Site iconSite icon Janayugom Online

ഇനി മൂന്ന് തരം പെട്രോളുകള്‍; വിതരണത്തിനൊരുങ്ങി സൗദി അറേബ്യ

വിവിധ തരം വാഹനങ്ങളുടെ എൻജിൻ ശേഷിക്കും പ്രവർത്തനത്തിനും അനുയോജ്യമായ രീതിയിൽ ഇനി മുതല്‍ മൂന്ന് തരം പെട്രോളുകൾ ലഭ്യമാകുമെന്ന് സൗദി അറേബ്യ. നിലവിലുള്ള 91, 95 ഒക്ടേൻ പെട്രോളുകൾക്ക് പുറമെ പുതുതായി 98 ഒക്ടേൻ പെട്രോൾ കൂടി ഈ ജനുവരി മാസം മുതൽ വിതരണത്തിനെത്തും. വാഹനങ്ങളുടെ വൈവിധ്യമാർന്ന എൻജിൻ സാങ്കേതികവിദ്യകളും പ്രകടന ആവശ്യകതകളും പരിഗണിച്ചാണ് ഉപഭോക്താക്കൾക്കായി കൂടുതൽ ഓപ്ഷനുകൾ ലഭ്യമാക്കുന്നത്.

കുറഞ്ഞതോ ഇടത്തരമോ ആയ മർദ്ദത്തിൽ പ്രവർത്തിക്കുന്ന ഭൂരിഭാഗം സാധാരണ എൻജിനുകൾക്കും അനുയോജ്യമായ ഇന്ധനമാണ് പെട്രോൾ 91. മികച്ച പ്രവർത്തനക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചെലവും ഇത് ഉറപ്പാക്കുന്നു. പെട്രോൾ 95 ഇടത്തരം മുതൽ ഉയർന്ന മർദ്ദത്തിൽ പ്രവർത്തിക്കുന്ന എൻജിനുകൾക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പെട്രോൾ 98 അതിവേഗ സ്പോർട്സ് കാറുകൾ പോലെയുള്ള ഉയർന്ന ആഭ്യന്തര മർദ്ദത്തിൽ പ്രവർത്തിക്കുന്ന എൻജിനുകൾ ലക്ഷ്യമിട്ടാണ് അവതരിപ്പിക്കുന്നത്. നിലവിലുള്ള ഇന്ധനങ്ങളുടെ വിതരണത്തെ ബാധിക്കാത്ത രീതിയിലാണ് പുതിയ 98 ഒക്ടേൻ പെട്രോൾ വിപണിയിലെത്തുന്നത്. ആദ്യഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നീ നഗരങ്ങളിലും ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലുമായിരിക്കും 98 ഒക്ടേൻ പെട്രോൾ ലഭ്യമാകുക. ഈ നഗരങ്ങളിലാണ് ഇത്തരം വാഹനങ്ങൾ കൂടുതലായുള്ളത് എന്നത് പരിഗണിച്ചാണ് ഈ തീരുമാനം.

Exit mobile version