അരനൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന ‘കഫാല സ്പോൺസർഷിപ്പ് സമ്പ്രദായം’ സൗദി അറേബ്യൻ സർക്കാർ ഔദ്യോഗികമായി അവസാനിപ്പിച്ചു. വിദേശ തൊഴിലാളികളുടെ താമസാനുമതിയേയും അവകാശങ്ങളെയും തൊഴിലുടമയുമായി ബന്ധിപ്പിച്ച ഈ പഴക്കമുള്ള സംവിധാനത്തിന് ഇതോടെ അന്ത്യമായി. ‘വിഷൻ 2030’ ന്റെ ഭാഗമായുള്ള ഈ സുപ്രധാന പരിഷ്കരണത്തിലൂടെ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് ഇനി തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനും രാജ്യം വിടാനും കഴിയും. തൊഴിലാളികളുടെ അന്തസ് വർദ്ധിപ്പിക്കുകയും ചൂഷണം കുറയ്ക്കുകയുമാണ് പുതിയ നടപടിയിലൂടെ സൗദി ലക്ഷ്യമിടുന്നത്.
‘സ്പോൺസർഷിപ്പ്’ എന്നർത്ഥം വരുന്ന കഫാല എന്ന അറബി വാക്ക് ഗൾഫിലെ ഒരു ജീവിതരീതിയെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഈ സമ്പ്രദായത്തിൽ, തൊഴിലുടമകൾക്ക് അവരുടെ ജീവനക്കാരുടെ ജീവിതത്തിന്മേൽ മിക്കവാറും പൂർണ്ണമായ നിയന്ത്രണമുണ്ടായിരുന്നു. ജീവനക്കാർക്ക് ജോലി മാറാനോ, രാജ്യം വിടാനോ, നിയമസഹായം തേടാനോ കഴിയുമോ എന്ന് തീരുമാനിച്ചിരുന്നത് തൊഴിലുടമയായിരുന്നു. പതിറ്റാണ്ടുകളായി ഈ ചട്ടക്കൂട് വ്യാപകമായ ചൂഷണങ്ങളുടെ ഉറവിടമായി മാറിയിരുന്നു. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ പാസ്‌പോർട്ടുകൾ പിടിച്ചെടുക്കാനും, വേതനം വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യാനും, സഞ്ചാരം നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു. പുതിയ നിയമം ഇത്തരം ചൂഷണങ്ങൾക്ക് തടയിടുമെന്നാണ് പ്രതീക്ഷ.

