ഹൈവേകളിൽ ഒട്ടകങ്ങൾ റോഡ് മുറിച്ചുകടക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സൗദി അറേബ്യ. മരുഭൂമി പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പ്രധാന പാതകളിൽ ഒട്ടകങ്ങൾക്കായി പ്രത്യേകം പാലങ്ങളും ക്രോസിംഗുകളും നിർമിക്കുമെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് അറിയിച്ചു. ഒട്ടകങ്ങളെ കണ്ട് വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടുന്നതും നിയന്ത്രണം വിടുന്നതും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇത്തരം 426 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ അഞ്ച് പേർ മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്.
ഹൈവേകൾക്ക് മുകളിലൂടെയുള്ള പാലങ്ങൾ അല്ലെങ്കിൽ റോഡിന് താഴെയുള്ള പ്രത്യേക തുരങ്കങ്ങൾ വഴിയാകും ഒട്ടകങ്ങൾക്കായി പാതകൾ ഒരുക്കുക. റോഡിന്റെ ഇരുവശങ്ങളിലും കമ്പിവേലി കെട്ടി ഒട്ടകങ്ങളെ ഈ ക്രോസിംഗുകളിലേക്ക് തിരിച്ചുവിടും. നിലവിൽ 3,056 കിലോമീറ്റർ പാതകളിൽ വേലികളും 51 ഒട്ടക ക്രോസിംഗുകളും സൗദിയിലുണ്ട്. വരും വർഷങ്ങളിൽ ഇവയുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനാണ് അതോറിറ്റിയുടെ തീരുമാനം.

