Site iconSite icon Janayugom Online

ഹിരോഷിമ — നാഗസാക്കി പറയുന്നത്

ന്ത്യയെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് മാസം ത്യാഗത്തിന്റെയും സഹനത്തിന്റെയും ദീർഘപ്രയാണത്തിലൂടെ നാടിന്റെ കവർന്നെടുക്കപ്പെട്ട സ്വാതന്ത്ര്യവും മേൽവിലാസവും വീണ്ടെടുത്തതിന്റെ ഓർമ്മ പുതുക്കുന്ന മാസമാണ്. എങ്കിലും മനുഷ്യചരിത്രത്തിലെ ഏറ്റവും കറുത്ത അധ്യായങ്ങൾ കുറിച്ച മാസം കൂടിയാണ് ഓഗസ്റ്റ്. ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക ആണവ ബോംബുകൾ വർഷിച്ച്, ശരീരം മുഴുവനും വെന്തുപോയ മനുഷ്യരെയും, രോഗങ്ങളും ദുരിതങ്ങളും ബാധിച്ചവരെയും ബാക്കിയാക്കി രണ്ടു നഗരങ്ങൾ പൂർണമായും തകർത്ത മാസം.

രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്തിമഘട്ടം. യൂറോപ്പിൽ ഹിറ്റ്ലറുടെ ജർമ്മനി കീഴടങ്ങിയതോടെ യുദ്ധം ഏതാണ്ട് അവസാനിച്ചു എന്ന തോന്നലുണ്ടാക്കിയ സമയം. പസഫിക് മേഖലയിൽ ഇനിയും കീഴടങ്ങാൻ കൂട്ടാക്കാത്ത ജപ്പാനെ പരാജയപ്പെടുത്താനായി അമേരിക്ക കണ്ടെത്തിയ അവസാന മാർഗമായിരുന്നു ആണവായുധ പ്രയോഗം. 1945 ജൂലൈ 25ന് അമേരിക്കൻ വ്യോമസേനയുടെ പസഫിക് മേഖലാ കമാൻഡർ ജനറല്‍ കാൾ സ്പാർട്സിന് ജപ്പാനിലെ രണ്ടു നഗരങ്ങളിൽ ആറ്റംബോംബ് പ്രയോഗിക്കാനുള്ള നിർദേശം ലഭിക്കുന്നു. ഓഗസ്റ്റ് ആറ് രാവിലെ 8.15 പുലർച്ചെ ശാന്തസമുദ്രത്തിലെ മരിയാനാ ദ്വീപസമൂഹത്തിലെ ടിനിയൻ ദ്വീപിൽനിന്ന് എനോളഗെ ബി 29 എന്ന അമേരിക്കൻ ബോംബർ വിമാനം 1,500 മൈലുകൾക്കപ്പുറമുള്ള ജപ്പാനിലെ ഹോൺഷൂ ദ്വീപ്​ നഗരമായ ഹിരോഷിമ ലക്ഷ്യമാക്കി പറക്കുന്നു. സമുദ്രത്തോട് ചേർന്നുകിടക്കുന്ന 40,000ത്തോളം ജാപ്പനീസ് സൈനികർ ഉൾപ്പെടുന്ന സെക്കൻഡ് ജനറൽ ആർമിയുടെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന, ജപ്പാനിലെ നഗരമാണ് ഹിരോഷിമ. വിമാനത്തിന്റെ ഉൾവശത്ത്​ 12 സൈനികരും പുറത്ത് ഒരു കൊളുത്തിൽ തൂങ്ങിക്കിടക്കുന്ന സർവസംഹാരിയായ ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബും. ഇതൊന്നുമറിയാതെ പതിവുപോലെ ജോലിസ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന ഹിരോഷിമയിലെ സാധാരണ ജനങ്ങൾ. വ്യോമാക്രമണ ഭീഷണിയുടെ സൈറൺ കേട്ട് പലരും ഓടി ട്രഞ്ചുകളിൽ ഒളിച്ചു. വിമാനം ഹിരോഷിമ നഗരത്തിനു മുകളിലെത്തി. പൈലറ്റ് ബ്രിഗേഡിയർ ജനറൽ പോൾ ‘ലിറ്റിൽ ബോയെ’ വേർപെടുത്തി. ഹിരോഷിമ നഗരത്തിലെ ടി ബ്രിഡ്ജായിരുന്നു (‘T’ ആകൃതിയിലുള്ള പാലം) ലക്ഷ്യമെങ്കിലും അവിടെ നിന്നും 800 അടി മാറിയാണ് ബോംബ് പതിച്ചത്. 20,000 ടൺ ടിഎൻടി സ്ഫോടക ശേഷിയുള്ള യുറേനിയം ബോംബ് ഹിരോഷിമയുടെ 1,870 അടി ഉയരത്തിൽ വച്ച് പൊട്ടിത്തെറിച്ചു. 

സൂര്യന് തുല്യം ഉയർന്നു പൊങ്ങിയ തീജ്വാലകൾ ഹിരോഷിമ നഗരത്തെ ചാമ്പലാക്കി. പർവത സമാനമായ പുക കൂൺ ആകൃതിയിൽ 40,000 അടി ഉയരത്തിൽ വരെ ഉയർന്നുപൊങ്ങി. 1,000 അടി ഉയരം വരെ പൊടിപടലങ്ങൾ ചുഴറ്റിയടിച്ചു. ഒന്നര ലക്ഷത്തോളം ജനങ്ങൾ നിമിഷാർധം കൊണ്ട് ഇല്ലാതായി. 37,000ത്തോളം പേർക്ക് ആണവ വികിരണത്താൽ ഗുരുതരമായി പൊള്ളലേറ്റു. അന്ന് മരിക്കാതെ രക്ഷപ്പെട്ടവരും അവരുടെ പിൻതലമുറക്കാരുമായ നാല് ലക്ഷത്തിലധികം ജനങ്ങൾ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് പിന്നീട് മരിച്ചു. ഇന്നും മരിച്ചുകൊണ്ടേയിരിക്കുന്നു. ബോംബിൽ നിന്നുണ്ടായ സംഹാരശക്തി ഉല്പാദിപ്പിച്ചത് 35% ചൂട്, 50% കാറ്റ്, 15% അണുപ്രസരണം. ​അതിശക്തമായ ചൂടിൽ ഹിരോഷിമ ഉരുകിയൊലിച്ചു. ബോംബ് കരിച്ചുകളഞ്ഞത് 13 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ജനവാസമേഖലയെ. എന്നിട്ടും അടങ്ങാത്ത യുദ്ധാർത്തിയോടെ അമേരിക്കൻ പ്രസിഡന്റ് ട്രൂമാൻ ജപ്പാൻ ജനതയ്ക്കു നേരെ അലറി: “ഞങ്ങളുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഭൂമിയിൽ ഇന്നേവരെ കാണാത്ത നാശത്തിന്റെ ഒരു പെരുമഴ തന്നെ നിങ്ങൾ പ്രതീക്ഷിച്ചോളൂ”. മറുപടിയായി ജപ്പാനീസ് ചക്രവർത്തി ചില വ്യവസ്ഥകൾ മുന്നോട്ടുവച്ചു. അമേരിക്കയ്ക്ക് ആ വ്യവസ്ഥകൾ സ്വീകാര്യമായില്ല. 

മൂന്നു ദിവസങ്ങൾക്കുശേഷം ഓഗസ്റ്റ് ഒമ്പതിന് രാവിലെ 11 മണിയോടെ അമേരിക്ക നാഗസാക്കിയിൽ നടത്തിയ മനുഷ്യവേട്ടയിലൂടെ പ്രസിഡന്റ് ട്രൂമാന്‍ നേരത്തെ നല്‍കിയ മുന്നറിയിപ്പ് പോലെ ക്രൂരതയുടെ പെരുമഴ പെയ്തിറങ്ങി. ജപ്പാനിലെ കൊകുര പ്രദേശത്ത് അണുബോംബ് വീഴ്ത്താനായിരുന്നു ആദ്യ തീരുമാനം. കൊകുരയേക്കാൾ തെളിഞ്ഞ കാലാവസ്ഥ നാഗസാക്കിയിലായിരുന്നു. അങ്ങനെയാണ് ‘ബോക്സ്‌കാർ‘ എന്ന അമേരിക്കൻ ബോംബർ വിമാനം തെക്കൻ ജപ്പാനിലെ വലിയ തുറമുഖനഗരമായ നാഗസാക്കിയെ ലക്ഷ്യമാക്കിയത്. നാഗസാക്കിയിൽ വർഷിച്ച രണ്ടാമത്തെയും അവസാനത്തേതുമായ അണുബോംബിനിട്ട ഓമനപ്പേര് ‘ഫാറ്റ്മാൻ’ എന്നായിരുന്നു. 40,000 പേർ തൽക്ഷണം മരിച്ചു. പതിനായിരക്കണക്കിനു പേർ തുടർന്നുള്ള ദിവസങ്ങളിലും മാസങ്ങളിലുമായി പരിക്കുകളും രോഗങ്ങളും മൂലവും. രണ്ടു മൈൽ ചുറ്റളവിലുള്ള ഏതാണ്ട് എല്ലാം ഇല്ലാതായി. ഇങ്ങനെയാണ് കണക്ക്. സമ്പന്നമായ പൈതൃകവും സംസ്കാരവുമുള്ള നാഗസാക്കി നിമിഷങ്ങൾക്കകം നാമാവശേഷമായി. ഈ രണ്ട് ആക്രമണങ്ങൾ ജപ്പാനെ വ്യവസ്ഥകളില്ലാത്ത കീഴടങ്ങലിലേക്ക് എത്തിച്ചു. ഓഗസ്റ്റ് 15ന് ജപ്പാൻ ഭരണാധികാരി ഹിരോഹിതോ, റേഡിയോ പ്രക്ഷേപണത്തിലൂടെയാണ് തങ്ങൾ കീഴടങ്ങുകയാണെന്ന് അറിയിച്ചത്. ആറു വർഷം നീണ്ടുനിന്ന, സാധാരണക്കാരും സൈനികരുമടക്കം ലക്ഷക്കണക്കിന് പേർ കൊല്ലപ്പെട്ട രണ്ടാം ലോകയുദ്ധത്തിന് അന്ത്യം കുറിക്കാൻ ഈ രണ്ട് അതിഭീതിദമായ നരഹത്യകൾ കാരണമായി.

യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ജർമ്മനിയുടെ കീഴടങ്ങലോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിരുന്നു എന്നിരിക്കെ, ജപ്പാനിലെ രണ്ട് പ്രമുഖ നഗരങ്ങൾക്കു മേൽ അമേരിക്ക എന്തിനിങ്ങനെ സർവനാശം വിതച്ചു എന്ന ചോദ്യം പല ചരിത്ര നിരീക്ഷകരും ചോദിച്ചിട്ടുണ്ട്. അമേരിക്കയുടെ അടക്കാനാവാത്ത അധീശത്വ ദാഹം എന്നാണ് പലരും അതിന് കണ്ടെത്തിയ ഉത്തരം.
എല്ലാ യുദ്ധങ്ങൾക്കും പിന്നിൽ ഈ അധികാരാർത്തിയുണ്ട്. ഡൊണാൾഡ് ട്രംപിന്റെ അധീനതയിലുള്ള ഇന്നത്തെ യുഎസ് അതിന്റെ ഏറ്റവും മിഴിവാർന്ന തെളിവല്ലേ? ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ (Make Amer­i­ca Great Again — MAGA) എന്ന പേരിൽ ട്രംപ് കാണിച്ചു കൂട്ടുന്ന മാനവരഹിതമായ, ജനാധിപത്യ വിരുദ്ധമായ, അഹങ്കാരപൂർണമായ കളി ലോകരാഷ്ട്രങ്ങൾക്കുനേരെയുള്ള വിരട്ടലല്ലേ? സാധാരണ മനുഷ്യർ സമാധാനം ആഗ്രഹിക്കുമ്പോൾ, സൂപ്പർ പവർ എന്ന മദം പെരുത്ത ഇത്തരം അഭിനവ മഹാരാജാക്കാന്മാർക്കും ലാഭക്കൊതിയന്മാർക്കും യുദ്ധം, ആയുധം, ലാഭം ഇവയൊക്കെയാണ് പ്രിയം. 

Exit mobile version