Site iconSite icon Janayugom Online

സവാള വട ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് വിലക്ക്

ആക്ഷേപഹാസ്യ പേജായ ദ സവാള വടയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ആക്ഷേപഹാസ്യ രൂപത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന പേജാണിത്. ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 85,000 ഫോളോവേഴ്സാണ് സവാള വടയ്ക്കുള്ളത്. കേരളത്തില്‍ നിന്നുള്ള 22 കാരനും സംഘവുമാണ് പേജിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം തങ്ങളെ നിരോധിച്ചുവെന്നും ഒടുവില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ അതിന്റെ ഒന്നാം പൊതുശത്രുവിനെ പരാജയപ്പെടുത്തിയെന്നും സവാള വട എക്സില്‍ കുറിച്ചു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സവാള വടയെന്ന അക്കൗണ്ടിന് നേരെ ചുറ്റിക ചൂണ്ടി നില്‍ക്കുന്ന ചിത്രവും സംഘം പോസ്റ്റ് ചെയ്തിരുന്നു. 

പത്രത്തിന്റെ ഒന്നാം പേജെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് സവാള വട ആക്ഷേപഹാസ്യ മീമുകള്‍ പോസ്റ്റ് ചെയ്തിരുന്നത്. സമകാലീന സംഭവങ്ങളും ഓണ്‍ലൈന്‍ ചര്‍ച്ചകളും അടിസ്ഥാനമാക്കിയായിരുന്നു പേജിലെ കണ്ടന്റുകള്‍. ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യയില്‍ അക്കൗണ്ട് തടയുന്നുവെന്നാണ് നിലവില്‍ പേജില്‍ കാണിക്കുന്നത്. വിവാദമായ സിനിമകള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, അസമിലെ വെള്ളപ്പൊക്കം, വിമാന ദുരന്തങ്ങള്‍, ഏറ്റവും കൂടുതല്‍ ദരിദ്രര്‍ അതിവസിക്കുന്ന രാജ്യം തുടങ്ങി ഇന്ത്യയെ ബാധിക്കുന്ന എല്ലാ വിഷയങ്ങള്‍ക്കെതിരെയും സവാള വട ആക്ഷേപഹാസ്യ രൂപത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. 2023 ജൂലൈ 12നാണ് സവാള വട എന്ന പേജ് ആരംഭിച്ചത്. സമകാലീന സംഭവങ്ങളെ ആക്ഷേപഹാസ്യ രൂപത്തില്‍ വിമര്‍ശിക്കുന്ന അമേരിക്കയിലെ ഡിജിറ്റല്‍ മീഡിയ കമ്പനിയായ ദ ഒനിയന്‍ എന്ന പേജില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടായിരുന്നു സവാള വടയുടെ ആരംഭം. 

Exit mobile version