Site iconSite icon Janayugom Online

സവർക്കർ പുരസ്കാരം; ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ടവരില്‍ എത്തിയത് എം ജയചന്ദ്രൻ മാത്രം

എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ സവർക്കർ പുരസ്കാരം ഏറ്റുവാങ്ങാൻ ശശി തരൂർ എത്തിയില്ല. പുരസ്കാരം ഏറ്റുവാങ്ങാൻ ആകെ എത്തിയത് എം ജയചന്ദ്രൻ മാത്രമാണ്. തരൂരിനോടൊപ്പം വി മുരളീധരൻ, റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങാൻ എത്തിയില്ല. പുരസ്കാരങ്ങൾ വിതരണം ചെയ്യേണ്ടിയിരുന്ന കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങും ചടങ്ങിൽ പങ്കെടുത്തില്ല. ദില്ലിയിലാണ് അവാര്‍ഡ് ദാന ചടങ്ങ് ന‌ടക്കുന്നത്.

ശശി തരൂര്‍ എംപിക്ക് സവര്‍ക്കര്‍ പുരസ്ക്കാരം പ്രഖ്യാപിച്ചതിനെ ചൊല്ലി വിവാദം ഉയർന്നിരുന്നു. സവര്‍ക്കറുടെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യയെന്ന സംഘടന മറ്റ് പലര്‍ക്കുമൊപ്പം ശശി തരൂരിനെയും തിരഞ്ഞെടുത്തത്. ഓപ്പറേഷന്‍ സിന്ദൂറിലെ നയതന്ത്ര യാത്രയിലടക്കം പങ്കെടുത്തത് പരിഗണിച്ചാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാല്‍, ഇങ്ങനെയൊരു പുരസ്കാരത്തെ കുറിച്ച് മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നാണ് തരൂര്‍ പറയുന്നത്. അവാര്‍‍ഡിന്റെ സ്വഭാവം എന്തെന്നോ തരുന്ന സംഘടന ഏതെന്നോ അറിവില്ലാത്തതിനാല്‍ ഈ അവാര്‍ഡ് വാങ്ങുമോയെന്ന ചോദ്യം ഉദിക്കുന്നില്ലെന്നും തരൂര്‍ എക്സില്‍ കുറിച്ചിരുന്നു. 

Exit mobile version