Site iconSite icon Janayugom Online

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍ സൗദി നീക്കി

ഹ‍ജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുമെന്ന് സൗദി അറേബ്യ. മൂന്ന് വര്‍ഷമായി ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളാണ് സൗദി എടുത്ത് മാറ്റുന്നത്. കോവിഡ് വ്യാപനം കാരണം ഏര്‍പ്പെടുത്തിയ തീര്‍ത്ഥാടകരുടെ പ്രായപരിധിയടക്കം പിന്‍വലിക്കുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീക്ക് അല്‍ റാബിയ അറിയിച്ചു. 

2022 ല്‍ 18 നും 65നും ഇടയില്‍ പ്രായമുള്ള വാക്സിന്‍ സ്വീകരിച്ച തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് സന്ദര്‍ശനം അനുവദിച്ചിരുന്നത്.
ഹജ് തീർത്ഥാടകർക്കുള്ള ഇൻഷുറൻസ് പോളിസി 109 റിയാലിൽ നിന്ന് 29 റിയാലായി കുറച്ചു. ഉംറ തീർത്ഥാടകർക്കുള്ള ഇൻഷുറൻസ് 235 റിയാലിൽ നിന്ന് 88 റിയാലായി കുറച്ചിട്ടുണ്ട്. ഉംറ വിസ 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ടെന്നും ഉംറ വിസയുള്ള ഏതൊരു തീർത്ഥാടകര്‍ക്കും രാജ്യത്തെ ഏത് നഗരവും സന്ദർശിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. 

26 ലക്ഷം ആളുകളാണ് കോവിഡ് വ്യാപനത്തിന് മുന്‍പ് 2019ല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയത്. മക്കയിലും മദീനയിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഈ മാസം 26 നാണ് ഹജ്ജ് തീര്‍ത്ഥാടനം ആരംഭിക്കുക. 

Eng­lish Summary;Saudi Ara­bia lifts restric­tions on Hajj pilgrims
You may also like this video

Exit mobile version