Site iconSite icon Janayugom Online

സൗദി ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടന രജിസ്ട്രേഷന്‍ ആരംഭിച്ചു

ഹജ്ജ് നിര്‍വഹിക്കുന്ന സൗദി സ്വദേശികള്‍ക്കും, സൗദിയിലുള്ള വിദേശികള്‍ക്കും പങ്കെടുക്കുന്നതിനുള്ള ആഭ്യന്തര രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മുമ്പ് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്ത വ്യക്തികള്‍ക്കായിരിക്കും മുന്‍ഗണന. നുസുക് ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റ് വഴിയോ റംസാന്‍ ആറ് ആറ് മുതല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. മാര്‍ച്ച് മൂന്നു മുതലാണ് ഹജ്ജ് പാക്കേജുകള്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാകും. 

ബുക്കിങ്ങ് ശവ്വാല്‍ മാസാവസാനം വരെ നീണ്ടുനില്‍ക്കും.അപേക്ഷകർ കുറഞ്ഞത് 15 വയസ്സ് തികഞ്ഞവരായിരിക്കണം. എല്ലാ ആരോഗ്യ നിബന്ധനകളും പാലിച്ചിരിക്കണം. സൗദിയിൽ കഴിയുന്ന വിദേശികളായ താമസക്കാർക്ക്, സാധുവായ ഇഖാമ (റെസിഡൻസി പെർമിറ്റ്) ഉള്ളവരായിരിക്കണം. ഒരു വർഷം മുമ്പ് റെസിഡൻസി നൽകിയവർക്കായിരിക്കും മുൻഗണന.നുസുക് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ലൈസൻസുള്ള കമ്പനികൾ വഴി മാത്രമായി കരാർ നടത്തുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. 

ഹജ്ജ് പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷകർ സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കിയ ശേഷം അവരുടെ വിവരങ്ങൾ നൽകി യോഗ്യത ഉറപ്പ് വരുത്തണം. രജിസ്ട്രേഷൻ സമയത്ത് നൽകുന്ന മൊബൈലിൽ പാക്കേജ് ഫീ അടക്കാനുള്ള അറിയിപ്പ് ലഭിക്കും. ഡിജിറ്റൽ പേയ്മെൻ്റ് ചാനലായ സദാദ് സിസ്റ്റം വഴി പേയ്മെന്റ് പൂർത്തിയാക്കുന്നതോടെ ഹജ്ജ് പെർമിറ്റ് ഇഷ്യൂ ചെയ്യും. അപേക്ഷാ പ്രക്രിയകൾ പൂർണമായും ഓൺലൈൻ വഴിയായതിനാൽ തീർഥാടകർക്ക് എളുപ്പത്തിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.

Exit mobile version