Site iconSite icon Janayugom Online

അർജന്റീനയെ ഞെട്ടിച്ച് സൗദി: ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നില്‍ അര്‍ജന്റീന വീണു. ലോകത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലാറ്റിനമേരിക്കന്‍ ടീമായ അര്‍ജന്റീനയ്ക്ക് സൗദിയുടെ ഷോക്ക്. 2–1 ന് അര്‍ജന്റീനയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തില്‍ പരാജയം. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ആരാധകര്‍ക്ക് അല്പമെങ്കിലും ആശ്വസിക്കാനുള്ളത് നായകന്‍ ലയണല്‍ മെസിയുടെ ഏക ഗോള്‍ മാത്രമായിരുന്നു. പെനാല്‍റ്റിയില്‍ നിന്നും വലകുലുക്കി മെസി 10-ാം മിനിറ്റില്‍ ടീമിനെ മുന്നിലെത്തിച്ചു. എന്നാല്‍ പിന്നീട് ആദ്യപകുതിയില്‍ സൗദി, അര്‍ജന്റീനയെ ഓഫ്‌സൈഡ് കെണിയില്‍ കുരുക്കി. മൂന്നുതവണ ഗോള്‍ നേടിയിട്ടും നിഷേധിക്കപ്പെട്ടു. സൗദിയെ നിഷ്പ്രയാസം മറികടക്കാമെന്ന ധാരണയും അര്‍ജന്റീനയ്ക്ക് ആപത്തായി. ആദ്യപകുതിയില്‍ ഒരു ഗോള്‍ വഴങ്ങിയിട്ടും തിരിച്ചടിച്ച് സൗദി സ്വപ്നതുല്യമായ വീജയം നേടിയെടുക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ പത്തുമിനിറ്റിനുള്ളില്‍ രണ്ട് ഗോളുകളാണ് സൗദി അര്‍ജന്റീനയുടെ വലയിലെത്തിച്ചത്. സാലേ അല്‍ ഷഹ്‌രി, സാലേം അല്‍ ദൗസരി എന്നിവരായിരുന്നു സ്കോറര്‍മാര്‍. ഇതിന് ശേഷം അര്‍ജന്റീന ഉണര്‍ന്ന് കളിച്ചെങ്കിലും ഗോള്‍ മടക്കാനായില്ല. പ്രതിരോധക്കോട്ട കെട്ടിയ സൗദി താരങ്ങള്‍ രാജ്യത്തിന്റെ വീരനായകന്മാരായി. സൂപ്പര്‍താരങ്ങളെല്ലാം അണിനിരന്ന അതിശക്തമായ അര്‍ജന്റീന ടീം സൗദിക്കു മുന്നില്‍ വിറയ്ക്കുന്നത് ആരാധകര്‍ അവിശ്വസനീയതയോടെ കണ്ടിരുന്നു. നീലക്കടലായിരുന്ന ലുസെയ്‌ല്‍ സ്റ്റേഡിയം ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ നിശബ്ദതയിലാഴ്ന്നു. 2019ല്‍ ബ്രസീലിനോട് തോറ്റതിന് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ പരാജയം. 36 മത്സരങ്ങളുടെ അപരാജിത കുതിപ്പിനും ഇതോടെ അന്ത്യമായി. മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്കിനെ വിറപ്പിച്ച് നിര്‍ത്തി ടുണീഷ്യ സമനില പിടിച്ചു. ഗ്രൂപ്പ് ഡിയില്‍ ഇരുവരും കൊമ്പുകോര്‍ത്തപ്പോള്‍ ഗോള്‍രഹിത സമനിലയില്‍ മത്സരം അവസാനിച്ചു.

Exit mobile version