Site iconSite icon Janayugom Online

രാഹുല്‍ കേസിലെ കാണാപ്പുറങ്ങള്‍

ഗുജറാത്ത് ഹൈക്കോടതി അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമര്‍പ്പിച്ച അപ്പീൽ ഓഗസ്റ്റ് നാലിന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോ‍ഡിയോട് പ്രതികരണം തേടുകയും ചെയ്തു. മോഡിയുടെ പരാതിയിലാണ് രാഹുലിന് രണ്ടു വര്‍ഷം ശിക്ഷ ലഭിച്ചതും എംപി സ്ഥാനം ത്രിശങ്കുവിലായതും.
കോടതി വിധികളിൽ ക്രമങ്ങളും മാതൃകകളും കണ്ടെത്തുക എളുപ്പമല്ല. എന്നാൽ താരതമ്യപ്പെടുത്താവുന്ന വിധികളിൽ പൊതുധാര കണ്ടെത്താനാകും. സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിക്കാൻ വിസമ്മതിച്ച ഗുജറാത്ത് ഹൈക്കോടതിയുടെ വിധി മറികടന്നത് ജസ്റ്റിസ് ഗവായ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ചായിരുന്നു. സുപ്രീം കോടതി അവർക്ക് സ്ഥിരജാമ്യം അനുവദിച്ചു. ടീസ്റ്റ കേസിൽ ജസ്റ്റിസുമാരായ ബി ആർ ഗവായ്, എ എസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് നിരവധി ചോദ്യങ്ങൾ ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട് ഉന്നയിച്ചു. മൂര്‍ച്ചയേറിയതും നിര്‍ണായകവുമായിരുന്നു പലതും. പശ്ചാത്തലം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ രണ്ടു കേസുകളും തമ്മില്‍ താരതമ്യങ്ങൾക്ക് സാധ്യത കാണാം.


ഇതുകൂടി വായിക്കൂ:  നെഹ്രുവില്‍ നിന്ന് മോഡിയിലെത്തുമ്പോള്‍


രാഹുൽ ഗാന്ധിയുടെ ഹര്‍ജിയിലെ നടപടിക്രമങ്ങൾക്കിടെ ജസ്റ്റിസ് ഗവായ് നടത്തിയ ചില പരാമർശങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. 100ലധികം പേജുകളുള്ള ഗുജറാത്ത് ഹൈക്കോടതിയുടെ വിശദമായ ഉത്തരവിനെക്കുറിച്ച് ‘ഗുജറാത്ത് ഹൈക്കോടതിയിൽ കാണുന്ന പ്രത്യേകത’ എന്നായിരുന്നു വിശേഷിപ്പിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് പരസ്പര വിരുദ്ധമെന്ന് ടീസ്റ്റ സെതൽവാദ് ഹർജിയിൽ ജസ്റ്റിസ് ഗവായ് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. ജാമ്യത്തിന്റെ ഘട്ടത്തിൽ പ്രഥമദൃഷ്ട്യാ കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഗുജറാത്ത് ഹൈക്കോടതിയാകട്ടെ കുറ്റപത്രത്തിലെ തെളിവുകൾ വിശദമായി ചർച്ച ചെയ്തു. “ഉത്തരവിന്റെ ഒരു ഭാഗം അവഗണിക്കുകയും വേറൊരു ഭാഗം മാത്രം പരിഗണിക്കുകയും ചെയ്യുന്നതെങ്ങനെ? സ്വാഭാവികമായും അപ്പോള്‍ മുഴുവൻ ഉത്തരവും അവഗണിക്കേണ്ടിവരും”ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി.


ഇതുകൂടി വായിക്കൂ:  ഏകീകൃത സിവിൽകോഡ് മോഡിയുടെ ക്ഷുദ്രബുദ്ധി


കുറ്റപത്രം റദ്ദാക്കാൻ ഹര്‍ജിക്കാരൻ അപേക്ഷിക്കാതിരുന്നത് കുറ്റങ്ങൾ സമ്മതിച്ചതായി കരുതണം എന്ന സമീപനത്തിലായിരുന്നു ഹൈക്കോടതിയുടെ വിധി. എഫ്ഐആറിനെ ചോദ്യം ചെയ്യാത്തതു കൊണ്ടാണ് ടീസ്റ്റ കുറ്റക്കാരി എന്നായിരുന്നു കണ്ടെത്തല്‍. പക്ഷെ, വിധിയുടെ ഒരു ഭാഗം ശരിയല്ലെങ്കില്‍ ശിഷ്ടവും അസാധുവാകുമെന്നാണ് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടിയത്. ഒരു പ്രത്യേക കേസിൽ നടത്തിയ വ്യാഖ്യാനം ഉചിതമല്ലെങ്കില്‍, ഇതേനിലപാടില്‍ മറ്റൊരു കേസിനെ സമീപിച്ചാലും തെറ്റായ വ്യാഖ്യാനത്തിന് സാധ്യതയുണ്ടെന്നായിരുന്നു വിശകലനം. ഇത് രാഹുൽ ഗാന്ധിയുടെ ഹര്‍ജി അദ്ദേഹത്തിന് അനുകൂലമായി അവസാനിക്കുന്നതിനുള്ള സാധ്യതയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
രാഹുലിന്റെ ശിക്ഷ ശരിവച്ചുള്ള വിധിയില്‍ ജസ്റ്റിസ് ഹേമന്ത് പ്രച്ഛകിന്റെ ചില പരാമർശങ്ങളും സ്റ്റേ നൽകാനുള്ള വിസമ്മതവും ഇതിനകം വിവാദമായിക്കഴിഞ്ഞു. ശിക്ഷാവിധി സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുൽ ഗാന്ധിയോട് ഒരു അനീതിയും ഉണ്ടാകില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ അപമാനകരമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. രാഹുലിനെതിരെ കുറഞ്ഞത് 10 ക്രിമിനൽ കേസുകളെങ്കിലും നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി, രാഷ്ട്രീയത്തിൽ ശുദ്ധി പാലിക്കേണ്ടത് അത്യന്താപേക്ഷിതമെന്ന് ഉപദേശിച്ചു. ‘രാഹുലിനെതിരെ കൂടുതല്‍ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. വീർ സവർക്കറുടെ ചെറുമകൻ ഫയൽ ചെയ്ത കേസും ഉള്‍പ്പെടുന്നു’, ഗുജറാത്ത് ജഡ്ജി കൂട്ടിച്ചേർത്തു. ‘ശിക്ഷ അനീതിക്ക് കാരണമാകില്ല. അത് ന്യായവും ഉചിതവുമാണ്. ഉത്തരവിൽ ഇടപെടേണ്ട കാര്യമില്ല. അതിനാൽ, അപേക്ഷ തള്ളുന്നു‘വെന്നാണ് ഹെെക്കോടതി പറഞ്ഞിരുന്നത്.

Exit mobile version