്റത്തരങ്ങളുടെ പേരില്‍ ശ്രീചിത്തിരതിരുനാളിനെ ബലിയാടാക്കാന്‍ നമുക്ക് ചരിത്രം ചികയാതിരിക്കാം.


ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍


ശ്രീചിത്തിരതിരുനാളിന്റെ നന്മകള്‍ മറക്കാതിരിക്കാം. എന്തെങ്കിലും നല്ലൊരു വാര്‍ത്ത മോഡിയുടെയും ആദിത്യനാഥിന്റെയും യുപിയില്‍ നിന്ന് കേള്‍ക്കണമെങ്കില്‍ കാക്ക മലര്‍ന്നു പറക്കണം. വിദ്വേഷം, വര്‍ഗീയനരഹത്യകള്‍, മുസ്ലിം ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ബുള്‍ഡോസറുപയോഗിച്ച് ഇടിച്ചു നിരത്തല്‍, പീഡനക്കൊലകള്‍, എംപി തന്നെ നേരിട്ട് ഗുസ്തിതാരങ്ങളെ ബലാത്സംഗം ചെയ്യുക, കാലിവളര്‍ത്തുന്ന മുസ്ലിങ്ങളെ കശാപ്പുകാരനെന്നു മുദ്രകുത്തി പരസ്യമായി തല്ലിക്കൊല്ലുക തുടങ്ങി തിന്മകളുടെ ഇരുണ്ട വാര്‍ത്തകളല്ലാതെ ഏതെങ്കിലും നന്മനിറഞ്ഞ വാര്‍ത്ത യുപിയില്‍ നിന്ന് വന്നിട്ടുണ്ടോ. ഏറ്റവും ഒടുവിലിതാ മുസഫര്‍പൂരില്‍ മുസ്ലിം ബാലനെ സഹപാഠികളായ കുട്ടികളെക്കൊണ്ട് അധ്യാപികയായ തൃപ്തിത്യാഗി കരണത്തടിപ്പിച്ചുവെന്ന്. കഠിനമായി തല്ലാത്തവര്‍ക്കു ശകാരം. വശം കെട്ട കുട്ടിയെ തല്ലിയതു ന്യായീകരിച്ചുകൊണ്ട് ആ ‘അധ്യാപഹയ’ രാഹുലിനോടും ഖാര്‍ഗെയോടും വിശദീകരിക്കുന്നു’ എന്റെ കൈയ്ക്ക് സുഖമില്ലാതെ പോയി. ഇല്ലെങ്കില്‍ ഞാനവനെ ഇഞ്ചപ്പരുവമാക്കുമായിരുന്നു. തല്ലിച്ച തന്നെ തന്റെ ഗ്രാമവാസികളാകെ പിന്തുണയ്ക്കുന്നുവെന്ന് ഒരു ടിപ്പണിയും! ഈ വര്‍ഗീയ വിഷസര്‍പ്പത്തിനു ധൈര്യമേകുന്നത് മോഡിയും ത്യാഗിയും സംഘ്പരിവാറുമല്ലാതെ മറ്റാരാണ്. മാതൃകാധ്യാപികയ്ക്ക് മോഡി ഭാരതരത്നം നല്കി ആദരിക്കുന്നതിന് ഇനി തീയതി കുറിക്കുകയേവേണ്ടു.

Exit mobile version