Site iconSite icon Janayugom Online

എസ്ബിഐ സത്യവാങ്മൂലം; വിറ്റത് 22,217 ഇലക്ടറല്‍ ബോണ്ടുകള്‍

electoral bondelectoral bond

2019 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി 15 വരെ 22,217 ഇലക്ടറല്‍ ബോണ്ടുകള്‍ വിറ്റഴിച്ചതായി എസ്ബിഐ സുപ്രീം കോടതിയില്‍ അറിയിച്ചു. ഇതില്‍ 22,030 ബോണ്ടുകള്‍ പാര്‍ട്ടികള്‍ പണമാക്കി മാറ്റിയതായും ബാങ്ക് ചെയര്‍മാൻ ദിനേഷ് കുമാര്‍ ഖാര സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. ബാക്കിയുള്ള 187 എണ്ണം പണമാക്കി നിയമാനുസൃതമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിച്ചതായും ബാങ്ക് വ്യക്തമാക്കി.
പെൻഡ്രൈവിലാക്കിയാണ് എസ്ബിഐ വിവരങ്ങള്‍ നല്‍കിയത്. രണ്ട് പിഡിഎഫ് ഫയലുകളായി പാസ്‌വേഡ് സുരക്ഷയോടെയാണ് ഫയലുകള്‍ സമര്‍പ്പിച്ചത്. ബോണ്ട് വാങ്ങിയ തീയതി, വാങ്ങിയ വ്യക്തി, എത്ര രൂപയുടെ ബോണ്ടാണ് വാങ്ങിയത് തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാക്കിയതായി എസ്ബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു. ബോണ്ട് പണമായി മാറ്റിയ തീയതി, പണം ലഭിച്ച രാഷ്ട്രീയ പാര്‍ട്ടി, ഓരോ പാര്‍ട്ടിക്കും എത്ര രൂപയുടെ ബോണ്ടുകളാണ് ലഭിച്ചത് തുടങ്ങിയ വിവരങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. 

2019 ഏപ്രില്‍ ഒന്ന് മുതല്‍ 11 വരെ 3,346 ബോണ്ടുകളാണ് വിറ്റത്. ഇതില്‍ 1,609 എണ്ണം പണമാക്കി മാറ്റി. 2019 ഏപ്രില്‍ 12 മുതല്‍ ഈ വര്‍ഷം ഫെബ്രുവരി 15 വരെ 18,871 ബോണ്ടുകള്‍ വിറ്റഴിക്കുകയും 20,421 എണ്ണം പണമാക്കി മാറ്റുകയും ചെയ്തു. എന്നാല്‍ ബോണ്ടുകള്‍ ഏതുപാര്‍ട്ടിക്കാണ് ലഭിച്ചതെന്ന് സൂചിപ്പിക്കുന്ന പ്രത്യേക കോഡ് എസ്ബിഐ ഒഴിവാക്കി. തെരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങള്‍ കൈമാറിയ കത്തിന്റെ പകര്‍പ്പും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി 15ലെ വിധി പ്രഖ്യാപനത്തില്‍ സുപ്രീം കോടതി ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്മാരുടെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഉത്തരവിട്ടിരുന്നു. ഇലക്ടറല്‍ ബോണ്ട് നിര്‍ത്തലാക്കാനും സംഭാവനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭ്യമാക്കാനും കമ്മിഷൻ അത് പരസ്യപ്പെടുത്താനും കോടതി നിര്‍ദേശിച്ചിരുന്നു. ഈ മാസം ആറാണ് ഇതിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. കമ്മിഷൻ 13 നുള്ളില്‍ ഇത് പ്രസിദ്ധപ്പെടുത്തണമെന്നും കോടതി അറിയിച്ചിരുന്നു. 

എന്നാല്‍ സമയപരിധി ജൂണ്‍ 30വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഹര്‍ജി നല്‍കി. തിങ്കളാഴ്ച എസ്ബിഐയുടെ ഹര്‍ജി തള്ളിയ കോടതി ചൊവ്വാഴ്ച വിവരം ലഭ്യമാക്കണമെന്നും അന്നേ ദിവസം അഞ്ചുമണിക്ക് മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷൻ രേഖകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതോടെയാണ് കഴിഞ്ഞദിവസം എസ്ബിഐ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്. 

പ്രത്യേക സമിതി രൂപീകരിക്കും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം ഇലക്ടറല്‍ ബോണ്ടിലെ വിവരങ്ങള്‍ ചൊവ്വാഴ്ച എസ്ബി­ഐ കമ്മിഷന് കൈമാറിയിരുന്നു. ഡിജിറ്റല്‍ രൂപത്തില്‍ നല്‍കിയ വിവരങ്ങള്‍ ക്രോഡീകരിച്ച് 15നുള്ളില്‍ പ്രസീദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന് വെല്ലുവിളിയായേക്കും. എന്നാല്‍ കൃത്യസമയത്തുതന്നെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ ശ്രീനഗറില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Eng­lish Sum­ma­ry: SBI Affi­davit; Sold 22,217 Elec­toral Bonds

You may also like this video

Exit mobile version